തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്വല വിജയം നേടി എന്നു പറയുന്നതിനേക്കാള്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങി എന്നു വിലയിരുത്തുന്നുതാവും രാഷ്ട്രീയമായി കൂടുതല്‍ ശരിയാവുക. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്ക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ വട്ടിയൂര്‍ക്കാവും കോന്നിയും പാലയുമൊക്കെ പിടിച്ചടക്കിയതുപോലെ എന്തു വിലകൊടുത്തും ജയിച്ചുകയറുമെന്ന അവകാശവാദവുമായി സര്‍വസന്നാഹത്തോടെയും രംഗത്തിറങ്ങിയ സിപിഎമ്മിനും ഇടതുമുന്നണിക്കും മുഖം നഷ്ടപ്പെട്ട പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. തൃക്കാക്കരയിലും വിജയിച്ച് നിയമസഭയില്‍ സെഞ്ച്വറി നേടുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഇരുപതോളം മന്ത്രിമാരും എഴുപതോളം എംഎല്‍എമാരും കാടിളക്കി നടത്തിയ പ്രചാരണം യാതൊരു നേട്ടവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല സിപിഎമ്മിന്റെ സ്വാധീന മേഖലകളില്‍പ്പോലും വോട്ടുകള്‍ കുത്തിയൊലിച്ചുപോവുകയും ചെയ്തു. ഭരണയന്ത്രം സമ്പൂര്‍ണമായി ദുരുപയോഗിച്ചും പണം പ്രളയംപോലെ ഒഴുക്കിയും വോട്ടര്‍മാരെ വിലയ്ക്കെടുക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടു. ഇടതുമുന്നണിയോടും മുഖ്യമന്ത്രിയോടും ബഹുഭൂരിപക്ഷം ജനങ്ങളും കടക്ക് പുറത്ത് എന്ന് ഒറ്റക്കെട്ടായി പറയുകയായിരുന്നു.
ജനാധിപത്യത്തിന്റെ അന്തസത്തക്കും അന്തസ്സിനും നിരക്കാത്ത എല്ലാ കുത്സിത മാര്‍ഗങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മും ഇടതുമുന്നണിയും പ്രയോഗിച്ചു. എങ്ങനെയും ജയിച്ചുകയറുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. സംഘടിത മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ വര്‍ഗീയ കാര്‍ഡുകള്‍ മാറിമാറി ഇറക്കിക്കളിച്ചു. മുത്തുപോലെയുള്ള സ്ഥാനാര്‍ത്ഥി എന്നു വിശേഷിപ്പിച്ച് ഹൃദ്രോഗ വിദഗ്ധനായ ജോ ജോസഫിനെ മത്സരിപ്പിച്ചത് ക്രൈസ്തവ സഭകളുടെ വോട്ട് മൊത്തത്തില്‍ നേടിയെടുക്കാം എന്നു വ്യാമോഹിച്ചായിരുന്നു. സഭയുടെ സ്ഥാനാര്‍ത്ഥിയാണ് ജോ ജോസഫ് എന്ന പ്രചാരണത്തിന് സിപിഎം തന്നെയാണ് തുടക്കം കുറിച്ചത്. ക്രൈസ്തവ സഭകളിലൊന്നിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ േജാലിചെയ്യുന്ന ഡോക്ടറുടെ സ്ഥാനാര്‍ത്ഥിത്വം അവിടെവച്ചുതന്നെ ക്രൈസ്തവ പുരോഹിതന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചത് സിപിഎമ്മിന്റെ ദുഷ്ടലാക്കായിരുന്നു. മറുവശത്ത് പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള മതഭീകരസംഘടനയ്ക്കൊപ്പം നിന്ന് മുസ്ലിം വോട്ടുകള്‍ മൊത്തമായി സമാഹരിക്കാനും ശ്രമിച്ചു. വിദ്വേഷപ്രസംഗം നടത്തിയെന്നതിന്റെ പേരില്‍ പി.സി. ജോര്‍ജിനെ വേട്ടയാടിയത് ഇസ്ലാമിക ഭീകരവാദികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ കൊലവിളി മുദ്രാവാക്യത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കോടതിയുടെപോലും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഒത്തുകളിയുടെ ഭാഗമായിട്ടാണെങ്കില്‍പ്പോലും ആ ഭീകരസംഘടനയില്‍പ്പെട്ടവര്‍ക്കെതിരെ കേസെടുക്കേണ്ടിവന്നത് തിരിച്ചടിയായി.
വിവിധ മതജാതിയില്‍പ്പെട്ട എംഎല്‍എമാരെയും മന്ത്രിമാരെയും പാര്‍ട്ടി നേതാക്കളെയുമൊക്കെ അതത് മതങ്ങളിലും ജാതികളിലുമുള്ളവരുടെ വീടുകളിലേക്ക് പറഞ്ഞുവിട്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലേക്ക് തരംതാഴാന്‍ പോലും സിപിഎമ്മിന് മടിയുണ്ടായില്ല. ഒരൊറ്റ വോട്ടിനെങ്കിലും ജയിച്ചുകയറിയാല്‍ ഈ വൃത്തികേടുകളെയൊക്കെ വെള്ളപൂശാമെന്നായിരുന്നു കണക്കുകൂട്ടല്‍. അണിയറയില്‍ ഇത്തരം അശ്ലീലങ്ങള്‍ അരങ്ങേറുമ്പോള്‍, കേരളത്തെ നശിപ്പിക്കുന്ന കെ റെയില്‍ പദ്ധതിയെ വികസനത്തിന്റെ അവസാനവാക്കായി അവതരിപ്പിച്ച് ജനപിന്തുണ നേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കാണിച്ച ധാര്‍ഷ്ട്യത്തെ ജനം കാല്ക്കീഴിലിട്ട് ചവിട്ടിയരച്ചിരിക്കുന്നു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതിനിടെ കോടതിയില്‍ അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. അന്തസ്സിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ പദ്ധതി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അതിനു തയ്യാറായില്ലെങ്കില്‍ ജനം അധികാരത്തില്‍നിന്ന് നിഷ്കരുണം വലിച്ചു താഴെയിടും. അധികാരത്തുടര്‍ച്ചയുടെ അഹങ്കാരംകൊണ്ട് അന്ധനായിപ്പോയ ഒരു ഭരണാധികാരിയുടെ നെറുകയില്‍ത്തന്നെയാണ് ജനങ്ങള്‍ പ്രഹരിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞതില്‍ യുഡിഎഫിന് സന്തോഷിക്കാം. പക്ഷെ തൃക്കാക്കരയിലെ വിജയം കോണ്‍ഗ്രസ്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായി കാണുന്നത് കഥയില്ലായ്മയാണ്. ജനവികാരത്തിന്റെ കുത്തൊഴുക്കില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വോട്ട് സമാഹരിക്കാന്‍ കഴിയാതെ പോയത് സ്വാഭാവികം. അപ്പോഴും സിപിഎമ്മിന് നേരിടേണ്ടിവന്ന പരാജയത്തിന്റെ നൂറിലൊരു അംശം േപാലുമാകുന്നില്ല ബിജെപിക്ക് സംഭവിച്ച തിരിച്ചടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: