കൊച്ചി: തൃക്കാക്കരയിൽ നാലു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളം ജില്ലാ കമ്മറ്റി ഓഫീസായ ലെനിന്‍ സെന്‍ററില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. സിപിഎം സംസ്ഥാന സമിതിയംഗം സി.എം ദിനേശ് മണിയാണ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത്.
വോട്ടെണ്ണലിന്റെ ആദ്യ നാല് റൗണ്ടുകളിലെ ഫലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വീക്ഷിച്ചത് ലെനിന്‍ സെന്‍ററിലാണ്. വന്‍ ഭൂരിപക്ഷത്തിലേക്ക് ഉമ മുന്നേറുന്ന ഫലപ്രഖ്യാനങ്ങള്‍ പുറത്തുവന്നതോടെ ജോ ജോസഫ് ലെനിന്‍ സെന്‍റര്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത്. അഞ്ചാം റൗണ്ടിൽ പരാജയം പൂർണമായും സമ്മതിച്ച് സിപിഎം രംഗത്തെത്തിക്കഴിഞ്ഞു. പ്രചാരണം നയിച്ചത് എറണാകുളം ജില്ലക്കമ്മിറ്റിയാണെന്നും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ പങ്കില്ലെന്നും ജില്ലാ സെക്രട്ടറി സി. എൻ മോഹനൻ പറഞ്ഞു.
ഭരണത്തിന്റെ വിലയിരുത്തൽ അല്ല ഈ ഫലമെന്നും പാർട്ടി സെക്രട്ടറി അങ്ങനെ പറഞ്ഞിട്ടില്ലെന്നും സി. എൻ മോഹനൻ കൂട്ടിച്ചേർത്തു. ജനങ്ങളുടെ മനസിലുള്ള അഭിപ്രായ പ്രകടനമാണിത്. ജനവിധി അംഗീകരിക്കുന്നു. ഒരു മാസത്തോളം നടത്തിയ പ്രവര്‍ത്തനത്തിന്റെ രീതി നോക്കിയാല്‍ പരാജയത്തെ കുറിച്ച് ചിന്തിക്കാനാകുന്നില്ല. തോല്‍വി അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: