കെ. മോഹന്‍ദാസ്
സര്,
പ്രവാചക നിന്ദ അരുത് എന്ന മട്ടില്‍ ഒരു മുഖപ്രസംഗം മനോരമയില്‍ (2022 ജൂണ്‍ 08) കണ്ടു. ആദ്യമേ പറയട്ടെ, ഒരു മുഖപ്രസംഗം എങ്ങനെ എഴുതരുത് എന്നതിന്റെ ഉത്തമ ഉദാഹരണമായി ജേര്‍ണലിസം ക്ലാസുകളില്‍ ചൂണ്ടിക്കാട്ടാവുന്നതാണ് അത്. പ്രാഥമികമായ തിരിച്ചറിവും ക്രിയാശേഷിയും വിശകലന പടുത്വവും ഇല്ലാതെ ഒരു വിഷയത്തെ സമീപിച്ചതിന്റെ മ്ലേച്ഛമുഖമാണ് അതില്‍ കാണാനാവുന്നത്. പൊതു സമൂഹത്തെ എജ്യുക്കേറ്റ് ചെയ്യേണ്ട, രാജ്യഗാത്രത്തെ താങ്ങി നിര്‍ത്തുന്നു എന്ന ഭംഗിവാക്കിന്റെ ഗരിമയുള്ള ‘നാലാം തൂണിന്റെ’ നികൃഷ്ട വേഷമാണ് ആ മുഖപ്രസംഗം വഴി കണ്ടത്.
‘പ്രവാച’കനെ ആരു നിന്ദിച്ചു, ആ നിന്ദ എന്തായിരുന്നു എന്നതിനെക്കുറിച്ച് സൂചനയൊന്നുമില്ല. പരാമര്‍ശിത നേതാവ് പ്രസ്താവന ഇറക്കിയതാണോ, പൊതുവേദിയില്‍ പ്രസംഗിച്ചതാണോ, വിഷയം സംബന്ധിച്ച് സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചതാണോ എന്നൊന്നും പറയുന്നില്ല. വാസ്തവത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഹൈന്ദവ മാനബിന്ദുവിനെ നികൃഷ്ടമായി അപമാനിച്ചപ്പോള്‍ സഹികെട്ട് ‘നിങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തില്‍ ഇങ്ങനെയൊക്കെയുള്ളത് ഞാനും പരാമര്‍ശിച്ചാല്‍ എന്തായിരിക്കും സ്ഥിതി’ എന്നു ചോദിച്ചതാണ് മതനിന്ദയായി വ്യാഖ്യാനിക്കുന്നത്. വസ്തുത ചൂണ്ടിക്കാണിച്ചത് ‘നിന്ദ’യും അപമാനിച്ചത് ‘ചന്ദന’വും ആവുന്നത് എങ്ങനെയാണെന്ന് വിചിത്രമായ വിദഗ്ദ്ധ ജേര്‍ണലിസം അറിയാത്ത സാധാരണ വായനക്കാര്‍ക്ക് മനസ്സിലാവുന്നില്ല. ഇതരമതസ്ഥരുടെ മാനബിന്ദുക്കളുടെ നേരെ കുതിരകയറുന്നത് താങ്കളുടെ നിലപാടനുസരിച്ച് സ്വര്‍ഗീയമാണോ?
‘അരിയും മലരും, കൂടെ കുന്തിരിക്കവും വാങ്ങിവെക്കാന്‍’ ആക്രോശിച്ചവരുടെ നിലപാടുകളെ വെള്ളിത്തളികയില്‍ വെച്ച് പൂജിക്കുന്ന നിലപാടിന്റെ മറ്റൊരു മുഖമല്ലേ മനോരമയുടെ മുഖപ്രസംഗത്തിലൂടെ അനാവൃതമായത്? അത്തരം ശക്തികളെ ക്ഷുദ്ര താല്പര്യത്തിന്റെ വോട്ടുബാങ്കായി കണ്ട് താലോലിക്കുന്ന തല്പര രാഷ്ട്രീയക്കാര്‍ക്ക് മനോരമ എന്തിന് പട്ടുപരവതാനി വിരിയ്ക്കണം? നാട്ടുമ്പുറ ഭാഷയില്‍ പറഞ്ഞാല്‍’പട്ടിയെ തല്ലിക്കൊല്ലാന്‍ അതിന് പേയുണ്ടെന്ന് പ്രചരിപ്പിച്ചാല്‍ മതി ‘ എന്നതു പോലെയായി ഈ മനസ്ഥിതി.
മോദിസര്‍ക്കാര്‍ അധികാരമേറിയതു മുതല്‍ ഒട്ടുവളരെ കക്ഷികള്‍ക്ക് അതിയായ ആശങ്കയും വിദ്വേഷവും പകയുമുണ്ട്. അതിന് കാരണം പലതാണ്. ചില സൗകര്യങ്ങള്‍ ഇല്ലാതായത്,അനര്‍ഹമായി കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളും പ്രിവിലേജും നഷ്ടമായത്,തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ കഴിയാത്തത് … ഇങ്ങനെ പലതുമുണ്ട്. തീവ്ര ആശയക്കാര്‍ക്കും വിഘടനവാദികള്‍ക്കും രാജ്യദ്രോഹികള്‍ക്കും ഉള്ക്കിടിലമുണ്ടാകുന്ന ഓപ്പറേഷനുകള്‍ വന്‍ വിജയമായിരുന്നു. ഇതിന്റെയൊക്കെ പരിണതഫലങ്ങള്‍ പലതരത്തിലാണ്.
അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനായി തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് ആയുധം നല്കാന് ഇവിടെ പല പേരില്‍ പലരുമുണ്ട്. എളുപ്പം കത്തിപ്പിടിക്കാന്‍ മതവും അതിന്റെ ആചാരങ്ങളുമുണ്ട്. അത്തരമൊരു അവസരമാണ് ഇപ്പോഴത്തെ വിവാദം. അറിഞ്ഞോ അറിയാതെയോ അത്തരം ദുഷ്ട ശക്തികള്‍ക്ക് ആളും ആയുധവും നല്കാന്, പത്രപ്രവര്‍ത്തനത്തിന്റെ മഹിതപാരമ്പര്യം പേറുന്നുവെന്ന് സ്വയം പറയുന്ന മനോരമ തയാറായി എന്നത് ഭീതിദമാണ്. വാര്‍ത്തയിലെ വസ്തുത കണ്ടെത്തി വിശകലനം ചെയ്ത് ദിശാബോധം നല്കേണ്ടവര് ബോധപൂര്‍വം കലാപങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനെ എന്തു പേരിട്ടു വിളിക്കും? നിഷ്പക്ഷമാവേണ്ട പത്രപ്രവര്‍ത്തനം പക്ഷപ്രവര്ത്തനത്തിലേക്ക് കൂപ്പു കുത്തുമ്പോള്‍ ‘അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കാനുള്ള ആഹ്വാനക്കാര്‍ക്ക്’ ശക്തിയും ഗതിവേഗവും കൂട്ടുകയല്ലേ ചെയ്യുന്നത് ?
ഖത്തറിന്റെ മനസ്സിലിരിപ്പും പ്രവൃത്തിയും മനോരമയ്ക്ക് അറിയില്ലെങ്കിലും ഇന്നാട്ടുകാര്‍ക്ക് മറക്കാനാവില്ല. സരസ്വതീദേവിയെ നഗ്നയാക്കി ചിത്രം വരച്ച് കലയിലെ മഹത്വമാഘോഷിച്ച എം.എഫ്. ഹുസൈന് പൗരത്വം നല്കി ആദരിച്ച് ‘മത സഹിഷ്ണുതാ സ്നേഹം’ പ്രകടിപ്പിച്ച രാജ്യമാണ് ഖത്തര്‍. ആ രാജ്യത്തിനാണിപ്പോള് വസ്തുത ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ പൊള്ളിയിരിക്കുന്നത്. കപടസ്നേഹവും കാപട്യവും മനസ്സിലായിട്ടും വിദ്വേഷം വിതച്ച് വിളകൊയ്യാന്‍ സന്നദ്ധമാവുന്ന സമീപനം ദയവായി മാറ്റണം. ഇല്ലെങ്കില്‍ എല്ലാം മനസ്സിലാവുന്നവര്‍ ഏതൊക്കെ തരത്തില്‍ പ്രതികരിക്കുമെന്ന് പറയാനാവില്ല.
ഇതുകൂടി: മതനിന്ദ അല്ലെന്നും സംഭവിച്ചത് ഇന്നതാണെന്നും ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുമ്പോള്‍ അത് ശരിവെക്കാനും പിന്തുണയ്ക്കാനും രാജ്യത്തിനൊപ്പം നില്‍ക്കാനും ബാധ്യസ്ഥരായവരാണ് ഇത്തരത്തില്‍ പക്ഷപ്രവര്രത്തനം നടത്തുന്നത്. പത്രത്തിന്റെ കോപ്പികൂട്ടാനും കുറയാതിരിക്കാനുമുള്ള കച്ചവട ‘തരികിടകള്‍’ ആണെങ്കില്‍, വായനക്കാര്‍ ഈ പക്ഷപ്രവര്‍ത്തനം തിരിച്ചറിയാന്‍ ബുദ്ധിയുള്ളവരാണെന്ന തിരിച്ചറിവ് ഇല്ലാതെ പോയതാണ് അത്ഭുതം. അതൊരു വെല്ലുവിളിതന്നെയാണ്.
ഒന്ന് ഓര്‍മ്മിപ്പിക്കാം; ഒരു മര്യാദ മുദ്രാവാക്യം ഉയര്‍ത്തിയവരെ ഭയന്ന്, മര്യാദ എന്ന വാക്ക് പത്രത്തില്‍നിന്ന് എഡിറ്റുചെയ്ത് വെട്ടിനീക്കാന്‍ പാകത്തില്‍ തകര്‍ന്നുപോയ നട്ടെല്ല്, പക്ഷപ്രവര്ത്തനത്തിനപ്പുറം പക്ഷാഘാതത്തിലേക്കാണ് പത്രപ്രവര്‍ത്തനത്തെ നയിക്കുന്നത്. ഖേദം, രോഷം, ലജ്ജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: