കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് താന്‍ പറഞ്ഞത് ശരിയായെന്ന് പി സി ജോര്‍ജ് . ഫെബ്രുവരി 14ന് ഇക്കാര്യം താന്‍ പറഞ്ഞതാണ്. അത് ഇപ്പോള്‍ ശരിയാണെന്ന് വന്നു. കോട്ടയം പ്രസ്സ് ക്ലബ്ബില്‍ വെച്ച് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സരിതയെ തനിക്ക് എട്ടുകൊല്ലമായി അറിയാമെന്നും തന്നെ നശിപ്പിച്ച രാഷ്‌ട്രീയ നേതാകള്‍ക്കെതിരേ പോരാടുന്ന പെണ്‍കുട്ടിയാണ് അവരെന്നും പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സരിതയെ കൊച്ചുമകളെന്ന നിലയില്‍ ‘ചക്കരപ്പെണ്ണേ’യെന്നാണ് വിളിക്കുന്നതെന്നും താനുമായി നല്ല ബന്ധമാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. സ്വപ്‌ന സുരേഷിനെയും താന്‍ കണ്ടിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് കണ്ടത്. അന്ന് സ്വപ്ന എഴുതി തന്ന കാര്യങ്ങള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വപ്ന ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ കാണണമെന്ന് ആവശ്യപ്പെട്ട് വന്നിരുന്നു. അന്ന് സ്വപ്നയുടെ കൈപ്പടയില്‍ എഴുതിയ കത്തും പിസി ജോര്‍ജ് പുറത്തുവിട്ടു. സന്ദീപ് നായര്‍ നിരന്തരം കുറ്റം ചെയ്യുന്നയാളാണെന്നും ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും സ്വപ്നയുടെ കത്തില്‍ പറയുന്നു. എന്നാല്‍ ഈ കേസില്‍ എന്‍ഐഎ അയാളെ മാപ്പുസാക്ഷിയാക്കി എന്നാണ് സ്വപ്ന സുരേഷ് പിസി ജോര്‍ജിന് നല്‍കിയ കത്തില്‍ പറയുന്നത്.
2016 ല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ സ്വപ്നയെ വിളിച്ച് മുഖ്യമന്ത്രിക്ക് ദുബായിലേക്ക് പോകാനുള്ള കാര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ പറഞ്ഞുവെന്നാണ് കത്തിലുള്ളത്. ഇത് സ്വപ്ന ചെയ്തു. തുടര്‍ന്ന് വീണ്ടും വിളിച്ച് ”മുഖ്യമന്ത്രി പോയി, പക്ഷേ അദ്ദേഹത്തിന്റെ ബാഗ്ഗേജ് കൊണ്ടുപോകാന്‍ മറന്നു” എന്ന് പറഞ്ഞു, അത് എത്തിച്ച് കൊടുക്കണമെന്നും പറഞ്ഞു. ഉടനെ സ്വപ്ന കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരില്‍ ഒരാളെ ബാഗേജുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് അയച്ചു. കോണ്‍സുലേറ്റില്‍ ബാഗ് സ്‌കാന്‍ ചെയ്തപ്പോള്‍ കണ്ടത് നോട്ട് കെട്ടുകളാണ്. സരിത്താണ് അന്നത്തെ കോണ്‍സുലേറ്റിലെ പിആര്‍ഒ. മുഖ്യമന്ത്രി പോയിക്കഴിഞ്ഞ് അധികം വൈകാതെ ഇന്ത്യയിലേക്ക് നയതന്ത്ര പാക്കേജ് എത്തി. ഇത് സന്ദീപ് നായര്‍ കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ തുറന്നുനോക്കിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ വിളിച്ച് നയതന്ത്ര പാഴ്സല്‍ തുറക്കരുത് എന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അത് തുറന്നു. മുപ്പത് കിലോ സ്വര്‍ണമാണ് അന്ന് പിടച്ചെടുത്തത്.
കേസ് എടുത്തപ്പോള്‍ ശിവശങ്കറും സ്വപ്നയും സരിത്തുമെല്ലാം പ്രതിയായി. സത്യത്തില്‍ ഈ കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നാണ് പിസി ജോര്‍ജ് പറയുന്നത്. അദ്ദേഹം പറഞ്ഞിട്ടാണ് സ്വര്‍ണം കൊടുത്തുവിട്ടത്. അന്വേഷണം സിബിഐക്ക് പോകുമെന്ന് വ്യക്തമായതോടെയാണ് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.സ്വപ്നയും സരിത്തും 16 മാസം ജയിലില്‍ കഴിഞ്ഞു. കേസ് പഴയതാക്കുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം. അത് കഴിഞ്ഞപ്പോള്‍ സ്വപ്നയും സരിത്തും പുറത്തിറങ്ങി. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകളാണ് പുറത്തുവരുന്നത് എന്നും പിസി ജോര്‍ജ് പറഞ്ഞു.
ചെത്തുകാരന്റെ മകന്‍ എന്ന് പിണറായി അഭിമാന ബോധത്തോടെ പറയാറുണ്ട്. 20 വര്‍ഷത്തെ എംഎല്‍എ പെന്‍ഷന്‍ മാത്രം വരുമാനമായുള്ള പിണറായിയുടെ മക്കളെങ്ങനെ ശതകോടീശ്വരരായി. പിണറായി എവിടെ ഒക്കെ ഇരുന്നിട്ടുണ്ടോ അവിടെയൊക്കെ കട്ടിട്ടുണ്ട്. അമേരിക്കയില്‍ ആശുപത്രിയില്‍ ചെലവിട്ടത് 15 മിനിട്ട് മാത്രമാണ്. ബാക്കി സമയം എവിടെയായിരുന്നു. അമേരിക്കയില്‍ ഫാരിസ് അബൂബക്കറിനൊപ്പമായിരുന്നു മുഖ്യമന്ത്രി. ഫാരിസാണ് ഭരണം നിയന്ത്രിക്കുന്നതെന്നും പിസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: