കൊയിലാണ്ടി: സ്വപ്ന സുരേഷ് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം തടയാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേസിലെ പ്രധാന പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ലാറ്റില്‍ നിന്നും തട്ടിക്കൊണ്ട് പോയത് ഇതിന്റെ തുടര്‍ച്ചയാണെന്നും കൊയിലാണ്ടിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സ്വപ്നയ്ക്ക് സുരക്ഷ നല്കാന് തയ്യാറാവണം. ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന കാലത്തോളം കേസ് തെളിയില്ല. രക്ഷാകവചം ഉപേക്ഷിച്ച് അദ്ദേഹം അന്വേഷണത്തോട് സഹകരിക്കണം.
കേസ് അട്ടിമറിക്കാന്‍ മുമ്പും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പിറ്റേ ദിവസം പ്രതിയെ വിജിലന്‍സ് തട്ടിക്കൊണ്ട് പോയത് കേസ് അട്ടിമറിക്കാനാണോയെന്ന സംശയമുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
അസാധാരണമായ സംഭവമാണ് കേരളത്തില്‍ നടക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹകേസിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതീവ ഗൗരവതരമായ മൊഴിയാണ് പുറത്തുവന്നത്. ഇതിലും വലുത് പുറത്ത് വരാനുണ്ടെന്നാണ് മൊഴികൊടുത്ത ആള് പറയുന്നത്. മുഖ്യമന്ത്രി അന്വേഷണം നേരിടുമെന്ന് പറയാന്‍ ഭയക്കുന്നതെന്താണ്? മടിയില്‍ കനമില്ലാത്തതിനാല്‍ വഴിയില്‍ ഭയമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വസ്തുതകള്‍ തുറന്നു പറയണം.
അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനത്തില്‍ ബാഗില്‍ കറന്‍സി ഉണ്ടായിരുന്നെന്നാണ് സ്വപ്ന പറയുന്നത്. രണ്ട് വര്‍ഷം മുമ്പ് ബിജെപി ഇത് തുറന്ന് പറഞ്ഞതാണ്. അന്ന് എല്ലാവരും ഇത് രാഷ്ട്രീയ ആരോപണമാണെന്ന് പറഞ്ഞു. ബിജെപി പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചപ്പോള്‍ ജയിലില്‍ പോയി സ്വപ്നയെ കണ്ട് കേസ് അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. പൊലീസും ജയില്‍ അധികൃതരുമാണ് അട്ടിമറിക്ക് നേതൃത്വം നല്‍കിയത്.അധികാരപരിധിക്ക് പുറത്തുള്ള കേസുകള്‍ പോലും അന്വേഷിക്കുന്ന സംസ്ഥാന ഏജന്‍സികള്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: