പയ്യന്നൂര്‍: മയക്കുമരുന്ന് കടത്തുകയായിരുന്ന വാഹനം പണം വാങ്ങി വിട്ടുനല്‍കിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ അന്വേഷണച്ചുമതല റൂറല്‍ അഡീഷണല്‍ പോലിസ് സൂപ്രണ്ട് പ്രിന്‍സ് അബ്രഹാമിന്. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പഴയങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ എം.ഇ. രാജഗോപാല്‍, കഴിഞ്ഞ മാസം പുതുതായി സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ച പി.ജെ. ജിമ്മി, പയ്യന്നൂരില്‍ കഴിഞ്ഞാഴ്ച ചുമതലയേറ്റ ഗ്രേഡ് എസ്ഐ എ.ആര്. ശാര്‍ങ്ങധരന്‍ എന്നിവരെയാണ് ഐജി അശോക് യാദവ് കഴിഞ്ഞദിവസം അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.
കഴിഞ്ഞമാസം പഴയങ്ങാടിയില്‍ പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ എസ്ഐ പി.ജെ. ജിമ്മിയാണ് വാഹന പരിശോധനക്കിടെ മാട്ടൂല്‍ സ്വദേശിയായ യുവാവിനെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പിടികൂടിയത്. എന്നാല്‍ പോലീസ് എഫ്ഐആറില്‍ കഞ്ചാവ് എന്നാക്കി ലഘൂകരിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു.
പോലീസ് ഒത്തുകളിയില്‍ പുറത്തിറങ്ങിയ യുവാവ് തളിപ്പറമ്പിലേക്കുള്ള യാത്രക്കിടെ പോലീസ് നിര്‍ദേശപ്രകാരം എംഡിഎംഎ കുപ്പം പുഴയില്‍ വലിച്ചെറിഞ്ഞ് കടന്നു കളയുകയായിരുന്നുവെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എഫ്ഐആറില്‍ എംഡിഎംഎക്ക് പകരം കഞ്ചാവ് കയറിയത് പോലീസ് ഉദ്യോഗസ്ഥരില്‍ ആരുടെ നിര്‍ദേശപ്രകാരമാണെന്ന ചോദ്യത്തിനിടയില്‍ പണം ഗൂഗിള്‍ പേ ചെയ്തതിന്റെ വിവരം പുറത്തുവന്നതായും പറയപ്പെടുന്നു.
രാജ്യാന്തരബന്ധമുള്ള ഇടനിലക്കാരനെ കണ്ടെത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ ഗൗരവകരമായ കാര്യങ്ങള്‍ പുറത്തുവരുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അതേസമയം പഴയങ്ങാടി സ്റ്റേഷനില്‍ സമീപനാളുകളിലായി നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതോടെ നാഥനില്ലാക്കളരിയായി. കൈകൂലി വിജിലന്‍സ് കേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ജയിലിലുമാണ്. തളിപ്പറമ്പ് എസ്ഐ പി.സി. സഞ്ജയ്കുമാറിന് താല്‍ക്കാലിക ചുമതല നല്കാന് റൂറല്‍ ജില്ലാ എസ്പി നിര്‍ദേശം നല്‍കിയതായറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: