ആനക്കര: കൂടല്ലൂരില്‍ മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കല്ല് ഗുഹ കണ്ടെത്തി. കൂടല്ലൂര്‍ പട്ടിപ്പാറ റോഡില്‍ പറക്കുളം കുടിവെളള പദ്ധതിക്ക് പൈപ്പിടുന്നതിന് ജെസിബി ഉപയോഗിച്ച് ചാല്‍ കീറുന്നതിനിടയിലാണ് ഗുഹ കണ്ടെത്തിയത്. സമീപവാസികളായ ചിലരാണ് ഗുഹയില്‍ നിന്ന് മണ്‍പാത്രങ്ങള്‍ പുറത്തെടുത്തത്.
ചെങ്കല്ല് ഗുഹക്ക് രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് പട്ടാമ്പി സംസ്‌കൃത കോളേജിലെ ചരിത്ര വിഭാഗം തലവന്‍ പ്രൊഫ.രാജന്‍ പറഞ്ഞു. അര്‍ധഗോളാകൃതിയിലുള്ള ഗുഹയില്‍ രണ്ട് അറകളാണുളളത്. നാട്ടുകാര്‍ ആറോളം മണ്‍പാത്രങ്ങള്‍ ഗുഹയില്‍ നിന്നും പുറത്തെടുത്തു. നിരവധി മണ്‍പാത്രങ്ങള്‍ ഇനിയുമുണ്ടെന്നും ഇത് പരിശോധനക്ക് വിധേയമാക്കണമെന്നും രാജന്‍ പറഞ്ഞു.
ഒരാള്‍ക്ക് ഇരുന്നു പോകാന്‍ കഴിയുന്ന നീളമുളള ഗുഹയാണ് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചരിത്രകാരന്‍ ഡോ. രാജന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ ആനക്കരയില്‍ നടന്ന ഗവേഷണത്തില്‍ മഹാശിലായുഗകാലത്തിലെ വിവിധ ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണമാണ് ഇവിടെ നടത്തിയത്.
മഹാശിലായുഗ സംസ്‌കാരത്തിന്റെ അവശേഷിപ്പുകളാണ് വെട്ടുകല്‍ ഗുഹകള്‍. ഇത്തരത്തിലുളള ഗുഹകള്‍ നേരത്തെ തിരുനാവായക്ക് സമീപം കൊടക്കല്ലില്‍ കണ്ടെത്തിയിരുന്നു.
കടുപ്പമേറിയ ചെങ്കല്ല് വെട്ടി അര്‍ധഗോളാകൃതിയിലാക്കിയാണ് ഗുഹ നിര്‍മിച്ചിരിക്കുന്നത്. മഹാശിലായുഗ കാലഘട്ടത്തില്‍ മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങള്‍ മറവ് ചെയ്യാന്‍ ഉപയോഗിച്ചവയാകാമെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക