ഷിജുകുമാര്‍ എരുമേലി
(ലേഖകന്‍ അഖിലകേരള പണ്ഡിതര്‍ മഹാജനസഭ ജനറല്‍ സെക്രട്ടറിയാണ്)
നിസ്വാര്‍ത്ഥവും തത്വാധിഷ്ഠിതവുമായ സാമുദായസേവനത്തിലൂടെ ആത്മ സംതൃപ്തി അടയുന്ന ആദര്‍ശശാലികളുടെ തലമുറയിലെ അസാധാരണമായ ഉള്‍ക്കരുത്തുള്ള നേതാവായിരുന്നു ശ്രീരാമകൃഷ്ണ പണ്ഡിതര്‍. പ്രതികൂല സാഹചര്യങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം രൂപപ്പെട്ടത്. അതെല്ലാം തന്റെ അനുപമമായ ബുദ്ധിവൈഭവം കൊണ്ടും അചഞ്ചലമായ ഇച്ഛാശക്തികൊണ്ടും അനായാസം അതിലംഘിച്ച് സഹപ്രവര്‍ത്തകരുടെയും സമുദായാംഗങ്ങളുടെയും ആദരവ് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തെളിഞ്ഞ ചിന്ത, ആജ്ഞാസ്വഭാവമുള്ള ആശയാവിഷ്കാരം, അകൃത്രിമമായ വിനയം, ലക്ഷ്യബോധമുള്ള പ്രവര്‍ത്തനം ഇവയെല്ലാമായിരുന്നു പണ്ഡിതരുടെ സവിശേഷതകള്‍.
1907 ജൂണ്‍ 8ന് എറണാകുളം മുളവുകാട് തെരുവില്‍ പറമ്പില്‍ അയ്യപ്പന്റെയും കടവന്ത്ര ലക്ഷ്മിയുടെയും മകനായി ജനനം. ചെറുപ്രായത്തില്‍ തന്നെ സംസ്കൃതം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് മെട്രിക്കുലേഷന്‍ പ്രൈവറ്റായി എഴുതി പാസായി.
ബ്രാഹ്മണ്യവും ജന്മിത്വവും കൈകോര്‍ത്ത് കൊണ്ട് നാട്ടില്‍ അഴിച്ചുവിട്ട ദളിത് പീഡനങ്ങളും പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ കൊടിയ മര്‍ദ്ദനങ്ങളും നേരിടുന്നതിന് ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ അന്നത്തെ വലിയ ആയുധമായിരുന്നു. മനുഷ്യനെ കന്നുകള്‍ക്കൊപ്പം പാടങ്ങള്‍ പൂട്ടാന്‍ ഉപയോഗിക്കുകയും പിന്നാക്കക്കാരന് അയിത്തം കല്‍പ്പിച്ച് ക്ഷേത്രപ്രവേശനവും വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കുകയും ചെയ്തിരുന്ന ആ കാലത്ത് അതില്‍ നിന്നെല്ലാം രക്ഷനേടാന്‍ ശ്രീനാരായണഗുരു പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് തന്റെ ദര്‍ശനങ്ങളിലൂടെ പ്രത്യാശയും ആവേശവും നല്കി. സാമൂഹ്യ പരിഷ്കര്‍ത്താവായ ഗുരുദേവന്റെ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായാണ് പണ്ഡിതര്‍ എസ്എന്‍ഡിപി യോഗവുമായി ചേര്‍ന്ന് ആദ്യകാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചത്.
ശ്രീബുദ്ധന്റെ പഞ്ചശുദ്ധികളായ വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, കര്‍മശുദ്ധി, ആഹാരശുദ്ധി എന്നിവ സ്വജീവിതത്തില്‍ അനുഷ്ഠിക്കുകയും അത് സമുദായാംഗങ്ങളും അനുഷ്ഠിക്കണമെന്ന് അദ്ദേഹം കല്‍പ്പിക്കുകയും ചെയ്തു.
1921 ലെ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. ഗുരുവായൂര്‍ സത്യഗ്രഹം, വൈക്കം സത്യഗ്രഹം, പാലിയത്ത് സമരം എന്നിവയുടെ ഭാഗമാകാനും അദ്ദേഹത്തിന് കഴിഞ്ഞു. 1948ല്‍ കൊച്ചി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. സജീവരാഷ്ട്രീയ പ്രവര്‍ത്തനം തന്റെ സമുദായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന തിരിച്ചറിവില്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി.
1951 ഫെബ്രുവരി അഞ്ചിനാണ് അദ്ദേഹം അഖിലകേരള പണ്ഡിതര്‍ മഹാജനസഭ രൂപീകരിച്ചത്. സഭയുടെ ആദ്യ സെക്രട്ടറിയായി പണ്ഡിതരെ തെരഞ്ഞെടുത്തു. സഭ ആരംഭിച്ച ‘സന്ദേശം’ മാസികയുടെ ആദ്യ ചീഫ് എഡിറ്ററുമായിരുന്നു. അദ്ദേഹത്തിന്റെ അക്ഷീണമായ പ്രവര്‍ത്തനഫലമായാണ് 1955 ല്‍ തിരു-കൊച്ചി സംസ്ഥാനത്ത് ഒബിസി ആനുകൂല്യം പണ്ഡിതര്‍ സമുദായത്തിന് ലഭിച്ചത്. 56 വര്‍ഷം നീണ്ട ജീവിത ലീലകള്‍ അവസാനിപ്പിച്ച് ആചാര്യതുല്യനായ ത്യാഗധനന് 1963 ജൂണ്‍ 19 ന് മഹാസമാധി പ്രാപിച്ചു. എങ്കിലും അദ്ദേഹം പ്രസരിപ്പിച്ച ഊര്‍ജ്ജത്തിന്റെ തരംഗശക്തി ഇപ്പോഴും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: