മൂന്നാര്‍ : വ്യാജ പട്ടയമുണ്ടാക്കി നേടിയ മൂന്നാറിലെ ഒന്നര ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനം. മരിയാദാസ് എന്നയാല്‍ വ്യാജ രേഖയുണ്ടാക്കി തട്ടിയ ഭൂമി തിരിച്ചു പിടിക്കാന്‍ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ഇയാള്‍ കൈക്കലാക്കിയ നാല് പട്ടയങ്ങള്‍ റദ്ദാക്കിയത് കളക്ടര്‍ ശരിവെച്ചിട്ടുണ്ട്.
1999-ല്‍ മരിയാദാസ് തന്റെ ബന്ധുക്കളുടേയും ജോലിക്കാരുടേയും പേരില്‍ പട്ടയം സംഘടിപ്പിച്ച് ഒന്നര ഏക്കര്‍ ഭൂമി കൈക്കലാക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ബന്ധുക്കളൊന്നും അറിഞ്ഞിരുന്നില്ല. സ്വകാര്യ വ്യക്തി ഇതുസംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
തന്റെ മുത്തച്ഛന്റെ കാലത്ത് കൈവശം വെച്ചിരുന്നതാണെന്നും പിന്നീട് ഒരു സര്‍ക്കാര്‍ പദ്ധതിക്കായി കൈമാറിയ ഭൂമിയാണ് ഇത്. പിന്നീട് സര്‍ക്കാര്‍ പദ്ധതി നടപ്പിലാകാത്ത സാഹചര്യത്തില്‍ ഭൂമി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ വ്യക്തി പരാതി നല്‍കിയത്. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഉള്‍പ്പടെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിശദ പരിശോധന നടക്കുകയും ഭൂമി തിരിച്ചുപിടിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയുമായിരുന്നു.
ഇത്തരത്തില്‍ നാല് പട്ടയങ്ങളാണ് റദ്ദാക്കിയത്. ബാക്കി പതിനൊന്ന് പട്ടയങ്ങള്‍ കൂടി റദ്ദാക്കാന്‍ ദേവികുളം സബ് കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ആളുകളെ വിളിച്ച് ഹിയറിങ് ഉള്‍പ്പെടെ നടത്തി തുടര്‍നടപടി സ്വീകരിക്കാനാണ് സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: