കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജില്ലയില്‍ കടലില്‍ പോയ എല്ലാ ബോട്ടുകളും അഴീക്കല്‍, ആയിക്കര, പുതിയങ്ങാടി, തലായി തുടങ്ങിയ ഹാര്‍ബറുകളില്‍ ഇന്നലെതന്നെ തിരിച്ചെത്തി. തീരത്തുണ്ടായിരുന്ന 400ഓളം കര്‍ണാടക ബോട്ടുകള്‍ ഇന്നലെ തീരം വിട്ടു. ഏതാനും നാടന്‍ ബോട്ടുകള്‍ അഴീക്കല്‍ ജെട്ടിയിലുണ്ട്. ഇനി മുന്നോട്ടുള്ള ഒന്നരമാസക്കാലത്തിലേറെ എങ്ങനെ കഴിഞ്ഞുകൂടുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. ജൂലായ് 31 വരെയാണ് മത്സ്യബന്ധനത്തിന് യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്തുന്ന ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മത്സ്യങ്ങളുടെ പ്രത്യുല്പാദനം വര്‍ധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിങ് നിരോധനവുമായി സഹകരിക്കാന്‍ മത്സ്യത്തൊഴിലാളികളെല്ലാം തയ്യാറാണ്. എന്നാല്‍ വരുന്ന 52 ദിവസം എങ്ങനെ ജീവിതം പിടിച്ചുനിര്‍ത്തുമെന്ന് പലര്‍ക്കും അറിയില്ല. എല്ലാ വര്‍ഷങ്ങളിലും ലഭിക്കുന്ന സൗജന്യ റേഷന്‍ ലഭിക്കുമായിരിക്കുമെന്ന ആശ്വാസം മാത്രമേയുള്ളു ഇവര്‍ക്ക്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ തൊഴിലാളികള്‍ പട്ടിണിയിലാകും.
ട്രോളിങ് കാലത്ത് മാത്രമല്ല, മറ്റുള്ള എല്ലാ സമയങ്ങളിലും മത്സ്യതൊഴിലാളികള്‍ക്ക് പറയാനുള്ളത് കഷ്ടപ്പാടിന്റെയും വറുതിയുടെയും നാളുകളെകുറിച്ച് തന്നെയാണ്. ട്രോളിങിന് മുമ്പ് തന്നെ പല ബോട്ടുകളും തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം മത്സ്യകുറവാണ് ഇത്തവണ അനുഭവപ്പെട്ടതെന്ന് ബോട്ടുടമകള്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനമാണ് വറുതിക്ക് പിന്നിലെ വില്ലനെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കടലിലേക്ക് പോകാന്‍ ഒരു ദിവസം 300 ലിറ്റര്‍ ഡീസല്‍ വേണ്ടി വരും, ഒപ്പം 2000 രൂപയുടെ റേഷനും 20 ബ്ലോക്ക് ഐസും ആവശ്യമാണ്. ഒരു ബ്ലോക്ക് ഐസിന് 80 രൂപയാണ് വില. ഒരു ദിവസം തന്നെ പോയി വരുമ്പോള്‍ 50,000 രൂപയ്ക്കടുത്ത് ചിലവ് വരുന്നുണ്ട്.
ചില ബോട്ടുകള്‍ അഞ്ചും ആറും ദിവസം കഴിഞ്ഞാണ് തിരിച്ച് വരുന്നത്. എന്നാല്‍ കടലില്‍ നിന്നും വെറും കൈയോടെ മടങ്ങിവരുമ്പോള്‍ ഇവര്‍ക്കുണ്ടാകുന്നത് ലക്ഷങ്ങളുടെ നഷ്ടം മാത്രമാണ്. മാത്രമല്ല, കടലില്‍ നിന്നും ലഭിക്കുന്ന മത്സ്യത്തിന് ആഭ്യന്തര വിപണിയില്‍ വാങ്ങാന്‍ ആളില്ലാത്തതും മൊത്തവിതരണക്കാര്‍ വാങ്ങാന്‍ തയ്യാറാവാത്തതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. ലഭിക്കുന്ന മത്സ്യത്തിന് മൊത്ത വില്‍പ്പനക്കാരില്‍ നിന്നും പ്രതീക്ഷിച്ച വിലയും ലഭിച്ചില്ല. ഒരു വര്‍ഷം ഒരു ബോട്ടിന് ക്ഷേമനിധിയില്‍ 6000 രൂപയും ലൈസന്‍സ് ഇനത്തില്‍ 2000 ല്‍ അധികം രൂപയും ഇവര്‍ സര്‍ക്കാരിലേക്ക് അടക്കുന്നുണ്ട്. എന്നാല്‍ വറുതി കാലത്ത് സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയാണ് ഇവര്‍ക്ക്.
ജില്ലയില്‍ ബയോമെട്രിക് കാര്‍ഡുടമകളായ മത്സ്യത്തൊഴിലാളികളുടെ എണ്ണം ആറായിരത്തോളമാണ്. എന്നാല്‍ കാര്‍ഡില്ലാത്തവരുടെ കണക്കെടുപ്പ് നടത്തിയാല്‍ അതിനിയും കൂടും. 1,200ഓളം പരമ്പാഗത വള്ളങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോകുന്നത്. 250നടുത്ത് ട്രോളിങ് ബോട്ടുകളും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വന്നെങ്കിലും വീണ്ടും കടലില്‍ പോയിത്തുടങ്ങിയത് 100 ബോട്ടുകളും ചുരുക്കം ചില വള്ളങ്ങളും മാത്രമാണ്. ട്രോളിങ് നിരോധനത്തോടെ ഇവര്‍ക്കിനി പണിയില്ല. അല്ലെങ്കില്‍ തന്നെ പല കാരണങ്ങളാല്‍ മത്സ്യലഭ്യത വളരെ കുറവായിരുന്നു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 രൂപ ഇനിയും പലര്‍ക്കും കിട്ടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: