ആലപ്പുഴ: കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 24 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍. സ്കൂളില്‍ നിന്നും അങ്കണവാടിയില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്.
കായംകുളം ടൗണ്‍ ഗവണ്മെന്റ് യുപി സ്കൂളിലെ ഇരുപതോളം കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം. സ്കൂളില്‍ നിന്നും സാമ്പാറും ചോറുമാണ് വിദ്യാര്‍ത്ഥികള്‍ കഴിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടികള്‍ വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊട്ടാരക്കരയിലെ അങ്കണവാടിയില്‍ ഉച്ചഭക്ഷണം കഴിച്ച നാല് കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷണം കഴിച്ചയുടന്‍ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ രക്ഷിതാക്കളെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഉച്ചക്കട എല്‍എംഎസ് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി സ്കൂള്‍ അഞ്ച് ദിവസത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: