തൊടുപുഴ: ”ഞാനിവിടെ എത്തിയത് അവാര്‍ഡ് വാങ്ങാനോ കൊടുക്കാനോ അല്ല. സംഘാടകനായുമല്ല. ടി വി സീരിയല്‍ രംഗത്തെ ആദരിക്കുന്ന ജന്മഭൂക്ക് അഭിനന്ദനം അര്‍പ്പിക്കാന്‍ വേണ്ടി മാത്രമാണ്’. പ്രമുഖ സിനിമ- സീരിയല്‍ നിര്‍മ്മാതാവ് ഭാവചിത്ര ജയകുമാര്‍ ‘ദൃശ്യം’ താരനിശയില്‍ ഇതുപറയുമ്പോള്‍ നിറഞ്ഞ സദസ്സ് കയ്യടിച്ചു. തന്റേത് വെറും ഭംഗിവാക്കല്ലന്നും സന്തോഷത്തിന്റെ ആത്മാര്‍ത്ഥ പ്രകടനമായിരുന്നു എന്നും പിന്നീടുള്ള അദ്ദേഹത്തിന്റെ ഓരോ വാക്കുകളും തെളിയിച്ചു.
ഏറ്റവും വലിയ ജനകീയ കലയായി സീരിയല്‍ രംഗം നിലനില്‍ക്കുമ്പോഴും അവഗണനയും അവജ്ഞയും നേരിടുന്നതിന്റെ നേര്‍ചിത്രം ജയകുമാര്‍ വരച്ചിട്ടു.
‘കുട്ടികളുടേയോ പേരക്കുട്ടികളുടേയോ സാമീപ്യമില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന പ്രായം ചെന്നവരുടെ ആശ്രയവും ആഹഌദവുമാണ് ടെലിവിഷനില്‍ വരുന്ന സീരിയലുകള്‍. സീരിയിലെ കഥാപാത്രങ്ങളുടെ വാക്കുകളും തമാശകളും അവരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും ജനകീയ കലാരൂപമായി ടി വി സീരിയലുകള്‍ മാറിയിട്ടുണ്ട്. കോവിഡ് കാലത്ത് സിനിമ ഉള്‍പ്പെടെ എല്ലാ കലാപ്രവര്‍ത്തനവും നിലച്ചപ്പോള്‍ സീരിയലുകള്‍ മാത്രമാണ് പുത്തനോടെ കാഴ്ചക്കാരുടെ മുന്നിലെത്തിയത്. ആയിരക്കണക്കിന് കലാകാരന്മാരെ പട്ടിണിക്കിടാതെ രക്ഷിച്ചതും സീരിയല്‍ വ്യവസായമാണ്.
എന്നിട്ടും സിനിമാ പ്രവര്‍ത്തകരും സര്‍ക്കാരും രണ്ടാം കിടയായിട്ടാണ് സീരിയലുകളെ കാണുന്നത്. സീരിയല്‍ കഥ അയഥാര്‍ത്ഥ്യം എന്നു പറഞ്ഞാണ് കളിയാക്കല്‍. സിനിമയിലെ കഥകളെല്ലാ്ം യാഥാര്‍ത്ഥ്യമാണോ എന്നതാണ് മറുചോദ്യം’. ദേശീയ അവാര്‍ഡ് നേടിയ പെരുന്തച്ഛന്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള, കേരള ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറിയായ ജയകുമാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സീരിയലുകള്‍ക്ക് പേരിന് അവാര്‍ഡ് നല്‍കുന്നുണ്ടെങ്കിലും മനോഭാവം ശരിയല്ല. ഒരു ടിവി അവാര്‍ഡ് ദാനചടങ്ങില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പറഞ്ഞത്’, ജയകുമാറിനെപോലുള്ള മികച്ച നിര്‍മ്മാതാക്കള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് സീരിയലുകള്‍ നിവവാരത്തിലേക്ക് ഉയരുന്നില്ല എന്നാണ്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സീരിയലുകളായ കുങ്കുമപ്പൂവ്, പരസ്പരം, ച്ന്ദനമഴ, നീലക്കുയില്‍ അഗ്നിപുത്രി എന്നിവയുടെ ഒക്കെ നിര്‍മ്മാതാവായ ജയകുമാര്‍ പറഞ്ഞു.
‘സിനിമ അവാര്‍ഡ് ചടങ്ങിനോട് ഒപ്പം നില്‍ക്കുന്ന പരിപാടിയില്‍ സീരിയല്‍ കലാകാരന്മാര്‍ക്കും ആദരവ് നല്‍കുന്നു എന്നത് ചെറിയ കാര്യമല്ല. തുടര്‍ച്ചയായി അതു ചെയ്യുന്ന ജന്മഭൂമിയുടെ നടപടി അങ്ങേയറ്റം അഭിന്ദനാര്‍ഹമാണ്. ഇതിലൂടെ സീരിയല്‍ കലാകാരന്മാര്‍ക്ക് കിട്ടുന്ന പ്രചോദനം വളരെ വലുതാണ്. സീരിയല്‍ വ്യവസായത്തിന്റെ പ്രതിനിധി എന്ന നിലയില്‍ എനിക്കത് പറയാന്‍ സന്തോഷമുണ്ട്.’ കേരള ടെലിവിഷന്‍ ഫെര്‍ട്ടേണറ്റി ചെയര്‍മാനായിരുന്ന ഭാവചിത്ര ജയകുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: