ആദിത്യ തളിയാടത്ത്
കോഴിക്കോട്: ബേപ്പൂരിന്റെ ഉരുനിര്‍മാണ പാരമ്പര്യത്തെ പുതുതലമുറയിലേക്ക് പകരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രവും ഇതിന്റെ ഭാഗമായി ആരംഭിച്ച ഉരുനിര്‍മാണവും പാതിവഴിയില്‍ ഒടുങ്ങി. 2009 ആഗസ്തിലാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്റ്റഡീസിന്റെ കീഴില്‍ ബേപ്പൂരില്‍ പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ആരംഭിച്ചത്. സാംസ്കാരിക വകുപ്പ് കൊട്ടിഘോഷിച്ച് തുടങ്ങിയ പഠന കേന്ദ്രം അടച്ചുപൂട്ടിയതിന് പിന്നാലെ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മാണം ആരംഭിച്ച ഉരുവും നീറ്റിലിറക്കാന്‍ കഴിയാതെ നശിക്കുന്നു.
സ്വകാര്യ ലോഡ്ജ് വാടകക്കെടുത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായാണ് ബിസി റോഡില്‍ ‘സംബൂക്ക്’ ഇനത്തില്‍പ്പെട്ട ഉരു നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഫണ്ട് ലഭിക്കാതായതിനാല്‍ ആദ്യ ബാച്ച് പഠനം പൂര്‍ത്തിയാക്കിയതോടെ പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം പാതിവഴിയില്‍ നിലച്ചു. പുതിയ ബാച്ച് തുടങ്ങാന്‍ പണം ലഭിക്കാത്തതിനാല്‍ അപേക്ഷ ക്ഷണിച്ചില്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് ബിസി റോഡിലെ ചീര്‍പ്പ് പാലത്തിനരികെ ചാലിയാര്‍ കൈവഴിയോരത്ത് ആരംഭിച്ച ഉരുനിര്‍മാണവും അവതാളത്തിലായി. പരിശീലനാവശ്യത്തിന് 20 ലക്ഷം രൂപയും ഉരുനിര്‍മാണത്തിന് 50 ലക്ഷം രൂപയുമാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ചത്.
2010 സപ്തംബര്‍ 15ന് കുട്ടികള്‍ക്ക് പൗരാണിക കപ്പല്‍ പഠനത്തില്‍ ബിരുദാനന്തര കോഴ്സും പ്ലസ്ടു പാസായ 15 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് പൂര്‍ത്തിയായത്. ഇതിനുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ക്കും അക്കൗണ്ടന്റിനും ഉരുനിര്‍മാണ ശാലയിലെ കാര്‍പെന്റര്‍ക്കും വാച്ച്മാനും മാസങ്ങളോളം ശമ്പളം നല്‍കിയെങ്കിലും കപ്പല്‍നിര്‍മാണ പഠനമോ ഉരുനിര്‍മാണമോ ഇവിടെ നടന്നില്ല. സാംസ്കാരിക വകുപ്പില്‍നിന്ന് ഗ്രാന്റായി ലഭിച്ച തുകയായതിനാല്‍ തുടര്‍ന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കാനും ഉരുനിര്‍മാണം പൂര്‍ത്തീകരിക്കാനും
ഗ്രാന്റ് ലഭിക്കുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍. അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി തന്നെ സ്ഥാപനത്തിന്റെ പ്രതിസന്ധിയും ഉരുനിര്‍മാണം നിലച്ചതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. സാംസ്കാരിക വകുപ്പ് മന്ത്രിയെ കണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് കാര്യങ്ങളുടെ ഗൗരവാവസ്ഥ ധരിപ്പിച്ചിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഡോ. കെ.കെ.എന്‍. കുറുപ്പ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം രാജിവെച്ചു. ഡോ. എം.ജി.എസ്. നാരായണനെ ഡയറക്ടര്‍ ജനറലായി നിയമിച്ചെങ്കിലും പിന്നീട് നടപടികളുണ്ടായില്ല.
നിലവില്‍ ഉരുവിന്റെ എന്ജിന്, ഡീസല്‍ ടാങ്ക്, പ്രൊപ്പല്ലര്‍ തുടങ്ങി കരാറെടുത്ത യന്ത്ര സാമഗ്രികള്‍ പല സ്ഥാപനങ്ങളിലായി കിടന്ന് തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. കാര്യമായ ഇടപെടലുകള്‍ നടത്താതതിനാല്‍ നിര്‍മാണം മുക്കാല്‍ഭാഗവും പൂര്‍ത്തിയായ ഉരു കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: