കൊച്ചി: കെ സ്വിഫ്റ്റില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍, കെഎസ്ആര്‍ടിസിയില്‍ നിന്നു വിദഗ്ധ ഡ്രൈവര്‍മാരെ തേടി മാനേജ്മെന്റ്. കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന, വോള്‍വോ ബസുകളില്‍ പരിശീലനം നേടിയ ഡ്രൈവര്‍മാരെ കെ സ്വിഫ്റ്റിലേക്ക് വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ നിയമിക്കാനാണ് തീരുമാനം.
നിലവില്‍ കെ സ്വിഫ്റ്റിനായി തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് വേണ്ടത്ര പരിചയമില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതിനായി ഡ്രൈവര്‍മാരില്‍ നിന്ന് കെഎസ്ആര്‍ടിസി താത്പര്യപത്രം ക്ഷണിച്ചു. ഈ മാസം 10ന് മുമ്പായി പട്ടിക നല്‍കണമെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.
110 കെ സ്വിഫ്റ്റ് ബസുകളില്‍ മുപ്പതും അപകടത്തില്‍പെട്ടു. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ തൂണുകള്‍ക്കിടയില്‍ കൂടുങ്ങിയ ബസ് പുറത്തിറക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വേണ്ടിവന്നു. പതിനെട്ടര വര്‍ഷത്തെ പരിചയ സമ്പത്തുള്ള ജയചന്ദ്രന് എന്ന ജീവനക്കാരനാണ് കെ സ്വിഫ്റ്റിനെ ഊരാക്കുടുക്കില്‍നിന്ന് രക്ഷപ്പെടുത്തിയത്. ബസിന് നാശനഷ്ടം സംഭവിച്ചാല്‍ നഷ്ടം ഡ്രൈവര്‍ ഏറ്റെടുക്കേണ്ടി വരുമെന്നതിനാല്‍ മറ്റെല്ലാവരും പിന്മാറിയപ്പോഴാണു ഗ്ലാസിനുപോലും പോറല്‍ വീഴാതെ ജയചന്ദ്രന് ബസ് പുറത്തെടുത്തത്.
കെഎസ്ആര്‍ടിസിയില്‍ സാധാരണ ബസുകള്‍ ഓടിച്ച് ഏറെക്കാലത്തെ പരിചയമുള്ളവര്‍ വിദഗ്ധ പരിശീലനത്തിനു ശേഷമാണ് ഡീലക്സ് വണ്ടികള്‍ ഓടിക്കാറുള്ളത്. എന്നാല്‍ ഒരു മുന്പരിചയവുമില്ലാത്തവരാണ് സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍. ഈ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിയിലെ പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ കെ സ്വിഫ്റ്റിലേക്ക് നിയമിക്കാന്‍ കെഎസ്ആര്‍ടിസി എംഡി തീരുമാനം എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: