കൊച്ചി : തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. പത്ത് റൗണ്ട് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് 22,501 ആയിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ഏറെ പിന്നിലാണ്.
ഉമ തോമസ് 57,586 ഡോ. ജോ ജോസഫ് 35,086 എ.എന്‍. രാധാകൃഷ്ണന് 10,820 എന്നിങ്ങനെയാണ് വോട്ട് നില. 2021 ല്‍ പി.ടി. തോമസിന്റെ ലീഡ് 9000 കടന്നത് ഒന്‍പതാം റൗണ്ടിലാണ്. ഇനി അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ മാത്രമാണ് അവശേഷിക്കുന്നത്. 2011ലെ ബെന്നി ബെഹന്നാന്റെ ഭൂരിപക്ഷമാണ് ഉമ തോമസ് തകര്‍ത്തത്. 22406 ആയിരുന്നു ബെന്നി ബെഹന്നാന്റെ ലീഡ്. വോട്ടെണ്ണല്‍ അവസാനത്തെ റൗണ്ടിലേക്ക് എത്തിയിരിക്കുകയാണ്. ഉച്ചയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.
ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ കുതിപ്പ്. യുഡിഎഫ് കോട്ട കാത്ത് കരുത്ത് തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഉമാ തോമസും യുഡിഎഫും. എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശയാണ്. നഗര കേന്ദ്രങ്ങലില്‍ എല്‍ഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി നേരിട്ടു. പോളിങ് കുറഞ്ഞ് ബൂത്തുകളില്‍ പോലും ഉമാ തോമസ് തന്നെയാണ് മുന്നില്‍.
യുഡിഎഫ് ക്യാമ്പുകളില്‍ ആഹ്ളാദ പ്രകടനങ്ങള്‍ തുടങ്ങി, മുദ്രാവാക്യങ്ങളും ആഘോഷങ്ങളുമായി പ്രവര്‍ത്തകര്‍ നിരത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കെ.വി. തോമസിന്റെ വീടിന് മുന്നിലും ആഘോഷ പ്രകടനങ്ങള്‍ നടത്തി. തിരുത മീനുമായെത്തി കെ.വി. തോമസിനെ പരിഹസിക്കുന്ന വിധത്തിലാണ് പ്രകടനം നടത്തിയത്. അദ്ദേഹത്തിന്റെ കോലം കത്തിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: