കോട്ടയം: കൊവിഡ് മഹാമാരി മൂലം അടഞ്ഞുകിടന്ന സ്കൂളുകള്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തവണ വിപണിയില്‍ ഉണര്‍വ് അനുഭവപ്പട്ടതായി വ്യാപാരി സമൂഹം. എന്നാല്‍ വ്യാപാരത്തില്‍ അമിതാവേശം പ്രകടമല്ലെന്നും അവര്‍ പറയുന്നു.കൊവിഡ് മൂലം നഷ്ടപ്പെട്ട വിപണി ഒരു പരിധിവരെ തിരിച്ചു പിടിക്കാനായതിന്റെ ആശ്വാസം വ്യാപാരികളുടെ വാക്കുകളില്‍ പ്രകടം. തയ്യല്‍ കടകളും പൊടിപൊടിച്ചു. കുട്ടികളുടെ പ്രിയമേറിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഛോട്ടാ ഭീം, ഡോറാ, ബുജി, സ്പൈഡര്മാന് എന്നിവയുടെ ചിത്രങ്ങളടങ്ങിയ ബാഗുകള്‍ക്കും വര്‍ണ്ണ കുടകള്ക്കുമായിരുന്നു ഇത്തവണ ഏറെ പ്രിയം.
ചെറിയ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധ ആകൃതിയിലും വര്‍ണത്തിലുമുള്ള കുടകളാണ് ഇതില്‍ പ്രധാനം. ബ്രാന്‍ഡഡ് കുടകള്‍ക്ക് 135 രൂപ മുതലും മഴക്കോട്ട് 199 രൂപ മുതലും ബാഗ് 245 രൂപ മുതലുമാണ് വില്പന. നോട്ട് ബുക്കുകള്‍, ബാഗ്, വാട്ടര്‍ ബോട്ടില്‍, ജോമട്രി ബോക്സുകള്‍, പുസ്തകം പൊതിയാനുളള കടലാസ്, പെന്‍സില്‍, പേന, സ്ലേറ്റ് എന്നിവ ഉള്‍പ്പെടെ കടകളില്‍ എത്തിക്കപ്പെട്ട മിക്ക സാധനങ്ങളും ഇതിനകം തന്നെ വിറ്റഴിയപ്പെട്ടു.
വിലക്കയറ്റം രക്ഷിതാക്കള്‍ക്ക് ബാധ്യതയാകുമ്പോഴും തുണിക്കടകളിലും ചെരുപ്പുകടകളിലും തിരക്കുകള്‍ക്ക് കുറവില്ല. യൂണിഫോം തുണിത്തരങ്ങള്‍ക്ക് ഇത്തവണ മീറ്ററിന് 20 മുതല്‍ 40 രൂപ വരെയാണ് വര്‍ധന. സ്വകാര്യ സ്കൂളുകളില്‍ മാനേജ്മെന്റ് മുന്‍കൈയെടുത്ത് യൂണിഫോം തയ്ച്ചു നല്‍കുകയാണ്. 2,000 മുതല്‍ 5,000 രൂപ വരെയാണ് ഇതിന്റെ ചെലവ്. ഗതാഗതച്ചെലവ്, ഇന്ധനം, രാസവസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധന, പ്രധാന ഉല്പാദക സ്ഥലമായ മുംബൈയിലെ പവര്‍കട്ട് എന്നിവ യൂണിഫോം തുണിയുടെ വില വര്‍ധനക്ക് കാരണമായതായി വ്യാപാരികള്‍ പറയുന്നു.
50 രൂപ മുതല്‍ മുകളിലേക്കാണ് പെന്‍സില്‍ ബോക്സുകളുടെ വില. ഇത് നൂറും ഇരുനൂറും കടക്കും. വാട്ടര്‍ ബോട്ടില്‍ വാങ്ങണമെങ്കില്‍ 250 രൂപയാകും. ചോറ്റുപാത്രത്തിന് 15 രൂപയുടെ വര്‍ധനയുണ്ടായതായി വ്യാപാരികള്‍ പറയുന്നു.നോട്ട് ബുക്ക്, പെന്‍സില്‍, റബ്ബര്‍, ഷാര്പ്നര് എന്നിവക്കെല്ലാം നേരിയ തോതില്‍ വില വര്‍ധിച്ചിട്ടുണ്ട്. ഇവയെല്ലാം പല നിലവാരത്തില്‍ പല വിലക്ക് ലഭിക്കുമെന്നതിനാല്‍ ഓരോരുത്തരും അവരവരുടെ ബജറ്റിന് ഒതുങ്ങുന്നവ മാത്രം തെരഞ്ഞെടുക്കുകയാണ്. ചെരുപ്പ്, ഷൂസ് എന്നിവക്കും വന്‍ തുക തന്നെ രക്ഷിതാക്കള്‍ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. ഒന്നിലേറെ കുട്ടികള്‍ ഒരു വീട്ടില്‍ നിന്ന് സ്കൂളില്‍ പോകാനുള്ളിടത്ത് ചെലവ് താങ്ങാനാവുന്നതിനും അപ്പുറമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. എങ്കിലും വിപണിയില്‍ തിരക്കിന് കുറവില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: