തിരുവനന്തപുരം: സ്വപ്നസുരേഷിന്റെ ആരോപണത്തിന് പിന്നാലെ ഇഡി സ്വപ്നയുടെ രഹസ്യമൊഴിപ്പകര്‍പ്പ് കോടതിയില്‍ നിന്നും വാങ്ങും. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സ്വപ്നയുടെ പുതിയ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ഇഡി കുറ്റപത്രം സമര്‍പ്പിക്കും. സ്വപ്നയുടെ രഹസ്യമൊഴി വാര്‍ത്ത വന്നതോടെ ഇഡി വീണ്ടും കേസ് സജീവമാക്കിയിരിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കസ്റ്റംസും സ്വപ്നയില് നിന്നും വിവരങ്ങള്‍ തേടും.
മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെയാണ് സ്വപ്ന ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 164(ക്രിമിനല്‍ നടപടിച്ചട്ടം) അനുസരിച്ചാണ് സ്വപ്ന സുരേഷ് എറണാകുളം മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരിക്കുന്നത് എന്നതിന് പ്രാധാന്യമുണ്ട്. ഈ മൊഴി ഇനി അവര്‍ക്ക് മാറ്റാനോ പിന്‍വലിക്കാനോ കഴിയില്ല. രഹസ്യമൊഴി ഏത് മജിസ്ട്രേറ്റിനാണോ നല്‍കുന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിലാണ് അത് സൂക്ഷിക്കുക. പിന്നീട് വിചാരണക്കോടതിക്കാണ് ഇത് കൈമാറുക. ഏത് കേസിവലാണോ രഹസ്യമൊഴി നല്‍കിയത്, ആ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് വാങ്ങാം. സ്വാഭാവികമായും ഇഡി അന്വേഷണോദ്യോഗസ്ഥന് ഈ രഹസ്യമൊഴി കോടതിയില്‍ നിന്നും വാങ്ങാം.
ഈ രഹസ്യമൊഴി ലഭിച്ചാല്‍ അത് മുന്‍നിര്‍ത്തി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും. പിന്നീട് മുഖ്യമന്ത്രിയെയും കുടുംബത്തെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: