നരേന്ദ്ര സിങ് തോമര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി എല്ലാ മേഖലകളിലും കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് നടത്തിയ പരിശ്രമങ്ങള്‍ നല്കിയ സമ്പുഷ്ടഫലങ്ങളുടെ വിളവെടുപ്പുകാലമാണ് ഇത്. സര്‍ക്കാരിന്റെ പ്രതിബദ്ധതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും രാജ്യത്തെ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും അവസ്ഥയില്‍ സമ്പൂര്‍ണ നവീകരണം സാധ്യമാക്കുന്നതിനുമായി പരിപാടികളുടെയും പദ്ധതികളുടെയും രൂപത്തില്‍ പുതുമയാര്‍ന്ന നിരവധി സംരംഭങ്ങള്‍ക്ക് ഈ മന്ത്രാലയം തുടക്കമിട്ടു. കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ സുതാര്യമായി നല്കുന്ന ധനസഹായം കര്‍ഷകരില്‍ എത്തുന്നുമുണ്ട്. പല വിധത്തില്‍ കൃഷിക്കാരുടെ വരുമാനം വര്‍ധിക്കുന്നു. കൃഷി വ്യവസായമായി ഉയര്‍ന്നു വരുന്നു. കൃഷിക്കാരെ സംരംഭകരാക്കി ശാക്തീകരിക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് സര്‍ക്കാരിന്റെ പദ്ധതികളും പരിപാടികളും ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
എട്ടു വര്‍ഷമായി കൃഷിമന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കാര്‍ഷിക മേഖലയെ കര്‍ഷക സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ നടപ്പാക്കി കഴിഞ്ഞു. കര്‍ഷകക്ഷേമത്തോട് കേന്ദ്രസര്‍ക്കാരിനുള്ള താത് പര്യത്തിന്റെ പ്രതിഫലനമാണ് ഈ വര്‍ഷം കൃഷിക്ക് അനുവദിച്ചിരിക്കുന്ന 1. 32 ലക്ഷം കോടിയുടെ ബജറ്റ് വിഹിതം. എട്ടു വര്‍ഷം കൊണ്ട് കൃഷിക്കുള്ള ബജറ്റ് വിഹിതം ആറിരട്ടിയായി വര്‍ധിച്ചു. കാര്‍ഷിക മേഖലയിലെ വികസന യാത്ര ഇവിടെ അവസാനിക്കുന്നില്ല. ബജറ്റ് വിഹിതം വര്‍ധിപ്പിച്ചതിനുമപ്പുറം അത് ശരിയായി വിനിയോഗിച്ചു എന്നതിന് തെളിവാണ് ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് കാര്‍ഷിക വിളകളുടെയും റിക്കാര്‍ഡ് ഉത്പാദനം. 2021-22 ലെ മൂന്നാം അഡ്വാന്‍സ് എസ്റ്റിമേറ്റ് പ്രകാരം ഭക്ഷ്യധാന്യ ഉത്പാദനം 315 മില്യണ്‍ ടണ്‍ ആയിരിക്കും എന്ന് കണക്കാക്കപ്പെടുന്നു. മറ്റ് കാര്‍ഷിക വിളകളുടെ ഉത്പാദനവും ഏകദേശം 334 മില്യണ്‍ ടണ്‍ ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇത് സര്‍വ്വകാല റിക്കാര്‍ഡാണ്. കൊവിഡ് മഹാമാരിക്കിടയിലും, എന്തിന് റഷ്യ- ഉക്രൈന് പ്രതിസന്ധിയിലും നിരവധി നിര്‍ധന രാജ്യങ്ങള്‍ക്കും ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുകൊടുത്തു. അങ്ങനെ, ലോകത്തിലെ മുഖ്യ ഭക്ഷ്യധാന്യ സ്രോതസായി ഇന്ത്യ ഒരിക്കല്‍ കൂടി ഉയര്‍ന്നു വന്നിരിക്കുന്നു. രാജ്യത്തെ ഭക്ഷ്യ ധാന്യ ഉത്പാദനം റിക്കാര്‍ഡ് തലത്തില്‍ സുസ്ഥിര വര്‍ധന രേഖപ്പെടുത്തുന്നു എന്നു മാത്രമല്ല, ഇവിടെ നിന്നുള്ള കാര്‍ഷികോത്പന്ന കയറ്റുമതിയും തുടര്‍ച്ചയായി വര്‍ധിച്ച് ഏകദേശം നാലു ലക്ഷം കോടി രൂപയില്‍ എത്തി നില്ക്കുകയാണിപ്പോള്.
കൃഷിക്കാര്‍ക്ക് മികച്ച പ്രതിഫലവും ഉപജീവനമാര്‍ഗവും എന്ന ലക്ഷ്യം മനസ്സില്‍ വച്ചാണ് സര്‍ക്കാര്‍ റാബി, മറ്റ് നാണ്യ വിളകള്‍ എന്നിവയ്ക്ക് തുടര്‍ച്ചയായി താങ്ങുവില ഉയര്‍ത്തിയിട്ടുള്ളത്. 2013-14 ല്‍ ക്വിന്റലിന് 1310 രൂപ ആയിരുന്ന നെല്ലിന്റെ താങ്ങുവില ഇപ്പോള്‍ 1940 രൂപയിലെത്തിയിരിക്കുന്നു. അതുപോലെ 2013-14 ല്‍ ക്വിന്റലിന് 1400 രൂപ ആയിരുന്നു ഗോതമ്പിന്റെ താങ്ങുവില. ഇപ്പോള്‍ 3015 രൂപയാണ്.
2021-22 ലെ റാബി വിപണനകാലത്ത് 433.44 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് എന്നത്തെക്കാളും ഉയര്‍ന്ന താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ സംഭരിച്ചത്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇതുവരെ ഏറ്റവുമധികം ഗോതമ്പ് സംഭരിച്ചിട്ടുള്ളത്. റാബി സീസണില്‍ മാത്രം 49.19 ലക്ഷം ഗോതമ്പു കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 85,604.40 കോടി രൂപ കൈമാറി എന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ യോജന വഴി 11.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.82 ലക്ഷം കോടി രൂപ നേരിട്ട് നല്കി. ഈ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും സമഗ്രവും സുപ്രധാനവുമായ ഒരു പദ്ധതിയാണ്. ഇടനിലക്കാരന് ഒരു പങ്കുമില്ലാത്ത ഈ പദ്ധതി കര്‍ഷകരോടുള്ള സ്നേഹത്തിന്റെ അടയാളം കൂടിയാണ്.
മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ പൂര്‍ത്തീകരണമാണ് കോടിക്കണക്കിനു കൃഷിക്കാര്‍ക്ക് വിതരണം ചെയ്തിരിക്കുന്ന സോയില്‍ ഹെല്‍ത് കാര്‍ഡ്. മണ്ണിന്റെ ആരോഗ്യം ഉദ്ദേശിച്ചു കൊണ്ടാണ്, ഈ പദ്ധതി കൃഷിക്കാര്‍ക്കിടയില്‍ മെച്ചപ്പെട്ട വിളവിനായി മികച്ചതും ഫലപ്രദവുമായ കാര്‍ഷിക സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച ബോധവത്കരണം നടത്തി വരുന്നത്.
പ്രധാനമന്ത്രി മോദിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഈ വര്‍ഷത്തെ പൊതുബജറ്റില്‍ ജൈവകൃഷിക്കും പ്രകൃതി കൃഷിക്കുമായി പ്രത്യേക വിഹിതം സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. മണ്ണിന്റെ ആരോഗ്യത്തിനു പ്രത്യേക ഊന്നല്‍ നല്കി പ്രകൃതി കൃഷിയിലൂടെയും പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിച്ചു കൊണ്ടും കൃഷിക്കാരന്റെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഗംഗയുടെ ഇരു കരകളിലും അഞ്ച് കിലോമീറ്റര്‍ വീതം പ്രകൃതി കൃഷിക്കുള്ള സമഗ്ര കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്.
പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ചിന്തകള്‍ ഇവിടെ അവസാനിക്കുന്നില്ല.പ്രകൃതി കൃഷിയും രാസവിമുക്ത കൃഷിയും ഒരു വിഷയമായി കാര്‍ഷിക കോളജുകളില്‍ ബിരുദ ബിരുദാനന്തര ക്ലാസുകളില്‍ പഠിപ്പിക്കുന്നതിന് സിലബസ് തയാറാക്കുന്നതിനായി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴില്‍ സര്‍ക്കാര്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിന് മന്ത്രാലയവും ഐസിഎആറും പിന്തുണ നല്‍കും. പ്രകൃതി കൃഷിയുടെ വര്‍ത്തമാനകാല സ്വഭാവം കണക്കിലെടുത്ത് അത് ഗവേഷണ വിഷയമാക്കുന്നതിന് ഐസിഎആര്‍, കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കി. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പ്രകൃതി കൃഷിക്ക് സാധിക്കും. മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാഴ്ച്ചപ്പാടിന്റെ പ്രതീകം കൂടിയാണിത്.
വിവിധ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പുറമെ, കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന 1,00,000 കോടി രൂപ കൃഷിക്കാരോടുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയ്ക്കു തെളിവാണ്. സംഭരണശാലകള്‍, കസ്റ്റംസ് പരിശോധനാ കേന്ദ്രങ്ങള്‍, പ്രാഥമിക സംസ്കരണ യൂണിറ്റുകള്‍, തരം തിരിക്കല്‍ യൂണിറ്റുകള്‍ ശീതീകരണ സംഭരണികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ലഭ്യമാക്കുക. കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഈ പരമ്പരയില്‍ ആത്മനിര്‍ഭര്‍ ഭാരത് അഭിയാനു കീഴില്‍ ദേശീയ തേനീച്ച വളര്‍ത്തലും തേന്‍ ദൗത്യവും പ്രത്യേകമായി പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ തന്നെ ദേശീയ കാര്‍ഷിക വിപണി ( ഇ- നാം), പ്രധാന് മന്ത്രി കിസാന്‍ സഞ്ചായ് യോജന, ഹോര്‍ട്ടിക്കള്‍ച്ചര്‍ വികസന മിഷനു കീഴിലുള്ള കാര്‍ഷിക യന്ത്രവത്കരണ കൂട്ടായ്മ വികസന പരിപാടി തുടങ്ങിയവ കൃഷിക്കാരന്് പരമാവധി പ്രയോജനങ്ങള്‍ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.
പ്രധാന്‍മന്ത്രി ഫസല്‍ ബീമ യോജനയ്ക്കു കീഴില്‍ കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ക്ക് പ്രകൃതി ദുരന്തത്തില്‍ നിന്നും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിള ഇന്‍ഷുറന്‍സിലേക്കു കൂടുതല്‍ കൃഷിക്കാരെ കൊണ്ടുവരുന്നതിനായി മേരാ പോളിസി മേരാ ഹാത് പ്രചാരണ പരിപാടിയും ആരംഭിച്ചിട്ടുണ്ട്. കൃഷിക്കാര്‍ 21000 കോടി രൂപ പ്രീമിയമായി നിക്ഷേപിക്കുകയും വിള നശിച്ചാല്‍ 1.15 ലക്ഷം കോടി നഷ്ടപരിഹാരമായി നല്‍കുകയും ചെയ്യുന്നു. ഇതില്‍ നിന്ന് പ്രധാന്‍മന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രാധാന്യം അളക്കാന്‍ സാധിക്കും.
കാര്‍ഷികോത്പന്നങ്ങളുടെ അതിവേഗത്തിലുള്ള ചരക്കുനീക്കത്തിന് പ്രധാനമന്ത്രി മോദിയുടെ വളരെ സുപ്രധാനമായ ഒരാശയമാണ് കിസാന്‍ റെയില്‍ പദ്ധതി. പെട്ടന്ന് ഉപയോഗ ശൂന്യമായി പോകുന്ന പഴങ്ങളും പച്ചക്കറികളും വേഗത്തില്‍ കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിന്‍ ഓടിക്കുന്ന പദ്ധതിയാണിത്. കൃഷിക്കാരോടുള്ള സര്‍ക്കാരിന്റെ സമര്‍പ്പണത്തിന്റെ ഉദാഹരണമാണിതും. ഏകദേശം 2500 ട്രെയിനുകളാണ് 175 പാതകളിലൂടെ രാജ്യമെമ്പാടും ഇപ്പോള്‍ ഓടുന്നത് എന്നതില്‍ നിന്ന് കിസാന്‍ റെയിലിന്റെ വിജയം മനസ്സിലാകും. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാര്‍ഷിക സംരംഭങ്ങള്‍ക്കുമാണ് കൃഷി മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രത്യേക ഊന്നല്‍ കൊടുത്തിരിക്കുന്നത്. ഈ ദിശയില്‍ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഫലങ്ങള്‍ ദൃശ്യവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക സൗഹൃദ പദ്ധതികളിലൂടെ നമ്മുടെ കാര്‍ഷിക മേഖല പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: