കെ.എസ്. ഉണ്ണിക്കൃഷ്ണന്
കൊച്ചി: തൃക്കാക്കരയിലെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം സ്ഥാനാര്‍ഥിയെ കെട്ടിയിറക്കിയവര്‍ ഏറ്റെടുക്കണമെന്ന നിലപാടില്‍ സിപിഎം ജില്ലാ നേതൃത്വം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കടുത്ത അതൃപ്തിയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പുറത്തുവന്നത്. തോല്‍വിയുടെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിച്ച് ഇരുപതോളം ജില്ലാ നേതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരേ ജില്ലാ നേതൃത്വം കലാപക്കൊടി ഉയര്‍ത്തിയത്.
തോല്‍വിയുടെ പേരില്‍ ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനെ സ്ഥാനത്തുനിന്നു മാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന് ചുമതല നല്‍കാനാനും നീക്കമുണ്ട്. ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്കാണ് മോഹനനെ പരിഗണിക്കുന്നത്.
വിഎസ് ഗ്രൂപ്പിന്റെ തട്ടകമായിരുന്ന എറണാകുളം ജില്ല പിണറായി പക്ഷം പിടിച്ചെടുത്തത് മോഹനനെ മുന്‍നിര്‍ത്തിയാണ്. പിണറായിയുമായി അടുപ്പമുള്ള മോഹനനെ കൈവിടാന്‍ പിണറായി തയ്യാറാകില്ല. എന്നാല്‍ സെക്രട്ടറി സ്ഥാനത്തു തുടര്‍ന്നാല്‍ ജില്ലയിലെ വിഭാഗീയത രൂക്ഷമാകുമെന്നുള്ളതിനാലാണ് സ്ഥാനചലനത്തിന് വഴിയൊരുങ്ങുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കമ്മിഷനെ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരീക്ഷിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിക്കുണ്ടായ തിരിച്ചടിയുടെ പേരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും തലയുരുണ്ട തൃക്കാക്കരയില്‍ ഇക്കുറി ദയനീയ തോല്‍വി നേരിട്ടപ്പോള്‍ നടപടി ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയാത്ത സാഹചര്യവുമുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് സംസ്ഥാന നേതൃത്വത്തിനെതിരേ ആദ്യവെടി ഉതിര്‍ത്തത്.
സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ മണ്ഡലത്തിലെ വോട്ടര്‍മാരെപ്പോലെ തന്നെയായിരുന്നു ജില്ലാ നേതൃത്വവും. സ്ഥാനാര്‍ഥിയെക്കുറിച്ച് ഒരു വിവരവും ജില്ലാ നേതൃത്വത്തിനുണ്ടായില്ല. ജില്ലാ കമ്മിറ്റിയംഗം കെ.എസ്. അരുണ്‍കുമാറിന്റെയും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെയും പേരുകളാണ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറം മത്സരിക്കാന്‍ തയ്യാറെല്ലെന്ന് അറിയിച്ചതോടെ അരുണ്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം ജില്ലാ നേതൃത്വം ഉറപ്പാക്കുകയായിരുന്നു. അരുണ്‍കുമാറിന്റെ പേരില്‍ ചുവരെഴുത്തും നടത്തി. ഇതിനിടെയാണ് സര്‍പ്രൈസ് സ്ഥാനാര്‍ഥിയുമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി. രാജീവ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: