രവികുമാര്‍ ചേരിയില്‍
തന്റെ അനുഭവങ്ങളും ചിന്തകളും ചിത്രങ്ങളിലൂടെ സമൂഹത്തോട് വിളിച്ചുപറയുകയാണ് അഭിലാഷ് ശിഖ. കൊല്ലം ജില്ലയില്‍ വെസ്റ്റ് കല്ലട ലക്ഷ്മിനിവാസില്‍ ഇപ്പോള്‍ താമസിക്കുന്ന അഭിലാഷ് ശിഖയ്ക്ക്വരകള്ക്ക് പ്രചോദനമാവുന്നത് കുടുംത്തിന്റെ സപ്പോര്‍ട്ട് ഒന്നു മാത്രമാണ്. ചിത്രരചനയില്‍ അഭിലാഷിന് വിഷയങ്ങളാവുന്നത് സമകാലിക സംഭവങ്ങളും ചുറ്റുപാടുകളും മറ്റുമാണ്. സമൂഹത്തില്‍ ചിത്രകലയെ സംബന്ധിച്ചുള്ള ബോധവല്ക്കരണകുറവും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ചിത്രകാരന്മാര് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നുവരുവാന്‍ സോഷ്യല്‍മീഡിയയും മറ്റും സഹായകമാവുന്നു. ആസ്വാദകരുടെ എണ്ണവും കൂടിയിട്ടുണ്ട്. പുതിയ തലമുറ വളരെ ഗൗരവമായി തന്നെയാണ് ചിത്രകലയെ വീക്ഷിക്കുന്നത്. ചിത്രകല പഠിക്കുവാനും മനസ്സിലാക്കുവാനും നിരവധി സംവിധാനങ്ങള്‍ ഇന്നുണ്ട്. പ്രത്യേകിച്ച് ഇന്റര്‍നെറ്റ് സോഷ്യല്‍മീഡിയ. തൊഴിലവസരങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്.
കേരളത്തില്‍ ചിത്രകലാകൃത്തുക്കള്ക്ക് വേണ്ട ശരിയായ പരിഗണന ഇനിയും ലഭിച്ചിട്ടില്ല. ഒരു ടിക്ടോക് താരത്തിന് ലഭിക്കുന്ന സ്വീകാര്യത പലപ്പോഴുംഏറെക്കാലത്തെ പഠനവും പ്രാക്ടീസുമുള്ള ചിത്രകാരന് ലഭിക്കുന്നില്ല എന്നതാണ് സത്യം. ചിത്രങ്ങള്‍ വിറ്റഴിക്കുക എന്നതാണ് ഓരോ ചിത്രകലാകൃത്തുക്കളും നേരിടുന്ന വലിയ പ്രതിസന്ധി. ചിത്രം വാങ്ങാന്‍ തയ്യാറായാല്‍ തന്നെയും അവര്‍ക്ക് ഏറ്റവും താഴ്ന്ന വിലയ്ക്ക് വേണം താനും. കലാകാരന്റെ അദ്ധ്വാനമോ ചെലവുകളോ പോലും പരിഗണനയില്‍ വരുന്നില്ല. ഓരോ ചിത്രവും പൂര്‍ത്തിയാകുന്നതിന്റെ പിന്നിലും വര്‍ഷങ്ങളുടെ നിരീക്ഷണവും പഠനവും പരിശ്രമവുംഉണ്ട് എന്ന് അഭിലാഷ് പറയുന്നു.
ആളുകള്‍ ലക്ഷങ്ങള്‍ മുടക്കി വീട്വെയ്ക്കും പക്ഷേ ഒരു പെയിന്റിങ് വിലകൊടുത്ത് വാങ്ങിവെയ്ക്കാറില്ല. അങ്ങനെ ഒരു സംസ്കാരം കേരളത്തില്‍ ഇല്ല. ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിട്ടുണ്ട് എന്നത് നല്ല സൂചനയാണ്.
കേരളത്തില്‍ ഇന്ന് കൂടുതല്‍ ആളുകളും രവിവര്‍മ്മ ചിത്രങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരുടെ ആസ്വാദനശീലം വളര്‍ന്നിട്ടില്ല. അത് അവരുടെമാത്രം കുറ്റമല്ല. അങ്ങനെ ഒരു സംവിധാനം നമുക്ക് ഇല്ല. അത്രതന്നെ. ഇപ്പോഴും ചിത്രകലയെ ഫോട്ടോഗ്രാഫിതലത്തില് കാണുന്നവര്‍ നിരവധിയാണ്. അതിനപ്പുറം വികസിച്ചതും പരിണമിച്ചതും അവര്‍ അിറയുന്നില്ല എന്നത് സങ്കടകരമാണ്.
ചിത്രകല പലരില്‍ നിന്നും പഠിച്ചിട്ടുണ്ടെങ്കിലും ഒരു അടിസ്ഥാനം കിട്ടിയത് കട്ടപ്പന സ്കൂള്‍ ഓഫ് ആര്‍ട്ട്സിലെ സാബുമാഷില് നിന്നാണ്. പലതും പ്രചോദനം ആയിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടുന്ന ഒരാളാണ് കേരള ചിത്രകലാ പരിഷത്തിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ് ബൈജു പുനുക്കെന്നൂര്.
അഭിലാഷ് ശിഖ ജനിച്ചതും വളര്‍ന്നതും ഇടുക്കിജില്ലയിലെ കട്ടപ്പനയിലാണ്. വിജയകുമാറാണ് പിതാവ്. മാതാവ് വാസന്തി. ഗീതാലക്ഷ്മിയാണ് ഭാര്യ. മകള്‍ ശിഖ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കട്ടപ്പന സ്കൂള്‍ ഓഫ്ആര്ട്സില് ചിത്രരചന പരിശീലിച്ചു. കേരളാ ചിത്രകലാ പരിഷത്തില്‍ അംഗമാണ്. കേരളചിത്രകലാ പരിഷത് സംഘടിപ്പിച്ച കൊല്ലം ജില്ലാ ക്യാമ്പിലും സംസ്ഥാന ക്യാമ്പിലും പങ്കെടുത്തു. എല്ലാവിധ വര്‍ക്കുകളും ചെയ്യുന്നുണ്ട്.
ചിത്ര പ്രദര്‍ശനം നടത്താന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും കൊവിഡ് പശ്ചാത്തലം കാരണം മാറ്റിവയ്ക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: