ന്യൂദല്‍ഹി : യുഐഡിഎഐ ലൈസന്‍സില്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചു. ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തത്. നിര്‍ദ്ദേശങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഫോട്ടോഷോപ്പിങ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതെന്നും എന്നാല്‍ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ പുതിയ അറിയിപ്പില്‍ വ്യക്തമാക്കി. ആധാര്‍ കാര്‍ഡിന്റെ കോപ്പി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കേണ്ടതില്ല. അവശ്യമെങ്കില്‍ മാസ്ക് ചെയ്ത ആധാര്‍കാര്‍ഡ് യുഐഡിഎഐ വെബ്സൈറ്റില്‍ നിന്നും നിന്നും ഡൗണ്‍ലോഡ് ചെയ്ത് നല്‍കാം.
ആധാര്‍കാര്‍ഡ് കോപ്പി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കിയാല് അവര്‍ക്ക് യുഐഡിഎഐ ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കണമെന്നും ഐടി മന്ത്രാലയം പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. യുഐഡിഎഐ നല്കുന്ന ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉടമകള്‍ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ആധാര്‍ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പുകള്‍ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന തരത്തിലടക്കം ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഈ അറിയിപ്പ് കാരണമായതോടെയാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: