ചണ്ഡീഗഢ് : സുനില്‍ ജാഖറിന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസ്സില്‍ നിന്നും അഞ്ച് മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍. മുന്‍ മന്ത്രിമാരായ ബല്‍ബീര്‍ സിദ്ധു, ഡോ. രാജ് കുമാര്‍ വെര്‍ക, ശ്യാം സുന്ദര്‍ അറോറ, ഗുര്‍പ്രീത് കങ്ഗാര്‍, മൊഹാലി സിറ്റിങ് മേയര്‍ അമര്‍ ജീത് സിങ് സിദ്ദു എന്നിവരാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ബല്‍ബീര്‍ സിദ്ദുവിന്റെ സഹോദരനാണ് അമര്‍ജീത്. ചണ്ഡീഗഢിലെ ബിജെപി ഓഫീസില്‍ വെച്ചാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാഖറുമായും ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇവര്‍ പാര്‍ട്ടി വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
കഴിഞ്ഞ മാസമാണ് മുന്‍ പി.സി.സി അധ്യക്ഷനായിരുന്ന സുനില്‍ ജാഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ട് രാജസ്ഥാനില്‍ ചിന്തന്‍ ശിബരം നടന്ന് കൊണ്ടിരിക്കെയായിരുന്നു സുനില്‍ ജാഖര്‍ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലിരുന്നുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും ഈ അവസ്ഥയില്‍ മുന്നോട്ട് പോവാനാവില്ലെന്നും സുനില്‍ ജാഖര്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം ബിജെപിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇനിയും കൂടുതല്‍ പേര് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന സൂചനയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: