ലക്നൗ: അയോദ്ധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണഭൂമിയുടേയും പരിസരത്ത് മദ്യശാലകള്‍ പാടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. അയോദ്ധ്യയില്‍ നിലവിലുള്ള എല്ലാ മദ്യശാലകളുടേയും ലൈസന്‍സും സര്‍ക്കാര്‍ റദ്ദ് ചെയ്തു.
2021 സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാര്‍ മഥുര വൃന്ദാവനത്തിന്റെ 10 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്ത് മദ്യവും മാംസവും വില്ക്കാന് അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. മഥുരയിലെ കൃഷ്ണോത്സവ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
അയോധ്യ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം. ഹോട്ടലുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് ബാറുകളും രണ്ട് മോഡല്‍ ഷോപ്പുകളും അടപ്പിക്കും. മഥുരയിലെ 37ഓളം ബിയര്‍ പാര്‍ലറുകളും മദ്യശാലകളും അടച്ചുപൂട്ടാനും ഉത്തരവില്‍ പറയുന്നു. മദ്യത്തിന് പകരം മഥുരയില്‍ പശുവിന് പാല് വില്‍പ്പന നടത്താമെന്നും അതുവഴി വ്യാപാരം പുനരുജ്ജീവിപ്പിക്കാമെന്നും സര്‍ക്കാര്‍ പറയുന്നു.
നേരത്തെ വാരണാസി, വൃന്ദാവനം, അയോധ്യ, ചിത്രകൂട്, ദേവ്ബന്ദ്, ദേവാ ഷെരീഫ്, മിസ്രിഖ്-നൈമിശാരണ്യ തുടങ്ങി എല്ലാ ആരാധനാലയങ്ങളിലേയും സമീപത്തുള്ള മദ്യവില്‍പ്പനയും മാംസാഹാരം വില്‍ക്കുന്നതും സര്‍ക്കാര്‍ തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: