കൊച്ചി: മുമ്പെങ്ങുമില്ലാത്ത വിധം പരസ്യമായി മുസ്ലിം തീവ്രവാദ സംഘടനകളോടു തോള് ചേര്‍ന്നു സിപിഎം പ്രചാരണം നയിച്ച തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് ഇന്ന്. കൊലപാതകങ്ങളും കൊലവിളിയും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരേ ഒരക്ഷരം മിണ്ടാതെയാണ് യുഡിഎഫും പ്രചാരണം നടത്തിയത്.
മുമ്പ് ഒളിച്ചും പാത്തും നടത്തിയിരുന്ന തീവ്രവാദി വോട്ടുവാങ്ങല്‍ ഇക്കുറി തീര്‍ത്തും പരസ്യമായിട്ടായിരുന്നു. ഇടത്-വിധ്വംസക കൂട്ടുകെട്ടിന് കേരളത്തില്‍ എത്ര മാത്രം വേരോട്ടമുണ്ടെന്നതിന്റെ വിധിയെഴുത്താണ് ഇന്നു നടക്കുന്നത്.
ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് മദനിയുടെ പിഡിപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്വന്ഷന് കാക്കനാട് ഉദ്ഘാടനം ചെയ്തത് സിപിഎം അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാമായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ ജാള്യമൊന്നും സിപിഎം പുലര്‍ത്തിയില്ലെന്നത് ആശ്ചര്യത്തോടെയാണു ജനാധിപത്യ കേരളം കണ്ടത്. ആലപ്പുഴയില്‍ ജി. സുധാകരനെ പാര്‍ട്ടിയില്‍ വെട്ടിനിരത്തുന്നതിന് മുഖ്യപങ്കു വഹിച്ച സലാമിനെ അമ്പലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ സിപിഎമ്മുകാര്‍ തന്നെ പ്രചരിപ്പിച്ചത് ‘സുഡാപ്പി’ സ്ഥാനാര്‍ഥിയെന്നായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെ പ്രോത്സാഹിപ്പിക്കാന്‍ പി.സി. ജോര്‍ജിനെതിരേ കേസെടുത്ത് എല്‍ഡിഎഫും അധിക്ഷേപിച്ച് യുഡിഎഫും, മത്സരിച്ച് ശ്രമിച്ചതാണ് തൃക്കാക്കരയില്‍ കണ്ടത്.
വര്‍ഗീയ കൊലപാതകത്തിന്റെ മുറിവുണങ്ങാത്ത ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പ്രകടനം നടത്താന്‍ അനുമതി നല്‍കരുതെന്ന് ഇന്റലിജന്‍സും കളക്ടറും വിലക്കിയിട്ടും വോട്ട് ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടാണ് അനുമതി കൊടുത്തത്. വര്‍ഗീയ ചേരിതിരിവിലൂടെ തൃക്കാക്കരയില്‍ വോട്ടുകള്‍ വിഭജിച്ച് ജയിക്കാനുള്ള തന്ത്രമാണ് സിപിഎം പയറ്റിയത്.
മദനിയോടോപ്പം ഇടത് സ്ഥാനാര്‍ഥിയുടെ ചിത്രവുമായി സിപിഎം, പിഡിപി പ്രവര്‍ത്തകര്‍ ഒന്നിച്ചാണ് തൃക്കാക്കരയിലെ പല മേഖലകളിലും പ്രചാരണത്തിനിറങ്ങിയത്. മണ്ഡലത്തിലെ 20 ശതമാനം വരുന്ന മുസ്ലിം വോട്ടുകള്‍ ഒരുമിച്ച് പെട്ടിയിലാക്കാനാണ് പിണറായി ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: