തൃശൂര്‍: പ്രൊഫഷണല്‍ സൈക്കിളിംഗില്‍ പതിനായിരം കിലോമീറ്ററുകള്‍ പൂര്‍ത്തീകരിച്ച സന്തോഷത്തിന്റെ നിറവിലാണ് എടക്കുളം കുന്നത്തു വളപ്പില്‍ വീട്ടില്‍ സുകുമാരന്‍. കേരളത്തിന്റെ ദൂരങ്ങള്‍ മുഴുവന്‍ സുകുമാരന്റെ സൈക്കിള്‍ ചക്രങ്ങള്‍ കീഴടക്കി കഴിഞ്ഞു. വയനാട് ,മൂന്നാര്‍ , പൊന്മുടി, തിരുവനന്തപുരം, ആലപ്പുഴ എന്നീ റൈഡുകള്‍ക്കു പുറമെ ഊട്ടി, കൊടൈക്കനാല്‍, കന്യാകുമാരി എന്നിവിടങ്ങളിലേക്കും സുകുമാരന്റെ സൈക്കിളെത്തി. ഇപ്പോള്‍ ഫ്രാന്‍സ് കേന്ദ്രീകരിച്ചുള്ള ബിആര്‍എം എന്ന ക്ലബ്ബിന്റെ മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സുകുമാരന്‍.
നിശ്ചിത സമയത്തിനുള്ളില്‍ കിലോമീറ്ററുകള്‍ തീര്‍ക്കേണ്ട മത്സരമാണിത്. ഒക്ടോബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവരുടെ മത്സര കലണ്ടര്‍ . മത്സര നിബന്ധന പ്രകാരം ഇനി 600 കിലോമീറ്ററുകള്‍ കൂടി ബാക്കിയുണ്ട്. 200 കിലോമീറ്റര്‍ 13 മണിക്കൂര്‍ കൊണ്ടും , 300 കിലോമീറ്റര്‍ 20 മണിക്കൂര്‍ കൊണ്ടും , 400 കിലോമീറ്റര്‍ 30 മണിക്കൂര്‍ കൊണ്ടും ഫിനിഷ് ചെയ്തു. ഇനി 600 കിലോമീറ്റര്‍ 40 മണിക്കൂര്‍ കൊണ്ട് ചെയ്യണം.
ജൂണ്‍, ജൂലൈ മാസത്തില്‍ ഇത് തീര്‍ക്കാനാണ് സുകുമാരന്‍ ഉദ്ദേശിക്കുന്നത്. വര്‍ക്ക് ഔട്ട് റൈഡര്‍ ആയിട്ടാണ് ദിവസവും സൈക്കിള്‍ ചവിട്ടുന്നത്. ദിവസവും നൂറ് കിലോമീറ്റര്‍ യാത്ര ചെയ്യും. രാവിലെ അഞ്ചരക്ക് വീട്ടില്‍ നിന്നിറങ്ങി എട്ടരയോടെ തിരിച്ചെത്തും. ഹൈവേയിലൂടെയാണ് പ്രഭാതറൈഡിംഗ്. മണ്ണൂത്തി വഴി കയറി ആലത്തൂര്‍ വരെയോ ,കൊരട്ടി വരെയോ പോയി തിരിച്ചു വരും.
എല്ലാ വീക്കെന്‍ഡുകളിലും ദീര്‍ഘദൂര റൈഡുകളും നടത്താറുണ്ട്. അത് മുന്നൂറ് കിലോമീറ്റര്‍ വരും. സ്വന്തമായി മെഡിക്കല്‍ രംഗത്ത് ബിസിനസ് നടത്തുന്ന സുകുമാരന്റെ സൈക്കിള്‍ പ്രണയത്തിന് കട്ടപിന്തുണ നല്‍കുകയാണ് ഭാര്യ കവിതയും മക്കള്‍ കൈലാസ് നാഥും ശ്രിതയും. പത്തില്‍ പഠിക്കുന്ന കൈലാസ് നാഥ് ലോംഗ്റൈഡില് കൂടെ പങ്കെടുക്കാറുണ്ട്. മൂന്നാം ക്ലാസുകാരി ശ്രിത ഇപ്പോള്‍ തന്നെ ഇരുപത് കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയിട്ടുണ്ട്. സൈക്ലിംഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ട സുകുമാരന്റെ റൈഡുകളെല്ലാം സ്ലാവ എന്ന ആപ്ലിക്കേഷനിലൂടെ ഔദ്യോഗികമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: