ന്യൂദല്‍ഹി: പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ എല്ലാ പ്രായത്തിലുമുള്ളവരുടെ വിശാലമായ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
‘കെകെ എന്നറിയപ്പെടുന്ന പ്രശസ്ത ഗായകന് കൃഷ്ണകുമാര്‍ കുന്നത്തിന്റെ ആകസ്മിക വിയോഗത്തില്‍ ദു:ഖിക്കുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ എല്ലാ പ്രായത്തിലുമുള്ള ആളുകളെ സ്പര്‍ശിച്ചുകൊണ്ട് വൈവിധ്യമാര്‍ന്ന വികാരങ്ങളെ പ്രതിഫലിപ്പിച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ നാം അദ്ദേഹത്തെ എന്നും ഓര്‍ക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനം. . ഓം ശാന്തി.’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കെകെയുടെ മരണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കെകെയുടെ മൃതദേഹം ഇന്നു പോസറ്റ്മോര്‍ട്ടം ചെയ്യും. കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്കിടെ കെകെയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. അതേസമയം, പരിപാടി നടന്ന ഹാളില്‍ എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ചൂട് മൂലം കെകെ അസ്വസ്ഥനായിരുന്നെന്നും ബംഗാളിലെ ബിജെപി നേതാക്കള്‍ ആരോപിച്ചു.
കെകെ കുഴഞ്ഞുവീണ ഹോട്ടല്‍ മുറിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു. സംഗീത പരിപാടിയുടെ സംഘാടകരെയും കെകെ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. കൊല്‍ക്കത്ത നസറുള്‍ മഞ്ചിലെ വിവേകാനന്ദ കോളേജില്‍ ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ 53 കാരനായ കെകെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: