ചാലക്കുടി: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വാനിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകല്‍ ആക്രമിച്ച് മുടി മുറിച്ചതായി പരാതി. മേലൂര്‍ കുവ്വക്കാട്ടു കുന്നിലാണ് സംഭവം. കുട്ടിയുടെ വീടിനടത്തുള്ള കുട്ടുകാരിയുടെ വീട്ടില്‍ നിന്ന് ഉച്ചക്ക് മൂന്ന് മണിയോടെ സൈക്കിളില്‍ വീട്ടിലേക്ക് പോകുമ്പോള്‍ വീടിന് 50 മീറ്റര്‍ അടുത്ത് വെച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന വാന്‍ സൈക്കളിന് വട്ടം നിര്‍ത്തി വണ്ടിയില്‍ നിന്നിറങ്ങിയ സ്ത്രീ കുട്ടിയുടെ ചെകിടത്തടിക്കുകയും കുട്ടിയുടെ വായ് പൊത്തിപ്പിടിക്കുകയും ചെയ്തതായും വണ്ടിയില്‍ നിന്നിറങ്ങിയ പുരുഷന് കു ട്ടിയുടെ മുടി കഴുത്തിന് താഴെ വെച്ച് മുറിച്ച് മാറ്റുകയും ചെയ്തു.
കുട്ടി ബഹളം വെക്കാന്‍ തുടങ്ങിയതോടെ രണ്ടു പേരും വാനില്‍ കയറി രക്ഷപ്പെട്ടതായി കുട്ടി പറഞ്ഞു. കുട്ടിയുടെ കരച്ചില് കേട്ട് കൂട്ടുകാരിയും അമ്മയും പരിസരവാസികളുമെത്തിയപ്പോഴേക്കും വാഹനം കടന്നു കളഞ്ഞിരുന്നു. സംഭവമറിഞ്ഞ് കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൈയിലും മുഖവും കറുത്ത തുണി കൊണ്ട് മറച്ചിരുന്നതായി കൂട്ടി പറയുന്നു. ഭയന്നു വിറച്ച കുട്ടിയെ ചാലക്കുടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ആക്രമിച്ച് മുടി മുറിക്കുന്ന സംഭവം ആരും കണ്ടിട്ടില്ലെങ്കിലും രാവിലെ മുതല്‍ ഈ പ്രദേശത്ത് ഒരു വാന്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞതായും പറയപ്പെടുന്നു.
സംഭവം ആരും കാണാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ്.എച്ച്.ഒ ബി.കെ. അരുണ്‍ പറഞ്ഞു. മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ചു വരികയാണ്. ഇന്ന് തൃശൂരില്‍ നിന്ന് വിരലടയാള വിഗദ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തും. കുട്ടിയുടെ മുറിച്ച മുടിയും സൈക്കിളുമെല്ലാം സംഭവ സ്ഥലത്ത് തന്നെ പോലീസ് സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, പഞ്ചായത്തംഗം സതി ബാബു എന്നിവര്‍ ആശുപത്രിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: