ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കോണ്‍ഗ്രസിന് പണിയാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനെക്കുറിച്ചല്ല പണിയും വെപ്രാളവും. ആരെ തുണയ്ക്കും, ആരെ നിര്‍ത്തും എന്നതാണ് മുഖ്യവിഷയം. ഏറെക്കാലം ലോക്സഭയില്‍ ഇരിക്കുകയും നിയമസഭയിലും മന്ത്രിസഭയിലും അംഗമായിരുന്ന കെ.വി.തോമസിന്റെ കഥ അറിയാമല്ലൊ. വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കാന്‍ നോക്കി. പഴുത് കിട്ടിയില്ല. രാജ്യസഭയൊന്ന് നോക്കിയാലോ എന്ന ആലോചനയും ക്ലച്ച് പിടിച്ചില്ല. എറണാകുളത്തെ കൊമ്പനാനയെന്ന് കരുതി നടക്കുന്ന തോമസ് തൃക്കാക്കര ഒന്ന് നോക്കിയാലോ എന്നാലോചിച്ചതാണ്. സാധ്യത തീരെയില്ലെന്ന് ബോധ്യമായപ്പോഴാണ് മറുകണ്ടം ചാടാന്‍ നോക്കിയത്. അതുകൊണ്ടും ഫലമില്ലെന്നായപ്പോള്‍ ഇടതുമുന്നണിയും കറിവേപ്പിലയാക്കി.
തോമസിന് ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടോ? ആര്‍ക്കറിയാം. ഏതായാലും ഇടതുമുന്നണിയില്‍ ചേരാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച തോമസ് ഇനി ഏതെങ്കിലും ഇടതുചായ്വുള്ള ബോര്‍ഡിലോ കോര്‍പ്പറേഷനിലോ കേറാനും സാധ്യത തീരെ ഇല്ല. എന്നാലും ഇടതുപക്ഷമേ, തോമസ് മാഷിനോട് ഇത്രയും കൂരത കാട്ടേണ്ടിയിരുന്നില്ല. ഇനി ഏതെങ്കിലും കോര്‍പ്പറേഷനില്‍ കയറിയിരുന്നാലും പ്രതിഫലം പറ്റാന്‍ പറ്റില്ലല്ലൊ. അതാണിന്നത്തെ പുലിവാല്. അതിനിടയിലാണ് അഖിലേന്ത്യാ തലത്തിലൊരു കയ്യാങ്കളി.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയാണ് നടക്കുന്നത്. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിട്ടും ലഭിക്കാതെ പോയ നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള നേതാക്കളാണ് അതൃപ്തി പരസ്യമാക്കിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥികളാക്കിയതാണ് എതിര്‍പ്പിനുകാരണമായത്. ചലച്ചിത്ര താരവും മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ നഗ്മ, കോണ്‍ഗ്രസ് ദേശീയ വക്താവ് പവന് ഖേര, രാജസ്ഥാനില്‍ നിന്നുള്ള എംഎല്‍എ സന്യം ലോധ തുടങ്ങിയവരാണ് അതൃപ്തി അറിയിച്ചത്.
രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ, ’18 വര്‍ഷം പിന്നിട്ട തപസ്യ നിഷ്ഫലമായെ’ന്ന് നഗ്മ ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇമ്രാന് പ്രതാപ് ഗാര്‍ഹിയെ മഹാരാഷ്ട്രയില്‍നിന്ന് സ്ഥാനാര്‍ഥിയാക്കിയ സാഹചര്യത്തിലായിരുന്നു നഗ്മയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ പവന് ഖേരയുടെ ‘അതൃപ്തി ട്വീറ്റ്’ റീട്വീറ്റ് ചെയ്താണ് നഗ്മ പ്രതികരിച്ചത്.
‘എന്റെ തപസ്യയില്‍ എന്തോ ഒന്നിന്റെ അഭാവമുണ്ടെന്നു തോന്നുന്നു’ എന്നായിരുന്നു പവന് ഖേരയുടെ ട്വീറ്റ്.
‘ഇമ്രാന് ഭായിയുടെ മുന്നില്‍ നമ്മുടെ 18 വര്‍ഷം നീണ്ട തപസ്യ നിഷ്ഫലമായി’ എന്ന് നഗ്മയും കുറിക്കുമ്പോള്‍ അരിശവും പകയുമാണ് പുറത്തുചാടുന്നത്.
”കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍, 2003-04ല്‍ എന്നെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ അവര്‍ക്കു താത്പര്യമുണ്ടായിരുന്നു. അന്ന് നമ്മള് അധികാരത്തിലുണ്ടായിരുന്നില്ല. ഇത്തവണ ഇമ്രാന് മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്കു മത്സരിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിച്ചു. എനിക്ക് അതിനുള്ള അര്‍ഹതയില്ലേ?’ നഗ്മ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
ജമ്മു കശ്മീര്‍, ലഡാക്ക്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് നഗ്മ.
മുംബൈയിലെ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് അവര്‍. മുന്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, ജയറാം രമേശ്, അജയ് മാക്കന്, പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത്. ചിദംബരം തമിഴ്നാട്ടില്‍ നിന്നും ജയറാം രമേശ് കര്‍ണാടകത്തില്‍ നിന്നും സുര്‍ജേവാല രാജസ്ഥാനില്‍ നിന്നുമാണു മത്സരിക്കുന്നത്.
മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി, വിവേഖ് തന്‍ഖ, രാജീവ് ശുക്ല, രഞ്ജീത് രഞ്ജന്‍ എന്നിവരാണു കോണ്‍ഗ്രസിന്റെ പട്ടികയിലുള്ള മറ്റുള്ളവര്‍. ജി 23 വിമത സംഘത്തിലെ പ്രധാന നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ക്ക് സീറ്റില്ല. എന്നാല്‍ ഗ്രൂപ്പില്‍പ്പെട്ട മുകുള്‍ വാസ്നിക്കിനു സീറ്റ് നല്കി. കേരളത്തിന്റെ ചുമതലക്കാരനാണ് ഇദ്ദേഹം. കേരളമെന്നുകേട്ടാല്‍ രാഹുലിന് ഉള്‍ക്കിടിലം ഉറപ്പാണല്ലോ. കേരളം കനിഞ്ഞിരുന്നില്ലെങ്കില്‍ ലോക്സഭയുടെ വരാന്തയില്‍പോലും കയറാന്‍ പറ്റുമായിരുന്നില്ലല്ലോ.
ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും ചുതുച്ചേരിയുടെയും ചുമതലയുള്ള നഗ്മയെ പരിഗണിച്ചിട്ടെന്ത് ഫലം എന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: