തൊടുപുഴ: കലകളുടെ നിറച്ചാര്‍ത്തണിഞ്ഞ സായംസന്ധ്യയിലേക്ക് ഉണ്ണി മുകുന്ദന് വന്നിറങ്ങിയ നിമിഷം ആരാധകരുടെ മനസില്‍ ആയിരം വര്‍ണങ്ങള്‍ നിറഞ്ഞു. അഭ്രപാളിയിലെ സുന്ദരയൗവനത്തെ തൊട്ടടുത്ത് കണ്ട കലാസ്വാദകര്‍ വിണ്ണിലെ താരത്തെ തൊട്ട പോലെ.
അവാര്‍ഡ് നിശയിലെ മുഖ്യാതിഥിയായി തൊടുപുഴയിലേക്ക് എത്തിയ ഉണ്ണിമുകന്ദന് ജന്മഭൂമി കുടുബാംഗങ്ങളും, കലാസ്നേഹികളും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണം നല്കി. വേദിയിലേക്ക് മുഖ്യാതിഥി കടന്ന് വന്നപ്പോള്‍ കരഘോഷങ്ങളുടെ നൂപുരധ്വനി ഉയര്‍ന്നു. ഉണ്ണി മുകുന്ദനെ കാണാനും കേള്‍ക്കാനും യുവത ഒഴുകിയെത്തി. വേദിയില്‍ സദസിന്റെ ആവശ്യപ്രകാരം അവതാരക ആകാംക്ഷയോടെ ചോദിച്ച ചോദ്യങ്ങള്‍ക്കും ഉണ്ണി മുകുന്ദന് മറുപടി നല്കി. അവതാരകയുടെ ആവശ്യപ്രകാരം അല്‍പ്പനേരം ഉണ്ണി മുകുന്ദന് നല്ലൊരു ഗായകനായി മാറി.
രാധ തന് പ്രേമത്തോടാണോ കൃഷ്ണാ… ഞാന്‍ പാടും ഗീതത്തോടാണോ…… എന്ന ഭക്തിഗാനം അതിന്റെ ഉള്കാമ്പ് ഒട്ടും ചോരാതെ ഉണ്ണി മുകുന്ദന് വേദിയില്‍ ആലപിച്ചു. ഉണ്ണി മുകുന്ദന്റെ സാന്നിധ്യം വലിയ ആവേശമാണ് സദസിന് പകര്ന്നുനല്കിയത്. മലയാള സിനിമയുടെ പുതിയ താരോദയത്തിന് സര്‍വ പിന്തുണയും നല്‍കിയാണ് തൊടുപുഴയിലെ കലാസ്വാദകര്‍ ഉണ്ണി മുകുന്ദനെ യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: