ഭക്ഷ്യവിഷബാധ ഭക്ഷണശാലകളില്‍നിന്ന് വിദ്യാലയങ്ങളിലേക്കും പടര്‍ന്നിരിക്കുന്നു. സ്കൂളുകളില്‍നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് പലവിധ ആരോഗ്യ പ്രശ്നങ്ങളുമായി നിരവധി വിദ്യാര്‍ത്ഥികളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തീര്‍ത്തും ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ അങ്ങേയറ്റം വൃത്തിഹീനമായ ചുറ്റുപാടുകളില്‍ തയ്യാറാക്കിയാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് പ്രാഥമിക പരിശോധനയില്‍നിന്ന് വ്യക്തമാവുകയുണ്ടായി. ശുദ്ധമായ വെള്ളം ഉറപ്പുവരുത്തുന്നില്ല. വൃത്തിയുള്ള പാത്രങ്ങളില്‍പ്പോലുമല്ല പാചകം ചെയ്യുന്നത്. നിരവധി വിദ്യാലയങ്ങളില്‍നിന്ന് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതിനാ
ല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമാണ്. കൊച്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന അങ്കണവാടിയില്‍പ്പോലും ഭക്ഷ്യവിഷബാധ ഉണ്ടായി. വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ നോറോ വൈറസിന്റെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. ശുചിത്വമില്ലാത്ത ഭക്ഷണത്തില്‍നിന്നും മലിനമായ വെള്ളത്തില്‍നിന്നുമാണ് ഈ വൈറസ് ബാധിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആദര്ശവല്ക്കരിക്കുന്നതിന് വിരുദ്ധമായി നമ്മുടെ പൊതു വിദ്യാലയാന്തരീക്ഷം ശോചനീയമാണെന്നതിന് മറ്റ് തെളിവുകള്‍ ആവശ്യമില്ല. വിദ്യാലയങ്ങളിലെ പഠന സൗകര്യങ്ങള്‍ മാത്രമല്ല, പരിസരശുചിത്വവും ഉറപ്പുവരുത്തേണ്ട ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.
കാസര്‍കോട് ഒരു പെണ്‍കുട്ടി ഷവര്‍മ കഴിച്ച് മരിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്ന ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനെന്നവണ്ണം പലയിടങ്ങളിലും അധികൃതര്‍ ഭക്ഷണശാലകള്‍ പരിശോധിക്കാന്‍ തുടങ്ങിയിരുന്നു. അങ്ങേയറ്റം ജീര്‍ണിച്ച ചുറ്റുപാടുകളില്‍ പഴകിയതും പുഴുവരിക്കുന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്നത് ചാനലുകളിലൂടെ തത്സമയം കണ്ട് ജനങ്ങള്‍ അമ്പരക്കുകയുണ്ടായി. ഭക്ഷ്യയോഗ്യമല്ലാത്തതും ഗുരുതര ആരോഗ്യപ്രശ്നങ്ങളും മാരകരോഗങ്ങള്‍പോലും വരുത്തിവയ്ക്കുന്നതുമായ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കാലങ്ങളായി ഒരു തടസ്സവുമില്ലാതെ തങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണെന്ന വിവരം ഒരു ഞെട്ടലോടെയാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞത്. അഴുകി ദുര്‍ഗന്ധം വമിക്കുന്ന മീനും ഇറച്ചിയുമൊക്കെ അടുത്തിടെ വില്‍പ്പന കേന്ദ്രങ്ങളില്‍നിന്നും ഭക്ഷണശാലകളില്‍നിന്നും പിടിച്ചെടുത്തതില്‍നിന്ന് ഒരു കാര്യം വ്യക്തമാവുകയുണ്ടായി. ഇങ്ങനെ പിടിച്ചെടുക്കാന്‍ കഴിയുന്നത് ചെറിയൊരംശം മാത്രമാണ്. ഇതിനെക്കാള്‍ എത്രയോ ഭീമമായ അളവിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍ വിറ്റഴിക്കുന്നത്. ഭക്ഷണശാലകളുടെ ആകര്‍ഷകമായി തോന്നുന്ന പേരുകള്‍ക്കും കമനീയമായ അകത്തളങ്ങള്‍ക്കുമപ്പുറം അഴുക്കുകളാണ്. ശുചിത്വം തൊട്ടുതീണ്ടാത്ത അടുക്കളകളില്‍നിന്ന് കൃത്രിമമായ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളാണ് ആവശ്യക്കാരെ തേടിയെത്തുന്നത്.
വിദ്യാലയങ്ങളെ സരസ്വതീ ക്ഷേത്രങ്ങളായി കാണുന്നവരാണല്ലോ നമ്മള്. സ്വാഭാവികമായും അവിടം വിശുദ്ധമായിരിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ഉപേക്ഷയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. വര്‍ഷത്തിലൊരിക്കല്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിലൊതുങ്ങുന്നു ഇക്കാര്യത്തില്‍ അധികൃതരുടെ താത്പര്യം. വര്‍ഷങ്ങളായിട്ടും പാഠ്യപദ്ധതി പരിഷ്കരിക്കാതെ കുട്ടികള്‍ ഒരേ പാഠങ്ങള്‍ തന്നെ പഠിക്കേണ്ടിവരുന്നത് ഇതിന് ചുമതലപ്പെട്ടവരുടെ വീഴ്ചയാണല്ലോ. പൊതുവിദ്യാഭ്യാസം സൗജന്യമായി നല്‍കുന്നതാണെന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നുമുള്ള മനോഭാവമാണ് അധികൃതര്‍ പുലര്‍ത്തുന്നത്. ഈ മനോഭാവത്തിന്റെ അനന്തരഫലമാണ് വിദ്യാലയങ്ങളില്‍ അടിക്കടി ഉണ്ടാവുന്ന ഭക്ഷ്യവിഷബാധ. വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല, ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പുമൊക്കെ ഇതിന് ഉത്തരവാദികളാണ്. ജനങ്ങളോട് മറുപടി പറയാന്‍ ഈ വകുപ്പുകളുടെ മന്ത്രിമാര്‍ ബാധ്യസ്ഥരുമാണ്. മന്ത്രിമാര്‍ക്ക് ജനസേവനത്തില്‍ അടിസ്ഥാനപരമായ താത്പര്യമുണ്ടാവണം. അധരവ്യായാമങ്ങള്‍ക്കപ്പുറം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ഇടപെടണം. നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കാനെന്ന പേരില്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ കാണിച്ചതിന്റെ നൂറിലൊരംശം താത്പര്യം പൊതുവിദ്യാഭ്യാസത്തിന്റെയും മറ്റും കാര്യത്തില്‍ ഈ ഭരണാധികാരികള്‍ പ്രകടിപ്പിക്കുമെങ്കില്‍ പിഞ്ചുകുട്ടികളെ മരണത്തിന് വിട്ടുകൊടുക്കുന്ന ഭക്ഷ്യവിഷബാധപോലുള്ള പ്രശ്നങ്ങള്‍ ഒരിക്കലും സംഭവിക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: