ഡോ. രാധാകൃഷ്ണന് ശിവന്
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഭക്തര്‍ ശിവഭഗവാനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. എന്നാല്‍ ശിവലിംഗം കേവലം ദേവതാരാധനാ ബിംബം മാത്രമല്ല മറിച്ചു സര്വാരാധ്യമായ ഒരു സങ്കല്പമാണ്. ലിംഗമെന്നുള്ള പ്രയോഗത്തെ വികലമായി മനസ്സിലാക്കി വിമര്‍ശിക്കുന്നവര്‍ ധാരാളമുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ ഈ സങ്കല്പം മനസ്സിലാക്കാത്തവരാണ്.
ലിംഗം എന്ന വാക്കിന് നാനാര്‍ത്ഥങ്ങളുണ്ട്. ലീനം ഗമയതി ഇതി ലിംഗം എന്ന സാമാന്യ അര്‍ത്ഥത്തെ സ്വീകരിക്കുകയെങ്കില്‍ തന്നെ അറിയാത്ത ഒന്നിനെ മനസിലാക്കാന്‍ നമ്മെ സഹായിക്കുന്ന സൂചകം എന്ന അര്‍ത്ഥം സിദ്ധിക്കുന്നു. സാമാന്യമായി വ്യാപകമായ പ്രപഞ്ചരഹസ്യത്തെ ലിംഗശബ്ദം കൊണ്ടാണ് വ്യഞ്ജിപ്പിക്കുന്നത്. സ്ഥൂലങ്ങളും സൂക്ഷ്മങ്ങളുമായ ഇരുപത്തിരണ്ട് തത്ത്വങ്ങളുടെ ആദികാരണത്തെ (മഹദ്തത്ത്വത്തെ) ലിംഗമാത്രം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സത്താമാത്രസ്വരൂപം കൊണ്ടുമാത്രമേ ഇതിനെ അറിയാന്‍ കഴിയുകയുള്ളൂ.
മനുഷ്യ സൂക്ഷ്മശരീരത്തെ ലിംഗശരീരമെന്ന് പറയുന്നു. ബാഹ്യേന്ദ്രിയങ്ങളെകൊണ്ട് അറിയാന്‍ കഴിയാത്തതിനെയാണ് ലിംഗം എന്നുപറയുന്നത്. സ്ഥൂലശരീരം ബാല്യംമുതല്‍ വാര്‍ധക്യംവരെയുള്ള അവസ്ഥകളില്‍ കൂടി ചരിച്ച് മരണത്തോടെ നശിക്കുന്നു. എന്നാല്‍ ലിംഗശരീരം നശിക്കുന്നില്ല ബ്രഹ്മത്തില്‍ ലയിച്ചതിനെ പുനഃപ്രാപിക്കുന്നതിന് സാധ്യമായതാണ് ലിംഗം. ലയിക്കുന്നകാര്യങ്ങളെ (ലിം) വീണ്ടും ഗമയതി പ്രകാശിപ്പിക്കുകയും പ്രാപിക്കുകയും ചെയ്യുന്നത് എന്ന മറ്റൊരാര്ത്ഥവും അതിനാല്‍ സംഗത്യമുള്ളത് തന്നെ. ബ്രഹ്മത്തില്‍നിന്ന് പ്രപഞ്ചം ഉണ്ടാകുകയും ബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നുവല്ലോ.
ശിവനില്‍ നിന്ന് ശക്തി അഥവാ പ്രകൃതിയുണ്ടായി. ശിവനില്‍ത്തന്നെ ലയിക്കുന്നു. കാരണജലത്തില്‍ നിന്നുണ്ടാകുന്ന പ്രകൃതി വീണ്ടും പ്രളയജലത്തില്‍ ലയിച്ചടങ്ങുന്നു. പ്രപഞ്ചം ഉണ്ടാവുകയും നിലനില്ക്കുകയും ലയിക്കുകയും ചെയ്യുന്നു. ഇത് ആവര്‍ത്തിക്കുന്നു.
ശിവന് സൃഷ്ടിക്കും, സ്ഥിതിക്കും, സംഹാരത്തിനും മുമ്പുള്ളവനാണെന്ന് ശിവപുരാണം സൂചിപ്പിക്കുന്നു. പ്രപഞ്ചം ഉണ്ടാകുന്നുന്നതും സ്ഥിതി ചെയ്യുന്നതും സഹരിക്കുന്നതും ശിവനില്‍ തന്നെ. ഈ അര്‍ഥത്തെ വ്യക്തമാക്കുന്ന ശിവതത്ത്വസ്വരൂപമാണ് ശിവലിംഗം. ശിവതത്ത്വത്തിലധിഷ്ഠിതമായ പ്രപഞ്ചതത്ത്വം മനസ്സിലാക്കുകയാണ് ശിവലിംഗാരാധന കൊണ്ട് ഉദ്ദേശിക്കുന്നത്.
ശിവാജ്ഞയാല്‍ ഇന്ദ്രിയങ്ങളാല്‍ ഉണ്ടാക്കപ്പെട്ട ഭൂതങ്ങളെല്ലാം ശിവനില്‍തന്നെ വിലയം പ്രാപിക്കുന്നു. അതുകൊണ്ട് ശിവനാകുന്ന ലിംഗം ആജ്ഞാരൂപിയായി വര്‍ത്തിക്കുന്നു.
‘ഭൂതാനി ചേന്ദ്രിയൈര്‍ജാതാ
ലിയന്തോളത്ര ശിവാജ്ഞയാ
അത ഏവ ശിവോ ലിംഗോ
ലിംഗാമാജ്ഞാപയേദ്യതഃ’
(ശിവപുരാണം)
ശിവന്റെ ആജ്ഞയ്ക്കു വിധേയമായി സൃഷ്ടിക്കപ്പെടുന്ന പ്രപഞ്ചം ശിവലിംഗത്തില്‍ (ശിവശരീരത്തില്‍) അഥവാ ശിവതത്ത്വത്തില്‍ തന്നെ വിലയം പ്രാപിക്കുന്നു. ആയതിനാല്‍ ‘ലിംഗം’ എന്നതിന് ‘ലിം ഗമയതീതി ലിംഗഃ’ (ലയിക്കുന്ന അവസ്ഥയെ പ്രാപിക്കുന്നത് ലിംഗം) എന്ന് അര്‍ഥമുണ്ട്. വിലയം പ്രാപിച്ച ശിവശക്തികളുടെ സമന്വയമാണ് ശിവലിംഗം. അതിനാല്‍ ശിവശക്തികള്‍ ശിവലിംഗത്തിലധിഷ്ഠിതമാണ്.
ശിവലിംഗപൂജ ചെയ്യുന്നതുകൊണ്ട് ശിവനും ശക്തിയും ഒരേസമയം പൂജിക്കപ്പെടുന്നു.
ജ്യോതിര്‍ലിംഗങ്ങള്‍
കോടിരുദ്രസംഹിതയില് പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളുടെ പ്രതിഷ്ഠാപനവും, പ്രാധാന്യവും പ്രതിപാദിക്കുന്നു. സോമനാഥം (സൗരാഷ്ട്രം), മല്ലികാര്ജുനം (ശ്രീശൈലം), മഹാകാളം (ഉജ്ജയിനി), ഓങ്കാരേശ്വരം (അമലേശ്വരം), വൈദ്യനാഥം (പരലി), ഭീമശങ്കരം, രാമേശ്വരം, നാഗേശ്വരം, വിശ്വേശ്വരം, ത്രൃംബകേശ്വരം, കേദാരേശ്വരം, ഘൃണേശ്വരം എന്നിങ്ങനെ ഭാരതത്തിന്റെ വ്യത്യസ്തഭാഗങ്ങളിലായി പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ പഞ്ചഭൂതങ്ങളുടെ പേരിലുള്ള അഞ്ച് ലിംഗങ്ങളുടെ പ്രതിഷ്ഠ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചുമുണ്ട്.
ലിംഗം പലവിധ വാസ്തു പ്രമാണങ്ങളാല്‍ നിര്‍മിതങ്ങളാണ്. പ്രധാനമായും ശിവ ലിംഗത്തെ മൂന്നു ഭാഗങ്ങളായി കല്പ്പിച്ചിട്ടുണ്ട്. താഴത്തെ ഖണ്ഡത്തിനു ബ്രഹ്മാവും മദ്ധ്യത്തിലുള്ളത്തിനു വിഷ്ണുവും മേല്‍ഭാഗത്തിന് ശിവനും ആണ് ദേവത അധിപന്മാര്. ഇതിന് ക്രമേണ ബ്രഹ്മഭാഗം, വിഷ്ണു ഭാഗം, ശിവഭാഗം എന്നിങ്ങനെ പറയാറുണ്ട്. ശിവഭാഗമാണ് പൂജാംശം ആയിട്ടുള്ളത്. ബ്രഹ്മഭാഗം ചതുരശ്രമാകുന്നു. ഇത് ഭൂമിയിലേക്ക് താഴ്ന്നു നില്ക്കും. മദ്ധ്യഭാഗം എട്ടുപട്ടം (അഷ്ടഭുജം) ആകൃതിയാണ്. മേല്‍ഭാഗം ദൃശ്യമാകുന്ന ഭാഗം വൃത്തവും ആകുന്നു.
ശിവലിംഗത്തിന് ഏഴു അവയവങ്ങള്‍ കാണപ്പെടുന്നു. അത് ക്രമേണ പാദുകം, ജഗതി, കുമുദം, ഗളം, ഗളപ്പടി, ലിംഗം, ഓവ് എന്നിവയാണ്.
ലിംഗത്തിന്റെ ഉയരം അഞ്ചുകോല്‍ തുടങ്ങി കാല്കോല് വീതം കുറഞ്ഞു ഏറ്റവും കുറഞ്ഞത് ഒരു കോല് ഉയരം വരെ പതിനേഴു വിധം ഉണ്ട്. ഇതല്ലാതെ ഗര്‍ഭഗൃഹ വിസ്താരത്തെ അടിസ്ഥാനമാക്കിയും ലിംഗോന്നതി നിശ്ചയിക്കാം. ഗര്‍ഭഗൃഹ വിസ്തരത്തിന്റെ അഞ്ചില്‍ മൂന്നും, ഒന്‍പതില്‍ അഞ്ചും, പകുതിയും സ്വീകരിക്കാം. അതല്ലെങ്കില്‍ ദ്വാരദീര്ഘത്തിന്റെ അടിസ്ഥാനത്തിലും കല്പ്പിക്കാം.
ലിംഗം അതിന്റെ മൂന്നു ഖണ്ഡങ്ങളും തുല്യമായ ഉയരത്തോട് കൂടിയതെങ്കില്‍ അതിനു സര്വതുല്യം എന്ന് നാമത്തോട് കൂടിയ സമാംശമാകുന്നു. ക്രമര്ദ്ധി എന്ന വൃധ്യുത്തര ലിംഗത്തിനു കീഴ്ഖണ്ഡം ഏഴാംശവും മദ്ധ്യം എട്ടാംശവും മേല്‍ഖണ്ഡം ഒന്പതാംശവും ആകുന്നു. ഈശധികാംശ ലിംഗമെങ്കില്‍ താഴത്തെ രണ്ടു ഖണ്ഡങ്ങളും മൂന്നു വീതവും മേല്‍ഖണ്ഡം നാലു അംശംവും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: