കൊട്ടിയൂര്‍: കൊട്ടിയൂര്‍ പെരുമാളെ തൊഴാനെത്തിയ ഭക്തജനത്തിരക്കില്‍ കൊട്ടിയൂരും കേളകം സമീപപ്രദേശങ്ങളും നിശ്ചലമായി. മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ ഭക്തജനങ്ങള്‍ ബുദ്ധിമുട്ടി. കൊട്ടിയൂര്‍ വൈശാഖ മഹോത്സവ ചരിത്രത്തിലെ ഏറ്റവും വലിയ ഭക്തജനതിരക്കിനാണ് ഇന്നലെ അനുഭവപ്പെട്ടത്.
കൊട്ടിയൂര്‍ പെരുമാളെ തൊഴാനെത്തിയ ഭക്തജനത്തിരക്കില്‍ കൊട്ടിയൂരും കേളകം സമീപപ്രദേശങ്ങളും നിശ്ചലമായി. മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ ഭക്തജനങ്ങള്‍ വിഷമിച്ചു. കൊട്ടിയൂര്‍ സമാന്തര റോഡില്‍ രൂപപ്പെട്ടത് പത്തു കിലോമീറ്ററിലധികം ഗതാഗതക്കുരുക്കാണെങ്കില്‍ കൊട്ടിയൂര്‍ മാനന്തവാടി റോഡിലും സമാനമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ ആരംഭിച്ച ഭക്തജനത്തിരക്കില്‍ രാവിലെ ഏഴു മണിയോടെ തന്നെ തിരുവഞ്ചിറ നിറഞ്ഞു കവിഞ്ഞു. വാഹനങ്ങളുടെ നിലക്കാത്ത പ്രവാഹത്തില്‍ കണിച്ചാര്‍ മുതല്‍ ഗതാഗത തടസവുമുണ്ടായി.
ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെയും, പേരാവൂര്‍ ഡിവൈഎസ്പി എ.വി. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗക്കുരുക്ക് നിയന്ത്രിച്ചത്. കണിച്ചാര്‍ മുതല്‍ ഗതാഗതം തടസപ്പെട്ടതോടെ ചെറുവാഹനങ്ങള്‍ നാനാനിപൊയില്‍ ഇരട്ടത്തോട് ഭാഗങ്ങളില്‍ നിന്നും സമാന്തരപാത വഴി തിരിച്ചുവിട്ടത്. വാഹന പാര്‍ക്കിംങ്ങ് ഗ്രൗണ്ടുകളിലെല്ലാം വാഹനങ്ങള്‍ നിറഞ്ഞതോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നിടത്തൊക്കെ വാഹനങ്ങളിട്ട് ഭക്തര്‍ കാല്‍നടയായും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. കത്തുന്ന വെയിലിനെപോലും അവഗണിച്ച് ഭക്തരെത്തിയതോടെ ദേവസ്വം വളണ്ടിയര്‍മാരുടെയും പോലീസിന്റെയും നിയന്ത്രണം നഷ്ടപ്പെട്ടു.
കൊട്ടിയൂരിലേക്കുള്ള സകല ഊടുവഴികള്‍ പോലും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞതോടെ കൊട്ടിയൂരില്‍ നിന്ന് തിരിച്ചു പോകാനും ഭക്തര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു. തിരുവഞ്ചിറയില്‍ ഉച്ചശീവേലിക്ക് സൗകര്യമൊരുക്കാന്‍ പോലും പ്രയാസപ്പെടേണ്ടി വന്നു. അഞ്ചുമണിക്കൂറിലധികം ക്യൂ നിന്നാണ് പല ഭക്തര്‍ക്കും ദര്‍ശനം ലഭിച്ചത്. ഭക്തജനത്തിരക്കേറിയതോടെ അക്കരെ കൊട്ടിയൂരില്‍ മൊബൈല്‍ ഫോണ്‍ ബന്ധം താറുമാറായി. ആശയവിനിമയങ്ങളും ഇടയ്ക്കിടെ താറുമാറായി. വൈകുന്നേരത്തോടെയാണ് ഭക്തജനത്തിരക്കിന് നേരിയ കുറവ് വന്നത്. അക്കരെ സന്നിധാനത്ത് അന്നദാനവും ചുക്കുകാപ്പി വിതരണവുമുള്‍പ്പെടെയുള്ള സംവിധാനം ഒരുക്കിയത് ഭക്തര്‍ക്ക് അനുഗ്രഹമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: