അധികാരത്തില്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഐതിഹാസിക നേട്ടങ്ങളാണ് ഇക്കാലത്തിനിടെ രാഷ്ട്രത്തിന് സമ്മാനിച്ചത്. ജനക്ഷേമം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ മുന്‍കാല സര്‍ക്കാരുകളെയെല്ലാം ബഹുദൂരം പിന്നിലാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് എതിരാളികള്‍ പോലും സമ്മതിക്കും. അഴിമതിയുടെ കൂത്തരങ്ങായിരുന്ന പത്തുവര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപിയെയും നരേന്ദ്ര മോദിയെയും രാജ്യത്തിന്റെ ഭരണഭാരമേല്പ്പിച്ച ജനങ്ങള്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് കൂടുതല്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറ്റുകയായിരുന്നു. മോദി പ്രധാനമന്ത്രി പദം ഏറ്റെടുത്തപ്പോള്‍ രാജ്യം ആഭ്യന്തരവും ബാഹ്യവുമായ നിരവധി വെല്ലുവിളികള്‍ നേരിടുകയായിരുന്നു. ആ വെല്ലുവിളികളെയെല്ലാം ഇച്ഛാശക്തിയോടെ മറികടന്ന് രാജ്യത്തെ വിജയത്തിലേക്ക് നയിച്ച് പുതിയൊരു ചരിത്രം സൃഷ്ടിക്കുകയുണ്ടായി. ഗാന്ധിജിയുടെയും പട്ടേലിന്റെയും സ്വപ്നത്തിലെ ഭാരതം സാക്ഷാത്കരിക്കുന്നതിനാണ് താന്‍ പ്രയത്നിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കുകയുണ്ടായി. പ്രധാനമന്ത്രിയായി അധികാരമേറ്റ നിമിഷം മുതല്‍ മോദി ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. സ്വച്ഛഭാരത് പദ്ധതിയിലൂടെ രാജ്യമെമ്പാടും സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കിയത് ഗാന്ധിയന്‍ മാതൃകയുടെ മഹാസാഫല്യമായിരുന്നു. കുടുംബാധിപത്യ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വന്‍തോതില്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറുന്നത്. അഴിമതി തൊട്ടുതീണ്ടാത്ത ഭരണം കാഴ്ചവയ്ക്കാനും അവശ ജനകോടികളുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ പ്രകാശം പരത്താനും കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മോദി സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു.
അഴിമതികൊണ്ട് തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുക എന്ന ദൗത്യമാണ് മോദി സര്‍ക്കാരിന് ആദ്യം ഏറ്റെടുക്കാന്‍ ഉണ്ടായിരുന്നത്. അതിസമര്‍ത്ഥമായി തന്നെ ദീര്‍ഘവീക്ഷണത്തോടെ ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ കാലത്ത് മറ്റ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തിയപ്പോള്‍ അങ്ങനെയൊരു പതനം സംഭവിക്കാതിരുന്ന ഒരേയൊരു സമ്പദ്വ്യവസ്ഥയാണ് ഭാരതത്തിന്റേതെന്ന് പറയാം. ഇക്കാര്യത്തില്‍ വികസിത രാഷ്ട്രങ്ങള്‍ പോലും ഭാരതത്തെ അസൂയയോടെയാണ് നോക്കുന്നത്. ഭാരതീയരില്‍ മൂന്നില്‍ രണ്ടുഭാഗവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. രാജ്യത്തിന്റെ കാര്‍ഷിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും നിരവധി നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി. കര്‍ഷകരുടെ പേരില്‍ ചിലര്‍ സമരത്തിന് ഇറങ്ങി രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. സ്ത്രീശാക്തീകരണത്തിന്റെ പുതുയുഗത്തിനാണ് മോദി സര്‍ക്കാര്‍ തുടക്കമിട്ടത്. ഉജ്ജ്വല യോജന, ബേഠീ ബച്ചാവോ ബേഠീ പഠാവോ തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീ സമൂഹത്തില്‍ വലിയ ചുവടുവയ്പ്പാണ് മോദി സര്‍ക്കാര്‍ നടത്തിയത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തി. ഭാരതീയ ജനൗഷധി യോജനയിലൂടെ കുറഞ്ഞ വിലയ്ക്ക് രാജ്യമെമ്പാടും മരുന്നുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായാണ് ജനങ്ങള്‍ കാണുന്നത്.
മൂന്നു പതിറ്റാണ്ടിനുശേഷം മോദി സര്‍ക്കാരാണ് പുതിയൊരു വിദ്യാഭ്യാസ നയം രാജ്യത്ത് നടപ്പാക്കിയത്. പ്രാദേശിക ഭാഷകളിലുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും മെഡിക്കല്‍-എന്‍ജിനീയറിങ് കോളജുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കഴിഞ്ഞത് വലിയ മാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്. മോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം പുതിയ തലമുറയ്ക്ക് പുതിയ ചിറകുകള് നല്‍കിയിരിക്കുകയാണ്. പല കാരണങ്ങളാല്‍ ഭാരതത്തിന്റെ പ്രതിച്ഛായ രാജ്യാന്തര തലത്തില്‍ തീരെ മങ്ങിപ്പോയ ഒരു ഘട്ടത്തിലാണ് പ്രധാനമന്ത്രി മോദി അധികാരമേറ്റത്. വളരെ ചുരുങ്ങിയ കാലംകൊണ്ട് ലോകരാജ്യങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞു. ഭാരതവുമായി സൗഹൃദം പുലര്‍ത്താന്‍ ഇന്ന് ലോകരാജ്യങ്ങള്‍ മത്സരിക്കുകയാണ്. ആഭ്യന്തരവും ബാഹ്യവുമായി ഭാരതം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു. അതിര്‍ത്തിക്കപ്പുറത്ത് ശത്രുതയോടെ പെരുമാറുന്ന രാജ്യങ്ങളെ നിലയ്ക്കുനിര്ത്തിയിരിക്കുന്നു. ഐക്യരാഷ്ട്രസഭയിലും മറ്റ് രാജ്യാന്തരവേദികളിലും ഭാരതത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. ഭാരതത്തിലെ ജനങ്ങള്‍ക്കുവേണ്ടി ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം മാത്രമേ താന്‍ വിശ്രമിക്കുകയുള്ളൂ എന്ന് അടുത്തിടെ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാഷ്ട്രത്തിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരുടേയും പിന്തുണ മോദി സര്‍ക്കാരിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: