ജലന്ധര്‍: തന്റെ മകന് വെടിയേറ്റ് മരിച്ചതിന് കാരണക്കാര്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തി പഞ്ചാബി ഗായകന് സിദ്ദു മൂസേവാലയുടെ അമ്മ ചരണ്‍ കൗര്‍. പഞ്ചാബി ഗായകനും റാപ്പറും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കഴിഞ്ഞ ദിവസമാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
മൂസേവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പുതിയ ആപ്പ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പഞ്ചാബ് പോലീസ് പിന്‍വലിച്ചിരുന്നു. ഇതാണ് മൂസേവാല വെടിയേറ്റ് മരിക്കാന്‍ കാരണമായതെന്ന ആരോപണം ആം ആദ്മി സര്‍ക്കാരിനെതിരെ ഉയരുകയാണ്. “അവര്‍ പറഞ്ഞത് മകന് ഒരു സുരക്ഷയുടെയും ആവശ്യമില്ലെന്നാണ്. ഇപ്പോള്‍ പോയി നോക്കൂ. എങ്ങിനെയാണ് എന്റെ മകന് വെടിയേറ്റത്. എന്നേയും വെടിവെച്ച് കൊല്ല. ഇത് അത്രയ്ക്ക് ഉപകാരമില്ലാത്ത സര്‍ക്കാരാണ്”- മൂസേവാലയുടെ അമ്മ ചരണ്‍ കൗര്‍ പറഞ്ഞു. മൂസേവാലയുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. അതിനിടയിലാണ് ദുരന്തമുണ്ടായത്.
ഈ വധം സിബി ഐയും എന്‍ ഐഎയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുസേവാലയുടെ പിതാവ് ബാല്കോര് സിങ്ങ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉയര്‍ത്തി അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രി ഭഗ് വന്ത് മാനിന് കത്ത് നല്കി. കാനഡയിലെ ഗോള്‍ഡി ബ്രാറാണ് ഈ വധത്തിന് പിന്നിലെന്ന് പറയുന്നു. .ലോറന്‍സ് ബിഷ്ണോയി സംഘം തങ്ങളാണ് ഈ വധത്തിന് പിന്നിലെന്ന് അവകാശപ്പെട്ടിട്ടുണ്ട്. തങ്ങളുടെ സംഘത്തില്‍പ്പെട്ട ഒരാളെ സിദ്ദു മൂസേവാല വധിച്ചിട്ടും പഞ്ചാബ് പൊലീസ് ഒരു നടപടിയുടെ എടുത്തില്ലെന്നും ലോറന്‍സ് ബിഷ്ണോയി പറയുന്നു.
അദ്ദേഹത്തിന് നേരെ അക്രമികള്‍ 30 റൗണ്ട് വെടികളാണ് ഉതിര്‍ത്തത്. പഞ്ചാബിലെ മാന്‍സ ഗ്രാമത്തില്‍ വൈകിട്ട് 5.37നാണ് സംഭവം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാന്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം, ആം ആദ്മിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകള്‍ക്ക് തോറ്റിരുന്നു.
പാട്ടുകളിലൂടെ തോക്കിനെയും ആക്രമത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് 29കാരനായ സിദ്ദു മൂസേവാലക്കെതിരെ നിരവധി കേസുകളുണ്ട്. മരണത്തിന് പിന്നില്‍ ആംആദ്മി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസിന്റെ നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. പഞ്ചാബിലെ ക്രമസമാധാനം കുത്തഴിഞ്ഞ നിലയിലാണെന്ന് രാഷ്ട്രീയ പര്‍ട്ടികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: