കൊച്ചി : ഒരു മാസത്തെ വിദേശ വാസത്തിന് ശേഷം നാട്ടിലെത്തിയ വിജയ് ബാബു ആദ്യം പോയത് ക്ഷേത്ര ദര്‍ശനത്തിന്. രാവിലെ ഒമ്പതിന് എമിറേറ്റ്സ് വിമാനത്തില്‍ കൊച്ചിയിലെത്തിയ അദ്ദേഹം ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലേക്കാണ് എത്തിയത്. ഇവിടെ ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി.
ആലുവ സൗത്ത് സ്റ്റേഷനില്‍ രാവിലെ 11 മണിയോടെ നടന് ഹാജരാവുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം പോലീസ് സ്റ്റേഷനിലേക്ക് തിരിക്കുകയായിരുന്നു. ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് ശേഷം ഫ്ളാറ്റിലേക്ക് തിരിക്കും.
കോടതി നടപടികളില്‍ വിശ്വാസമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണ്ണമായും സഹകരിക്കും. ഈ സമയത്ത് തനിക്കൊപ്പം നില്ക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു. സത്യം തെളിയും, കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വിജയ് ബാബു കൊച്ചിയില്‍ എത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കേസില്‍ കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് വിജയ് ബാബു നാട്ടിലേക്ക് തരിച്ചുവന്നത്. നടി പരാതി നല്‍കിയതിന് പിന്നാലെ വിദേശത്തേയ്ക്ക് കടന്നതാണ് നടന്. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്ത് വിട്ടയയ്ക്കാനാണ് പോലീസിന്റെ തീരുമാനം.
അതേസമയം കേസ് അടുത്ത തവണ പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്നും, നടനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും കോടതി വിലക്കിയിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം നാട്ടിലേക്ക് തിരിച്ചെത്തിയാല്‍ മതിയെന്നാണ് വിജയ് ബാബുവിന് ലഭിച്ച നിയമോപദേശം. ഇതിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് തിരിച്ചെത്തുന്നത് നീണ്ടുപോയത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: