ഗുവാഹത്തി: പോലീസ് സ്റ്റേഷന് തീയിട്ട കേസിലെ പ്രതി പോലീസ് വാഹനം തട്ടിമരിച്ചു. കേസിലെ മുഖ്യപ്രതി ആഷിഖുല്‍ ഇസ്ലാമാണ് മരണമടഞ്ഞത്. കസ്റ്റഡിയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
പ്രദേശത്തെ ഒരു വീട്ടില്‍ ആയുധം സൂക്ഷിച്ചിട്ടുണ്ടെന്ന പ്രതിയുടെ മൊഴിയനുസരിച്ച് അന്വഷണ സംഘം തെളിവെടുക്കാന്‍ പോകുകയായിരുന്നു. ഇതിനിടെയാണ് പ്രതി വണ്ടിയില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ വാഹനവ്യൂഹത്തിലെ തന്നെ മറ്റൊരു പോലീസ് വാഹനത്തില്‍തന്നെ പ്രതി ഇടിക്കുകയായിരുന്നു.
ആഷിഖുല്‍ ഇസ്ലാമിന്റെ മൊഴി അനുസരിച്ചുള്ള തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. രണ്ട് പിസ്റ്റളും ഏഴ് റൗണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്.
അസമിലെ ദരാംഗ് ജില്ലയിലെ മൗസിദയില് നിന്നാണ് ഞായറാഴ്ച ആഷിഖുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കച്ചവടം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: