എസ്. ശ്രീനിവാസ് അയ്യര്‍
ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം, മരണം തുടങ്ങിയ ഗ്രഹാവസ്ഥകളെ മുന്‍പ് നാം പരിചയപ്പെട്ടിട്ടുണ്ട്. ഇവിടെ പത്ത് ഗ്രഹാവസ്ഥകളെ വിവരിക്കുന്നു. ഗ്രഹം ഏത് രാശിയില്‍ നില്‍ക്കുന്നുവെന്നതാണ് ഈ തരംതിരിവിന് ആസ്പദം.
‘ജാതക പാരിജാതം’ ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമായ പ്രമാണഗ്രന്ഥമാണ്. ഏത് രാശിയില്‍ ഗ്രഹം നില്‍ക്കുന്നു, ആ രാശിയുമായി പ്രസ്തുത ഗ്രഹത്തിന് എന്താണ് ബന്ധം എന്നതിനെ അവലംബമാക്കി പത്തുതരം ഗ്രഹാവസ്ഥകള്‍ ജാതക പാരിജാതത്തില്‍ വിവരിക്കപ്പെടുന്നുണ്ട്. അവയുടെ സവിശേഷതകള്‍ നോക്കാം.
‘ദീപ്തസ്സ്വസ്ഥ സമുദിത
ശ്ശാന്തശ്ശക്ത പ്രപീഡിത
ദീനഃ ഖലസ്തു വികലോ
ഭീതോവസ്ഥാ ദശക്രമാല്‍’
ഇതാണ് ജാതകപാരിജാത ശ്ലോകം. ആ പത്ത് അവസ്ഥകള്‍ ഇവയാണ്. 1.ദീപ്തന്‍ 2. സ്വസ്ഥന്‍. 3. മുദിതന്‍ 4. ശാന്തന്‍ 5. ശക്തന്‍ 6. പീഡിതന്‍ 7. ദീനന്‍ 8. ഖലന്‍ 9. വികലന്‍ 10. ഭീതന്‍
എന്തുകൊണ്ട് ഗ്രഹങ്ങള്‍ ഇപ്രകാരം വിളിക്കപ്പെടുന്നു, ആ പേരിലെ പൊരുളെന്താണ്, എന്താണ് ഫലം എന്നിവ പരിശോധിക്കാം.
1. ദീപ്തന്‍: ഉച്ചക്ഷേത്രം, മൂലത്രികോണം എന്നിവയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹത്തെയാണ് ദീപ്തന്‍ എന്നു വിളിക്കുന്നത്. പ്രകാശം പരത്തുന്ന ഗ്രഹമായിരിക്കും ദീപ്തന്‍. പൊതുവേ ജീവിതവിജയം പ്രതീക്ഷിക്കാം. കൂടാതെ പലതരം നേട്ടങ്ങളുമുണ്ടാകും ആ ഗ്രഹത്തിന്റെ ദശാപഹാരാദികളില്‍ എന്ന് വ്യംഗ്യം.
സൂര്യന്റെ ഉച്ചം മേടം രാശിയും മൂലക്ഷേത്രം ചിങ്ങം രാശിയും. സൂര്യന്‍ ഒരാളുടെ ഗ്രഹനിലയില്‍ ഇവയിലൊരു രാശിയിലാണെങ്കില്‍ സൂര്യന്‍ ദീപ്തന്‍ എന്ന വിശേഷണത്തിനര്‍ഹനാണ്. അതനുസരിച്ച് സല്‍ഫലങ്ങള്‍ സൂര്യനില്‍ നിന്നും ജാതകന്/ജാതകയ്‌ക്ക് കൈവരികയും ചെയ്യും.
ചന്ദ്രന് ഉച്ചരാശിയും മൂലക്ഷേത്രവും ഇടവമാണ്. ചൊവ്വയ്‌ക്ക് ഉച്ചം മകരം, മൂലക്ഷേത്രം മേടവും, ബുധന് ഉച്ചമൂലാദികള്‍ കന്നി, വ്യാഴത്തിന് ഉച്ചം കര്‍ക്കടകം, മൂലക്ഷേത്രം ധനു, ശുക്രന് ഉച്ചം മീനം, മൂലം തുലാം, ശനിക്ക് ഉച്ചം തുലാം, മൂലം കുംഭം ഇങ്ങനെയാണ് വരിക. രാഹുകേതുക്കളുടെ ദശാവസ്ഥകള്‍ പരിഗണിക്കാറില്ല.
2. സ്വസ്ഥന്‍: സ്വക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹമാണ് സ്വസ്ഥന്‍ എന്ന് ഈ നിയമം നിര്‍വചിക്കുന്നു. ഉച്ചവും മൂലക്ഷേത്രവും കഴിഞ്ഞാല്‍ ഗ്രഹബലം ശക്തമായി കാണപ്പെടുന്നത് സ്വക്ഷേത്രത്തിലാണ്. സാമാന്യമായിപ്പറഞ്ഞാല്‍ സൂര്യന് ചിങ്ങം, ചന്ദ്രന് കര്‍ക്കടകം, ചൊവ്വയ്‌ക്ക് മേടവൃശ്ചികങ്ങള്‍, ബുധന് കന്നിമിഥുനങ്ങള്‍, വ്യാഴത്തിന് ധനുമീനങ്ങള്‍, ശുക്രന് ഇടവതുലാം രാശികള്‍, ശനിക്ക് മകരകുംഭങ്ങള്‍ എന്നിവ സ്വക്ഷേത്രങ്ങള്‍. ഒരേരാശി തന്നെ ഉച്ചം, മൂലക്ഷേത്രം, സ്വക്ഷേത്രം എന്നിവ മൂന്നുമായി വരുന്ന സ്ഥിതിയുമുണ്ട്. അവിടെ ആകെയുളള രാശിയുടെ മുപ്പത് ഡിഗ്രിയെ പകുത്താണ് ബലം പറയുന്നത്. സ്വസ്ഥാവസ്ഥയിലെ ഗ്രഹം കീര്‍ത്തി, സ്ഥാനപ്രാപ്തി, ധനോന്നതി, മനസ്സ്വസ്ഥത എന്നിവ സമ്മാനിക്കും.
3. മുദിതന്‍: മോദത്തോടെ, സന്തോഷത്തോടെ ഇരിക്കുന്ന ഗ്രഹമാണ് മുദിതന്‍. ഗ്രഹങ്ങള്‍ക്കിടയില്‍ മൂന്നുതരം ബന്ധങ്ങള്‍ കാണാം. ബന്ധു(മിത്രം), ശത്രു, സമന്‍ എന്നിങ്ങനെ. സ്വന്തം ബന്ധുവായിട്ടുള്ള ഗ്രഹത്തിന്റെ രാശിയില്‍ സ്ഥിതി ചെയ്താല്‍ സ്വസ്ഥനാണ് പ്രസ്തുതഗ്രഹം എന്ന് പറയണം. സൂര്യന് ചന്ദ്രന്‍, ചൊവ്വ, വ്യാഴം എന്നിവ ബന്ധു/മിത്ര ഗ്രഹങ്ങള്‍. അവയുടെ രാശികളായ കര്‍ക്കിടകം, മേടം, വൃശ്ചികം, ധനു, മീനം എന്നിവയില്‍ സ്ഥിതി ചെയ്യുന്ന സൂര്യന്‍ മുദിതാവസ്ഥയിലാണ്. ജാതകന്/ജാതകയ്‌ക്ക് അപ്രകാരമുള്ള സൂര്യന്റെ ദശാപഹാരങ്ങളില്‍ നല്ലഫലം ഭവിക്കുന്നു. മറ്റു ഗ്രഹങ്ങളുടെ ബന്ധുക്കള്‍ ഇവരാണ്: ചന്ദ്രന് സൂര്യനും ബുധനും, ചൊവ്വയ്‌ക്ക് ചന്ദ്രനും സൂര്യനും വ്യാഴവും, ബുധന് സൂര്യനും ശുക്രനും, വ്യാഴത്തിന് സൂര്യനും ചന്ദ്രനും ചൊവ്വയും, ശുക്രന് ബുധനും ശനിയും, ശനിക്ക് ബുധനും ശുക്രനും ! ബന്ധുഗ്രഹത്തിന്റെ രാശികളില്‍ മുദിതനാണ്/സന്തുഷ്ടനാണ് ഒരു ഗ്രഹം. ആ സന്തുഷ്ടി ജാതകനിലേക്കും സംക്രമിക്കുന്നത് സ്വാഭാവികം മാത്രം.
4. ശാന്തന്‍: ശുഭവര്‍ഗത്തില്‍ നില്‍ക്കുന്ന ഗ്രഹത്തെയാണ് ശാന്തന്‍ എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ ഷഡ്വര്‍ഗ ചിന്തയിലൂടെയാണ് ശുഭ/അശുഭ വര്‍ഗം തെളിയുക. അത് വിപുല വിഷയമാകയാല്‍ ഇവിടെ അതിനൊരുങ്ങുന്നില്ല. ശാന്തനായ ഗ്രഹം മനസ്സുഖം, കര്‍മ്മവിജയം, ബഹുമതി എന്നിവയ്‌ക്ക് കാരണമാകും.
5. ശക്തന്‍: വക്രഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ശക്തന്‍. അത് പഞ്ചാംഗത്തിലുണ്ടാവും അവരവരുടെ ജാതകത്തില്‍/ഗ്രഹനിലയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ടായിരിക്കും. ഇംഗ്ലീഷില്‍ ‘ഞ’ എന്നും മലയാളത്തില്‍ ‘വ’ എന്നും ഉള്ള അക്ഷരങ്ങള്‍ വക്രത്തെ കുറിക്കുന്നു. വക്രത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം ജാതകനെ ശക്തനാക്കും. അയാള്‍ വിപല്‍സന്ധികളില്‍ തളരില്ല. ശത്രുക്കളെ പരാജയപ്പെടുത്തും. മത്സരങ്ങളില്‍ വിജയിക്കും.
6. പീഡിതന്‍: ഗ്രഹയുദ്ധത്തില്‍ തോറ്റ ഗ്രഹമാണ് പീഡിതന്‍. ഗ്രഹങ്ങള്‍ പരസ്പരം ഒരു ഡിഗ്രിയില്‍ വരുമ്പോഴാണ്, സമലിപ്തന്മാര്‍ ആകുമ്പോഴാണ്, അവര്‍ക്കിടയില്‍ യുദ്ധം വരുന്നത് എന്ന് നിയമം അനുശാസിക്കുന്നു. നന്മയോ സല്‍ഫലങ്ങളോ നല്‍കാന്‍ യുദ്ധപരാജിതനായ ഗ്രഹത്തിന് കഴിവുണ്ടാവില്ല. സ്വന്തംനില പരുങ്ങലില്‍ ആയ ഒരു ഗ്രഹം നന്മ ചെയ്യില്ലെന്നത്, അതിന് ആ കഴിവില്ലെന്നത് വ്യക്തമാണല്ലോ?
7. ദീനന്‍: ശത്രുക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹമാണ് ദീനന്‍. സൂര്യന് ശനി ശുക്രന്മാരും, ചൊവ്വയ്‌ക്ക് ബുധനും, ബുധന് ചന്ദ്രനും, വ്യാഴത്തിന് ബുധശുക്രന്മാരും, ശുക്രന് സൂര്യചന്ദ്രന്മാരും, ശനിക്ക് സൂര്യചന്ദ്രകുജന്മാരും ശത്രുക്കള്‍. ചന്ദ്രന് ശത്രുക്കളില്ലെന്നാണ് നിയമം. ശത്രുക്കളുടെ രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹം രോഗം, തോല്‍വി, ഋണബാധ്യത, ശത്രുശല്യം എന്നിവയ്‌ക്ക് കാരണമാകാം.
8. ഖലന്‍: പാപഗ്രഹങ്ങളുടെ രാശിയിലും പാപഗ്രഹങ്ങളുടെ യോഗം, ദൃഷ്ടി എന്നിവയോടുകൂടിയും, ഷഡ്വര്‍ഗചിന്തയില്‍ പാപവര്‍ഗാധിക്യത്തിലും നില്‍ക്കുന്ന ഗ്രഹമാണ് ഖലന്‍. അങ്ങനെയുള്ള അവസ്ഥയില്‍ നില്‍ക്കുന്ന ഗ്രഹം തിരിച്ചടികള്‍, അധാര്‍മിക കര്‍മ്മങ്ങള്‍, വ്യവഹാരം, അവമതിപ്പ്, ചോരശല്യം എന്നിവ സൃഷ്ടിച്ചേക്കാം.
9. വികലന്‍: മൗഢ്യത്തില്‍ നില്‍ക്കുന്ന ഗ്രഹമാണ് വികലന്‍. സൂര്യസാമീപ്യമാണ് മൗഢ്യത്തിന് കാരണം. സൂര്യന്റെ നിശ്ചിത അകലത്തിലെത്തുമ്പോള്‍ ഗ്രഹങ്ങളുടെ ശക്തി/പ്രകാശം ചോര്‍ന്ന് അവ മൗഢ്യാവസ്ഥയിലാകുന്നു. അങ്ങനെയുള്ള ഗ്രഹം വലിയ തിരിച്ചടികളും ആത്മഗ്ലാനിക്കും കാരണമാകും. അശാന്തി, പലായനം, കുറ്റവാസന ഇവ ചില ഫലങ്ങള്‍ മാത്രം.
10. ഭീതന്‍: നീചരാശിയില്‍ നില്‍ക്കുന്ന ഗ്രഹത്തെ ഭീതന്‍ എന്ന് വിളിക്കുന്നു. സൂര്യന് തുലാം, ചന്ദ്രന് വൃശ്ചികം, ചൊവ്വയ്‌ക്ക് കര്‍ക്കടകം, ബുധന് മീനം, വ്യാഴത്തിന് മകരം, ശുക്രന് കന്നി, ശനിക്ക് മേടം എന്നിവ നീചരാശികള്‍. ഗ്രഹനിലയില്‍, അതായത് ജനനവേളയില്‍ നീചരാശിയില്‍ നില്‍ക്കുന്ന ഗ്രഹം യാതൊരു നന്മയും ചെയ്യുകയില്ല. ജീവിതത്തില്‍ നിരന്തരമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കാന്‍ നീചരാശിയിലെ ഗ്രഹത്തിന് കഴിഞ്ഞേക്കും.
ഇവയില്‍ ആദ്യ അഞ്ച് അവസ്ഥയിലെ ഗ്രഹങ്ങള്‍ ഗുണദാതാക്കളാണ്. ശേഷിക്കുന്നവയഞ്ചും ക്ലേശകര്‍ത്താക്കളും. ‘സാരാവലി’ എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ ചില വ്യത്യസ്ത പക്ഷങ്ങളും ഉണ്ട്. ഒറ്റവായന കൊണ്ട് ജ്യോതിഷതത്ത്വങ്ങളെ ‘കരതലാമലകം’ ആക്കാനാവുകയില്ല. വസ്തുതകള്‍ക്ക് നാനാവശങ്ങളുണ്ട്. പുനര്‍വായനകളും പുതുവീക്ഷണങ്ങളും നടത്തുമ്പോള്‍ മാത്രമാണ് സത്യദര്‍ശനം ഭവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: