കൊച്ചി: എറണാകുളം നഗരത്തില്‍ ബസ്സുകള്‍ ഹോണടിക്കുന്നതും മറ്റു വാഹനങ്ങളെ മറികടക്കുന്നതും ഹൈക്കോടതി വിലക്കി. മത്സരയോട്ടം പാടില്ല. റോഡിനു നടുവിലും മുന്നിലെ ബസ്സിനെ മറികടന്നും നിര്‍ത്താന്‍ പാടില്ല. ഒരു കാരണവശാലും റോഡിന്റെ മധ്യത്തിലേക്കോ വലതു വശത്തേക്കോ മാറാതെ ഇടതുവശം ചേര്‍ന്നു മാത്രമേ പോകാവൂയെന്നും ജസ്റ്റിസ് അമിത് റാവല്‍ ഉത്തരവിട്ടു. ഈ നിര്‍ദേശങ്ങളെല്ലാം നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കും ബാധകമാണെന്ന് കോടതി പറഞ്ഞു.
എറണാകുളം നഗരത്തിലെ ഒട്ടുമിക്ക സ്വകാര്യ ബസ്സുകളും ഓട്ടോറിക്ഷകളും നിയമം ലംഘിച്ചാണ് ഓടുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നഗര റോഡുകളുടെ വീതിക്കുറവും തിരക്കും പരിഗണിച്ച് ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് നല്കുന്നതിനു നിയന്ത്രണം വേണമെന്നും കോടതി നിര്‍ദേശിച്ചു. ഇവ നടപ്പാക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പെരുമ്പാവൂരില്‍ പുതിയ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് അനുവദിച്ചതിനെതിരേ നല്കിയ ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണ് എറണാകുളം നഗരത്തിലെ ഗതാഗത പ്രശ്നത്തില്‍ കോടതി സ്വമേധയാ ഇടപെട്ടു നിര്‍ദേശം നല്‍കിയത്.
പതിനഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നതിനെതിരേ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കര്‍ശന നടപടിയെടുക്കണം. നഗരത്തില്‍ ഓടുന്ന സ്വകാര്യ ബസ്സുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കാനും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: