തിരുവനന്തപുരം : തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ കാണാനില്ല. 2010 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും, വെള്ളിയും പണവുമാണ് കാണാതായത്. 69 പവനോളം കാണാനില്ലെന്നാണ് സബ് കളക്ടറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ആര്‍ഡിഒ ഓഫീസിലെ സിനിയര്‍ സൂപ്രണ്ടിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനം.
ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടുമാരാണ് തൊണ്ടിമുതല്‍ സൂക്ഷിക്കുന്നത്. ഓരോ സൂപ്രണ്ടുമാര്‍ മാറി വരുമ്പോഴും തൊണ്ടി മുതലുകള്‍ പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തമെന്നാണ് ചട്ടം. എന്നാല്‍ 2017 ചുമതയേറ്റ ഒരു സൂപ്രണ്ടാണ് തൊണ്ടി മുതല്‍ ഇതിനുമുമ്പ് പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. അതിനുശേഷം ചുമതലയേറ്റ ഉദ്യോഗസ്ഥര്‍ ആരും കൃത്യമായി പരിശോധന നടത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടുമാരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
അതേസമയം കഴിഞ്ഞ വര്‍ഷം എജി നടത്തിയ ഓഡിറ്റിലും സ്വര്‍ണമെല്ലാം ലോക്കറിലുണ്ടെന്നായിരുന്നു കണ്ടെത്തല്‍. പരിശോധയിലുണ്ടായ വീഴ്ചയാണോ അതോ എജിയുടെ റിപ്പോര്‍ട്ടിന് ശേഷമാണോ മോഷണം നടന്നതെന്നും സംശയിക്കുന്നുണ്ട്. 1982 മുതലുള്ള തൊണ്ടിമുതലുകളാണ് സബ്- കളക്ടര്‍ പരിശോധിച്ചത്. ഇതില്‍ 2010 മുതല്‍ 2019 വരെ ആര്‍ഡിഒ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ മാത്രമേ കാണാതായിട്ടുള്ളൂ. 2021 ഫ്രെബ്രുവരിയിലെ എജിയുടെ പരിശോധന റിപ്പോര്‍ട്ടിനുസരിച്ച് 2017 മുതല്‍ ലോക്കറിലേക്കെത്തിയ 220 ഗ്രാം സ്വര്‍ണവും സുരക്ഷിതമാണ്.
എന്നാല്‍ തൊണ്ടിമുതല്‍ രജിസ്റ്ററുകളും തൊണ്ടിമുതലുകളും പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. രജിസ്റ്ററും തൊണ്ടിമുതലുകളും താരതമ്യം ചെയ്ത് പരിശോധിക്കാന്‍ രണ്ട് ദിവസം വേണ്ടിവരുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിജിലന്‍സിന് കേസ് കൈമാറുന്നതുവരെ പോലീസ് കേസില്‍ അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: