കാസര്‍കോട്: കരിഞ്ചന്തയില്‍ വില്ക്കാന് സൂക്ഷിച്ച ക്വിന്റല്‍ കണക്കിന് റേഷനരി പിടികൂടി. കാസര്‍കോട് ഇന്നലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 170 ക്വിന്റല്‍ റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. പുഴുക്കലരി, പച്ചരി, ചുവന്ന അരി, ഗോതമ്പ്. കടല എന്നിവയാണ് പിടികൂടിയത്. സമീപകാലത്ത് ജില്ലയില്‍ നടന്ന ഏറ്റവും വലിയ റെയ്ഡാണിത്.
കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് സമീപത്തെ കെട്ടിടത്തിലാണ് ക്വിന്റല്‍ കണക്കിന് റേഷനരി ചാക്കുകളില്‍ അട്ടിവെച്ച നിലയില്‍ കണ്ടെത്തിയത്. സൗജന്യ നിരക്കിലും മറ്റും റേഷന്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച അരിയാണ് മറിച്ചുവില്‍പ്പനക്കായി കെട്ടിടത്തില്‍ സൂക്ഷിച്ചത്. 50 കിലോ വീതമുള്ള ചാക്കുകളിലാണ് സൂക്ഷിച്ചിരുന്നത്. 230 ചാക്ക് പുഴുക്കലരി, 65 ചാക്ക് പച്ചരി, 10ചാക്ക് ചുവന്ന അരി. അഞ്ച് ചാക്ക് ഗോതമ്പ് മൂന്ന് ചാക്ക് കടല എന്നിവ രാവിലെ നടത്തിയ പരിശോധനയിലും പതിനാലര ക്വിന്റല്‍ അരി വൈകീട്ട് പരിശോധനയിലും പിടികൂടി.
ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ചാര്‍ജ് കെ എന്‍ ബിന്ദു, കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ പി. സജികുമാര്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ശ്രീനിവാസ്, സഞ്ജയ് കുമാര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് റേഷനരിയും ഭക്ഷ്യ വസ്തുക്കളും പിടിച്ചെടുത്തത്. രാവിലെ നടത്തിയ റെയ്ഡില്‍ 156.5 ക്വിന്റല്‍ ഭക്ഷ്യ വസ്തുക്കളും വൈകീട്ട് നടത്തിയ റെയ്ഡില്‍ 14 ക്വിന്റല്‍ റേഷനരിയും കാസര്‍കോട് മാര്‍ക്കറ്റില്‍ നിന്ന് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: