ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യുണീക് ഐഡന്റിഫിക്കേഷണ്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ മറ്റാരുമായി പങ്കിടരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്കി.
ആധാറിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനത്തിനും കൈമാറരുത്. അത് ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത ഏറെയാണ്. അനിവാര്യമാണെങ്കില്‍ യുഐഡിഎഐയുടെ ഔദ്യോഗിക സൈറ്റായ https://myaadhaar.uidai.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആധാര്‍ നമ്പറിന്റെ അവസാനത്തെ നാലു അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന മാസ്ക് ചെയ്ത ആധാര്‍ പകര്‍പ്പ് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
യുഐഡിഎഐയില്‍നിന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിനായി ആധാര്‍ ഉപയോഗിക്കാനാകൂ. ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പുകള്‍ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും നിര്‍ദ്ദേശമുണ്ട്. ഏതെങ്കിലും ഒരു സ്വകാര്യസ്ഥാപനം നിങ്ങളുടെ ആധാര്‍ കാര്‍ഡ് കാണണമെന്നോ ഫോട്ടോകോപ്പിയോ ആവശ്യപ്പെടുകയാണെങ്കില് അവര്‍ക്ക് യുഐഡി.എഐയില്‍ നിന്നുള്ള അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്കി.
ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫേകളിലെ പൊതു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. നിലവിലുള്ള ഏത് ആധാര്‍ നമ്പറും https://myaadhaar.uidai.gov.in/verifyAadhaar എന്ന സൈറ്റില്‍ നിന്നും പരിശോധിക്കാം. ഓഫ്ലൈനായി പരിശോധിക്കാനാണെങ്കില്‍ മൊബൈലിലെ എംആധാര്‍ ആപ്പില്‍ ക്യൂ.ആര് കോഡ് സ്കാനര്‍ വഴിവഴി ഇ-ആധാര്‍ അല്ലെങ്കില്‍ ആധാര്‍ കത്ത് അല്ലെങ്കില്‍ ആധാര്‍ പി.വി.സികാര്‍ഡ് എന്നിവ സ്കാന്‍ ചെയ്താല്‍ മതിയാകുമെന്നും അതോറിറ്റി അറിയിച്ചു.
ആധാര്‍ പിവിസി കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം?
- uidai.gov.in എന്ന ലിങ്ക് എടുക്കുക
- ‘ഓര്‍ഡര്‍ ആധാര്‍ കാര്‍ഡ്’ എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ 12 അക്ക ആധാര്‍ കാര്‍ഡ് (UID) നമ്പര്‍ / 16 അക്ക വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ (VID) നമ്പര്‍/ 28 അക്ക ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ എന്നിവ നല്‍കുക.
- വെരിഫിക്കേഷന് നടത്തുക
- വണ്‍ ടൈം പാസ്സ്വേര്‍ഡ് ‘OTP’ ജനറേറ്റ് ചെയ്യുക
- ‘നിബന്ധനകളും വ്യവസ്ഥകളും’ അംഗീകരിക്കുക
- OTP നല്‍കുക
- പ്രിന്റിംഗിനായി ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ പരിശോധിക്കുക
- ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് വഴി 50 രൂപ (ജിഎസ്ടിയും തപാല്‍ ചാര്‍ജുകളും ഉള്‍പ്പെടെ) അടയ്ക്കുക.
- എസ്എംഎസായി സര്‍വീസ് റിക്വസ്റ്റ് നമ്പര്‍ ലഭിക്കും. കൂടാതെ സ്ക്രീനില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്ള രസീതും ലഭിക്കും.
- രസീത് ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: