തിരുവനന്തപുരം: കൊവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും താങ്ങാവുകയാണ് പി.എം. കെയേഴ്സ് പദ്ധതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കുട്ടികള്‍ക്കായുള്ള പി.എം കെയേഴ്സ് പദ്ധതിക്ക് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ അര്‍ഹരായവര്‍ക്കുള്ള ആനുകൂല്യ വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് നഷ്ടപ്പെട്ടതിനു പകരമാകില്ലെങ്കിലും കുടുംബത്തിന്റെ നാഥനെന്ന പോലെ പരിരക്ഷ നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമമാണ് ഇവിടെ സാക്ഷാത്കരിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കോവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ജില്ലയിലെ 11 കുട്ടികള്‍ കേന്ദ്ര മന്ത്രിയില്‍ നിന്നും ആനുകൂല്യങ്ങള്‍ ഏറ്റുവാങ്ങി. ഇതില്‍ എട്ട് പേര് 18 വയസ്സില്‍ താഴെയുള്ളവരാണ്. കുട്ടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശമടങ്ങിയ സ്നേഹപത്രം, സാമ്പത്തിക ആനുകൂല്യത്തിനുള്ള പി.എം കെയേഴ്സ് അക്കൗണ്ടിന്റെ പാസ് ബുക്ക്, ആരോഗ്യ പരിരക്ഷയും സൗജന്യ ചികിത്സയുമുറപ്പാക്കാനുള്ള ഹെല്‍ത്ത് കാര്‍ഡ്, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്.
കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്കാണ് സഹായം ലഭിക്കുന്നത്. ചടങ്ങില്‍ ജില്ലാ കളക്ടര്‍ നവജ്യോത് സിംഗ് ഖോസ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: