പി.ആര്. ശിവശങ്കര്‍
ഭാരതം ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ ആകെത്തുക ഏതാണ്ട് 10 ലക്ഷം കോടി രൂപയുടെ അടുത്തെത്തി എന്നത് അത്ര നല്ല വാര്‍ത്തയല്ല. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് ഏതാണ്ട് ഇത്രയും വലിയ തുക എല്ലാവര്‍ഷവും പോകുന്നുവെന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്. ഈ തുക ഇവിടെത്തന്നെ ചെലവഴിക്കപ്പെട്ടാല്‍ ഭാരതത്തിന്റെ മൂലധന വികസനത്തിന് വിദേശ പിന്തുണ വേണ്ടെന്നുവയ്ക്കാന്‍ പോലുമാകും. ഏതാണ്ട് രണ്ടര വര്‍ഷംകൊണ്ട് വിദേശ കടബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കുകയും ചെയ്തേക്കും. നമ്മള് എത്ര വലിയ ബാധ്യതയാണ് പെട്രോളിയം ഉപയോഗത്തിലൂടെ ഉണ്ടാക്കുന്നത് എന്ന് ഓര്‍ക്കണം. ഘട്ടം ഘട്ടമായി ഈ ബാധ്യത കുറയ്ക്കുക, മറ്റു തദ്ദേശീയ ഇന്ധനങ്ങളും, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളും പരമാവധി ഉപയോഗിക്കുക. ഇതെല്ലാം പ്രോത്സാഹിപ്പിക്കുന്ന നയമാണ് വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്.
ഈ ദീര്‍ഘകാല പദ്ധതിക്ക് വലിയ പ്രതീക്ഷ നല്കുന്ന വാര്‍ത്തയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പുറത്തുവിട്ടത്. ഇന്ത്യ പെട്രോളില്‍ എഥനോള്‍ 10 ശതമാനം കൂട്ടിച്ചേര്‍ക്കുന്നതിന്റെ ലക്ഷ്യം അഞ്ചുമാസം മുന്‍പേ കൈവരിച്ചു. ഇതിലൂടെ ഇന്ത്യക്ക് നേരിട്ടുള്ള മൂന്ന് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. ഒന്ന്, ഏകദേശം 27 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞു. രണ്ട്, ഇന്ത്യ 41,000 കോടിയിലധികം വിദേശനാണ്യം ലാഭിച്ചു. മൂന്ന്, എഥനോള്‍ മിശ്രിതം വര്‍ധിപ്പിച്ചതുവഴി രാജ്യത്തെ കര്‍ഷകര്‍ എട്ട് വര്‍ഷത്തിനുള്ളില്‍ 40,000 കോടി രൂപയിലധികം സമ്പാദിച്ചു. ഇന്ത്യാക്കാര്‍ക്കെല്ലാം അഭിമാനമുണ്ടാക്കുന്ന കാര്യമാണിത്.
നിശ്ചയിച്ചതിനേക്കാള്‍ അഞ്ച് മാസം മുമ്പ് ഇന്ത്യ ഈ ലക്ഷ്യത്തിലെത്തി. 2014ല്‍ ഇന്ത്യയില്‍ 1.5 ശതമാനം എഥനോള്‍ മാത്രമാണ് പെട്രോളില്‍ കലര്‍ത്തിയിരുന്നത്. ഘട്ടം ഘട്ടമായി ഇത് 10 ശതമാനത്തില്‍ എത്തിച്ചതിന്റെ അംഗീകാരം നരേന്ദ്രമോദി സര്‍ക്കാരിന് മാത്രം അവകാശപ്പെട്ടതാണ്. ഇതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന മറ്റൊരു നേട്ടം ഒക്ടോബര്‍ ഒന്ന് മുതല്‍ പൊല്യൂഷന്‍ ടാക്സ് രണ്ട് രൂപ നല്‍കേണ്ടി വരില്ല എന്നതാണ്. ഉപഭോക്താക്കള്‍ക്ക് ലാഭമുണ്ടാക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനവും നല്കുന്നു. മലിനീകരണമടക്കമുള്ള പരിസ്ഥിതി പ്രശ്ങ്ങള്‍ക്കും പ്രതിവിധിയാണ്.
2025 ആകുമ്പോഴേക്കും പെട്രോളില്‍ 20 ശതമാനം എഥനോള്‍ മിശ്രണമാക്കി വിപണനം നടത്തുക എന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ രാജ്യത്ത് കൈവരാന്‍ പോകുന്നത് ഏതാണ്ട് 30,000 കോടി രൂപയുടെ വിദേശ നാണ്യ വിനിമയത്തിന്റെ നീക്കിയിരുപ്പാണ്. കൂടാതെ ഊര്‍ജ സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവയപ്പ്, അന്തരീക്ഷ മലിനീകരണത്തില്‍ നിന്നുള്ള സംരക്ഷണം, കൂടുതല്‍ നല്ല ശുദ്ധവായു സ്വയം പര്യാപ്തത, പഴകിയ ഭക്ഷ്യധാന്യങ്ങളുടെ പുനരുപയോഗം, കര്‍ഷകരുടെ വരുമാന വര്‍ധന, വലിയ മൂലധന നിക്ഷേപങ്ങള്‍, അനേകം തൊഴില്‍ അവസരങ്ങള്‍ എന്നിങ്ങനെ നീണ്ടനിരതന്നെയാണ്.
വര്‍ഷങ്ങളായി മറ്റു പല രാജ്യങ്ങളും എഥനോള്‍ മിശ്രണം ചെയ്ത പെട്രോളാണ് ഉപയോഗിക്കുന്നത്. ഭാവിയില്‍ എഥനോള്‍ കൂടാതെ അഞ്ച് ശതമാനം ബയോ ഡീസല്‍ കൂടി ചേര്‍ക്കുവാനും, ബ്രസീലിലും മറ്റും ഉള്ളതുപോലെ ഫഌക്സ് ഓയില്‍ എന്ന പേരിലുള്ള, 100 ശതമാനവും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഓയിലിലേക്ക് മാറാനും കഴിഞ്ഞാല്‍ അത് നാടിന്റെ ത്വരിതവികസനത്തിനു വലിയ തോതില്‍ ആക്കംകൂട്ടും. പക്ഷെ ഇതിനെല്ലാം മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. മോട്ടോര്‍ വാഹന ഉത്പാദകരും, എണ്ണക്കമ്പനികളും, എഥനോള്‍ ഉത്പാദകരും, കര്‍ഷകരും, പിന്നെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ഇതിനുവേണ്ടി തയ്യാറെടുക്കേണ്ടതുണ്ട്. എഥനോളിന്റെ ഉത്പാദനമാണ് പ്രധാനം. ഇപ്പോള്‍ ഭാരതം ഉത്പാദിപ്പിക്കുന്നത് ഏതാണ്ട് 730 കോടി ലിറ്റര്‍ ആണെങ്കില്‍ 2025ല്‍ E20 ( പെട്രോളില്‍ 20 ശതമാനം മിശ്രണം ) ആയ പെട്രോള്‍ ഉത്പാദിപ്പിക്കുവാന്‍ നമുക്ക് 1016 കോടി ലിറ്റര്‍ എഥനോള്‍ വേണ്ടിവന്നേക്കുമെന്നാണ് നിതി ആയോഗ് കണക്കാക്കുന്നത്. ഇത് രാജ്യത്താകമാനമുള്ള ഭക്ഷ്യലഭ്യതയെ ബാധിക്കാതെ നടപ്പിലാക്കുക എന്നതു വെല്ലുവിളിയാണ്. മാറിമാറിവരുന്ന തീവ്ര വേനലും, അപ്രതീക്ഷിത അതിവര്‍ഷവും, പ്രളയവുമെല്ലാം ഉത്പാദനത്തെ ബാധിക്കും. ഇതിനുപുറമെ കേരളമടക്കം പല സംസ്ഥാനങ്ങളും കേന്ദ്രം 2016 മെയ് 14നു ഭേദഗതി വരുത്തിയ 1951ലെ വ്യവസായ (വികസനവും നിയന്ത്രണവും) നിയമം അംഗീകരിക്കാനോ, നടപ്പില്‍ വരുത്താനോ തയ്യാറായിട്ടില്ല എന്നതും എഥനോളിന്റെ സംസ്ഥാനാന്തര വ്യാപാരത്തെയും, വില്പനയെയും ബാധിക്കുന്നുണ്ട്. സംസ്ഥാന ധനമന്ത്രിമാര്‍ എഥനോളിനെ ഭയപ്പെടുന്നത് ജിഎസ്ടി നിയമപ്രകാരം പെട്രോളിനെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും എഥനോള്‍ ജിഎസ്ടി പട്ടികയില്‍പ്പെട്ട വസ്തുവായതും, താരതമ്യേന കുറഞ്ഞ നികുതിയാണ് എന്നുള്ളതും അവരുടെ വരുമാനത്തെ ബാധിക്കുമെന്ന ഭയംകൊണ്ടാണ്. ചുരുക്കത്തില്‍ ഇവര്‍ സംസ്ഥാനത്തിന്റെ നികുതിവര്ധനക്കുവേണ്ടി കര്‍ഷകരുടെ വരുമാനത്തെ തടയുകയും, സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ പെട്രോള്‍ ലഭിക്കുവാന്‍ സാധിക്കുന്ന നയത്തെ തകര്‍ക്കുകയും, പരിസ്ഥിതി ആഘാതം ചോദിച്ചുവാങ്ങുകയുമാണ്.
എഥനോളിന്റെ എതിരാളികള്‍ പറയുന്നത് ഇത് പ്രായോഗികമല്ലെന്നും ഭക്ഷ്യക്ഷാമം ഉണ്ടാക്കുമെന്നുമാണ്. എന്നാല്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത് ഭാരതത്തിലെ 75 ശതമാനം എഥനോളും ഉത്പാദിപ്പിക്കപ്പെടുന്നത് കരിമ്പില്‍ നിന്നണെന്നും ലോകത്തിലെ രണ്ടാമത്തെ വലിയ കരിമ്പ് ഉത്പാദകരാജ്യമാണ് ഇന്ത്യ എന്നതും, കരിമ്പില്‍ നിന്നുള്ള പ്രധാന ഉത്പന്നമായ പഞ്ചസാരയുടെ ബഫര്‍ സ്റ്റോക്ക് (കരുതല്‍ ശേഖരം) നാല് ദശലക്ഷത്തിലധികം ഉണ്ടെന്നുള്ളതുമാണ്. 10 വര്‍ഷമായി രാജ്യത്തെ കര്‍ഷകര്‍ ആവശ്യത്തിലധികം പഞ്ചസാര ഉത്പാദിപ്പിക്കുന്നു എന്നതും എതിര് വാദമുഖത്തിന്റെ മുനയൊടിക്കുന്നതാണ്. കൂടാതെ എഥനോള്‍ ഉത്പാദിപ്പിക്കുന്ന മറ്റൊരുരീതിയായ ഭക്ഷ്യയോഗ്യമല്ലാത്ത ധാന്യങ്ങളുടെ കണക്കും എഥനോളിന്റെ എതിരാളികള്‍ക്ക് അപ്രിയമായിരിക്കും. കൊവിഡ് കാലഘട്ടത്തില്‍ പോലും ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ നശിച്ചുപോയത് ആയിരക്കണക്കിന് കോടിയുടെ അരിയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് 2050 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം ധന്യങ്ങളും അസംസ്കൃത ഉത്പന്നമായി ഉപയോഗിച്ചാല്‍ അത് കര്‍ഷകര്‍ക്കും സര്‍ക്കാരിനും വലിയ സാമ്പത്തിക മെച്ചമുണ്ടാകുമെന്നത് ഇവര്‍ ആലോചിക്കുന്നില്ല.
എന്നാല്‍ ഈ സാമ്പത്തിക സ്വാതന്ത്ര്യ സമരത്തിന്റെ രസതന്ത്രം അത്ര എളുപ്പവുമല്ല. കാരണം ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കളുടെ സംഘടന മുന്നോട്ടുവച്ചിട്ടുള്ള പല ഉത്കണ്ഠകളും, സംശയങ്ങളും കണക്കിലെടുക്കേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. കൂടാതെ നിയമങ്ങളിലെ ഭേദഗതിയും, ഓയില്‍ കമ്പികള്ക്കുവരുന്ന ഉത്പാദനത്തിലെയും ഗതാഗതത്തിലെയും പ്രാരംഭ പ്രശ്നങ്ങളും എല്ലാം സര്‍ക്കാരിനെ സംബന്ധിച്ചു വലിയ കടമ്പകള്‍ തന്നെയാണ്. എന്നിരുന്നാലും ഭാവിയില്‍ 10 ലക്ഷം കോടിയുടെയോ, സ്വാഭാവികമായ വികസനത്തിന്റെ ഭാഗമായ വളര്‍ച്ചയുടേയും 25 ശതമാനം തുക ( ഏതാണ്ട് 2.5 ലക്ഷം കോടി രൂപ. ഇത് രാജ്യത്തെ ഗ്രാമീണ ഭാരതത്തിനായി ബജറ്റില്‍ നീക്കിവെച്ച തുകയുടെ ഇരട്ടിയോളം വരും) ഭാരതത്തില്‍ത്തന്നെ ചംക്രമണം ചെയ്യുന്നതിലൂടെ വലിയ നേട്ടമായിരിക്കും രാജ്യം കൈവരിക്കുക.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ഭാരതം നമ്മുടെ സ്വന്തം വികസന മാതൃകകള്‍ പിന്തുടരുക. സ്വന്തം നിഴലില്‍ നിന്ന് പുറത്തേക്ക് കടക്കുക . അതുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: