കൊച്ചി: നടന് വിജയ് ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പോലീസോ എമിഗ്രേഷന്‍ വിഭാഗമോ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുത്. നാളെ രാവിലെ ഒമ്പതിന് ദുബായില്‍ നിന്ന് തിരിച്ചെത്തുന്ന വിജയ് ബാബു അന്വേഷണം സംഘം മുന്‍പാകെ ഹാജരാകണം. വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെങ്കിലും കേസ് ഇനി പരിഗണിക്കുന്ന വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം, വിജയ് ബാബുവിനെതിരായ പീഡന പരാതിയില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തി. പരാതി ലഭിച്ച് ഒരു മാസത്തോളം പിന്നിട്ടിട്ടും എന്തുകൊണ്ട് പിടികൂടിയില്ലെന്ന് കോടതി ചോദിച്ചു. പ്രതി സ്ഥലത്ത് ഇല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അതിന്റെ മെറിറ്റില്‍ കേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നടന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. മൂന്ന് ദിവസത്തിനുള്ള ഹാജരായാല്‍ നടന് ഇടക്കാല ജാമ്യം നല്‍കാമെന്ന് ഇതിനിടെ കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന് രംഗത്തുവന്നതോടെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
ഒരു മാസമായി വിജയ് ബാബു വിദേശത്താണ്. വിദേശത്തു നിന്നും പിടികൂടാന്‍ സാധിക്കുമെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള വഴിയാണ് നോക്കേണ്ടത്. വിമാനത്താവളത്തില്‍ എത്തിയാല്‍ നടനെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് നിശ്ചയിച്ച യാത്ര നടന് മാറ്റിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനും വിജയ് ബാബുവും ഒത്തുകളിക്കുകയാണോ എന്ന സംശയം ഉണ്ടെന്നും കോടതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: