സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും മറ്റു ചിലര്‍ക്കുമെതിരെ സ്വപ്ന സുരേഷ് നടത്തിയ അതീവ ഗുരുതരമായ വെളിപ്പെടുത്തലിനെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ ദുഷ്ടലാക്കിന് തെളിവാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിലും ആരോപണ വിധേയനായ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി. ജലീലിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും, പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കിയിരിക്കുന്നതും. ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്താവുന്ന വകുപ്പുകളില്‍ കേസെടുത്തിരിക്കുന്നത് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉദ്ദേശ്യശുദ്ധിയില്ലെന്ന് വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരാണ് ഗൂഢാലോചന നടത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് സംഭവം വെളിപ്പെട്ടതു മുതല്‍ ആജ്ഞാനുവര്‍ത്തികളായ പോലീസുകാരെ ഉപയോഗിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ചെറുക്കാനും, സത്യം പുറത്തുവരാതിരിക്കാനും ശ്രമിച്ചത് സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നയതന്ത്ര ബാഗേജിലൂടെ നടന്ന സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയാണ് സ്വപ്ന സുരേഷ്. ഈ വിവരങ്ങള്‍ ഒരുവിധത്തിലും പുറത്തുവരാതിരിക്കാന്‍ പോലീസിനെ ഉപയോഗിക്കുകയായിരുന്നു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായിക്ക് പങ്കില്ലെന്ന് സ്വപ്നയെക്കൊണ്ട് പറയിപ്പിച്ച്, ആ ശബ്ദരേരേഖ പുറത്തുവിട്ടത് പോലീസായിരുന്നുവല്ലോ.
സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന ആദ്യമായല്ല പറയുന്നത്. കസ്റ്റംസ് എടുത്ത കേസില്‍ ഇതുസംബന്ധിച്ച് അവര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാവാത്തതിനാലാണ് വീണ്ടും കോടതിയെ സമീപിച്ച് താന്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് സ്വപ്ന പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിലെ ചില ‘ചുവന്ന ഉദ്യോഗസ്ഥര്‍’ വിവരങ്ങള്‍ ചോര്‍ത്തിയത് വിവാദമാവുകയും, ഇക്കൂട്ടരെ സ്ഥലംമാറ്റുകയും മറ്റും ചെയ്തതാണല്ലോ. നേരത്തെ നല്കിയ മൊഴിയില്‍നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ പേരും പുതിയ മൊഴിയില്‍ സ്വപ്ന പറയുന്നതാണ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നത്. കസ്റ്റംസിന്റെ കേസിലെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിക്കുന്നത് കോടതി വഴി സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇനി അതിന് കഴിയില്ല. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയുടെ രഹസ്യമൊഴി ഇഡിക്ക് ലഭിക്കും. അതില്‍ പേരു പരാമര്‍ശിക്കുന്നവരെ വിളിച്ചുവരുത്താനും കഴിയും. കള്ളപ്പണക്കേസില്‍ രാജ്യത്തെ പല വമ്പന്മാരെയും ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുണ്ടായി. ഇവരില്‍ പലരും ഇപ്പോള്‍ ജയിലിലുമാണ്. ഈ ഭയം മുഖ്യമന്ത്രിയെയും കൂട്ടാളികളെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. കേസില്‍ കുടുങ്ങാനിടയുള്ള കെ.ടി.ജലീലിനെപ്പോലുള്ളവരുടെ ഐക്യപ്രഖ്യാപനംകൊണ്ടൊന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല.
മുഖ്യമന്ത്രി ആരോപണ വിധേയനായ ലൈഫ് മിഷന് അഴിമതിക്കേസില്‍ ക്രൈംബ്രാഞ്ചിനെ ഇറക്കി തെളിവു നശിപ്പിക്കാനും, സിബിഐ അന്വേഷണത്തെ ചെറുക്കാനും ശ്രമിച്ചതുപോലെയാണ് സ്വര്‍ണക്കടത്തുകേസിലും പോലീസിനെ ദുരുപയോഗിച്ചത്. ഈ കേസില്‍ കസ്റ്റഡിയിലിരിക്കെ ഒരു പോലീസുദ്യോഗസ്ഥന് അനുകൂലമായ മൊഴി നല്കാന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആ പോലീസുദ്യോഗസ്ഥന്റെ പേരു സഹിതം സ്വപ്ന വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ കേസില്‍ ആജ്ഞാനുവര്‍ത്തികളായ പോലീസുദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ സ്വകാര്യ സേനയെപ്പോലെയാണ് പെരുമാറിയിട്ടുള്ളത് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, കേസിലെ മറ്റൊരു പ്രതിയായ സരിത്തിനെ പാലക്കാട് അയാള്‍ താമസിക്കുന്നയിടത്തുനിന്ന് തട്ടിക്കൊണ്ടുപോയതും, ഫോണ്‍ പിടിച്ചുവാങ്ങിയതും ഇതില്‍പ്പെടുത്താം. സ്വപ്നയെ എങ്ങനെയും കസ്റ്റഡിയിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജാമ്യം ലഭിക്കാവുന്ന കേസാണ് എന്നു പറഞ്ഞ് സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തത് ഒരു അടവുനയം മാത്രമാണ്. സ്വപ്ന അറസ്റ്റിലായാല്‍ പോലീസ് തനിനിറം കാണിക്കും. പിന്നീട് എന്തു ചെയ്യണമെന്ന് പിണറായി തീരുമാനിക്കും. നിയമം നോക്കുകുത്തിയാവും. തീര്‍ച്ചയായും ഒരു മരണക്കളിയാണ് മുഖ്യമന്ത്രി നടത്തുന്നത്. അതിനൊന്നും കയ്യറപ്പുള്ള ആളല്ല താനെന്ന് ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ടല്ലോ. നിയമവാഴ്ചയില്‍ വിശ്വസിക്കുകയും ജനവികാരം മാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഇതില്‍നിന്ന് പിന്മാറണം. അധികാരത്തില്‍നിന്ന് മാറി നിന്ന് നിഷ്പക്ഷ അന്വേഷണത്തിന് അവസരമൊരുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: