പാലക്കാട്: രണ്ടുവര്‍ഷത്തെ കൊവിഡ് മഹാമാരിക്ക് ശേഷം ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക് എത്തുകയാണ്. അവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും സജീകരിച്ചുവെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഉച്ചഭക്ഷണം മുടങ്ങുമോ എന്ന ഭയത്തിലാണ് സ്കൂള്‍ അധികൃതര്‍. സപ്ലൈകോ ഗോഡൗണില്‍നിന്നും അരി ലഭിക്കാത്തതാണ് ഇതിനുകാരണം.
നഗരസഭ സമീപ പഞ്ചായത്തുകളായ കണ്ണാടി, പുതുപ്പരിയാരം, പിരായിരി, മരുതറോഡ്, കൊടുമ്പ് തുടങ്ങി സ്ഥലങ്ങളിലെ സ്കൂളുകളിലേക്ക് കല്‍മണ്ഡപം സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നാണ് അരി വിതരണം ചെയ്യുന്നത്. സ്കൂള്‍ അധികൃതര്‍ രണ്ടുദിവസമായി ഗോഡൗണില്‍ അരിക്കുവേണ്ടി എത്തുന്നുണ്ടെങ്കിലും സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്.
പുതിയ അധ്യയന വര്‍ഷത്തില്‍ ആദ്യ ദിവസം മുതല്‍ തന്നെ സ്കൂളില്‍ ഉച്ചഭക്ഷണം നല്‍കണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. എന്നാല്‍ അരി കിട്ടാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ഉച്ചഭക്ഷണം നല്‍കുന്നതിനെ ചൊല്ലി അങ്കലാപ്പിലാണ്. മുഴുവന്‍ സ്കൂളിലേക്ക് അരി വിതരണം ചെയ്യുന്നതിന് ആറ് ലോഡ് അരി വേണമെന്നാണ് സപ്ലൈസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ രണ്ട് ലോഡ് മാത്രമേ വരാന്‍ സാധ്യതയുള്ളൂവെന്നും അവര്‍ പറഞ്ഞു.
ഇത്തരമൊരു സഹാചര്യത്തില്‍ ഇനി അരി വന്നാലും മുഴുവന്‍ സ്കൂളുകളിലേക്കും വിതരണം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഉച്ചഭക്ഷണ വിതരണം അവതാളത്തിലാകുമെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: