കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടപ്പില്‍ ചരിത്ര വിജയുമായി ഉമ തോമസ്. 25016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് തൃക്കാക്കരയില്‍ നിന്നും നിയമസഭയിലേക്ക് എത്തുന്നത്. 70098 വോട്ടുകളാണ് ഉമ തോമസ് നേടിയത്.
എല്‍ഡിഎഫിന്റെ ജോ ജോസഫിന് 45834 വോട്ട് മാത്രമാണ് നേടാനായത്. 12588 വോട്ടാണ് എ.എന്‍. രാധാകൃഷ്ണന്‍ നേടിയത്. എല്‍ഡിഎഫിന്റെ ക്യാപ്റ്റന്‍ മുഖ്യമന്ത്രിക്കേറ്റ വന്‍ തിരിച്ചടിയാണ് ഇത്. തൃക്കാക്കരയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന ജോ ജോസഫിനെ തിരസ്‌കരിച്ച് ജനങ്ങള്‍ ഉമതോമസിനെ ഹൃദയത്തിലേറ്റിയിരിക്കുകയാണ്.
ബെന്നി ബഹനാന് കിട്ടിയതിനേക്കാള്‍ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി നിയമസഭയിലേക്ക് എത്തുന്നത്. ഇരുപതില്‍ത്താഴെ ബൂത്തുകളില്‍ മാത്രമാണ് ജോ ജോസഫിന് മുന്‍തൂക്കം കിട്ടിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലത്തിലെങ്ങും പടക്കം പൊട്ടിച്ചും മറ്റും ആഹ്‌ളാദ പ്രകടനത്തിലാണ്.
എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വോട്ടെണ്ണല്‍. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ അവസാന വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നത് വരെ ഉമാ തോമസ് എതിരാളികളെ മറികടക്കാന്‍ അനുവദിച്ചില്ല. ഒരോ റൗണ്ടിലും വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് ഉമ തോമസ് മുന്നേറിയത്.
നഗരമണ്ഡലമായ തൃക്കാക്കരയില്‍ ഇത്തവണ കണ്ടത് ഇതുവരെ കണ്ടതില്‍ ഏറ്റവും കുറഞ്ഞ പോളിംഗായിരുന്നു. ഇത്തവണ 68.77% പോളിംഗ് മാത്രമാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. 2021ല്‍ പി.ടി.തോമസ് 14329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബെഹനാന്‍ നേടിയ 22406 വോട്ടിന്റെ ലീഡായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. അതെല്ലാം പിന്തള്ളിക്കൊണ്ടാണ് ഉമ തോമസ് നിയമസഭയിലേക്ക് ചുവടുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: