ചിറ്റഗോങ്: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിന് സമീപം സീതാകുണ്ഡയില്‍ ഷിപ്പിങ് കണ്ടെയ്നര്‍ ഡിപ്പോയിലുണ്ടായ തീപ്പിടിത്തത്തിലും സ്ഫോടനത്തിലും 49 പേര് മരിച്ചു. നാനൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. മരണനിരക്ക് ഉയരുമെന്നാണ് സൂചന. കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
മുജീപൂര് റഹ്മാന് ഡയറക്ടറായിട്ടുള്ള ബിഎം കണ്ടെയ്നര്‍ ഡിപ്പോയിലാണ് ശനിയാഴ്ച രാത്രി തീപ്പിടിത്തമുണ്ടായത്. ഏതാണ്ട് നാലായിരത്തോളം കണ്ടെയ്നറുകളും അറുനൂറോളം തൊഴിലാളികളും ഇവിടെയുണ്ട്. ഭൂരിഭാഗം കണ്ടെയ്നറുകളില്‍ തുണികളും വസ്ത്രങ്ങളുമാണ്. ഡിപ്പോയില്‍ നിന്നും 40 കിലോമീറ്റര്‍ മാത്രം അകലെയാണ് പ്രധാന തുറമുഖമായ ചിറ്റഗോങ്. കുറച്ച് കണ്ടെയ്നറുകളില്‍ കെമിക്കല്‍ ഉണ്ടായിരുന്നതായാണ് സൂചന. ഇവയില്‍ നിന്നാവാം തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കെമിക്കല്‍ കണ്ടെയ്നറുകള്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആകാശത്തേയ്ക്ക് തീ ഉയര്‍ന്നത് ദൂരെ സ്ഥലങ്ങളിലുള്ളവര്ക്കുവരെ ദൃശ്യമായിരുന്നു. പത്തൊമ്പത് ഫയര്‍ എന്‍ജിനുകളാണ് തീ അണയ്ക്കുവാന്‍ കഠിന പ്രയഗ്നം നടത്തിയത്.
കെമിക്കലിന്റെ സാന്നിധ്യമാണ് തീപ്പിടിത്തത്തിന് കാരണമെന്ന് ഫയര്‍സര്‍വ്വീസ് ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ മെയ്ന്‍ ഉദ്ദിന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 ടാക്കയും പരിക്കേറ്റവര്‍ക്ക് 20,000 ടാക്കയും ചിറ്റഗോങ് ഡിവിഷണല്‍ കമ്മിഷണര്‍ അഷ്റഫ് ഉദ്ദിന്‍ സഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദു:ഖം രേഖപ്പെടുത്തി. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും എത്തിക്കുമെന്നും അവര്‍ പറഞ്ഞു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: