തിരുവനന്തപുരം: ശാസ്തമംഗലത്ത് സ്ത്രീയെ നടുറോഡില്‍ മര്‍ദിച്ച ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ശാസ്തമംഗലം സ്വദേശിയായ മിനിയെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. ബ്യൂട്ടിപാര്‍ലറിന് മുന്നില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന മരുതംകുഴി സ്വദേശിയായ ശോഭനയെയാണ് മിനി ആക്രമിച്ചത്. ഏഴ് വയസുള്ള മകളുടെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനം. അമ്മയെ തല്ലുന്നതുകണ്ട് പെണ്‍കുട്ടി നിലവിളിച്ചിട്ടും അതിക്രമം തുടര്‍ന്നു.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മീനയുടെ ബ്യൂട്ടിപാർലറിന് മുന്നിൽ നിന്ന് ശോഭന ഫോൺ വിളിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ശാസ്തമംഗലത്തെ കേരള ബാങ്ക് ശാഖയില്‍ മകളുമായി എത്തിയതായിരുന്നു ശോഭന. സമീപത്തെ ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചു. കടയുടെ മുമ്പില്‍ നിന്നു ഫോണില്‍ സംസാരിക്കുന്നത് മിനി വിലക്കി. ഇത് ചോദ്യംചെയ്ത ശോഭനയെ കരണത്തടിച്ച് വീഴ്‌ത്തി. മകള്‍ ഇതുകണ്ട് കരഞ്ഞു നിലവിളിച്ചിട്ടും അടി നിറുത്തിയില്ല. കാലില്‍ കിടന്ന ചെരുപ്പ് ഊരിയും അടിച്ചു.
ആളുകള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ശേഷമാണ് മിനി പിന്തിരിഞ്ഞത്. പാര്‍ലര്‍ ഉടമയ്‌ക്കൊപ്പം വന്ന യുവാവ് ദൃശ്യം പകര്‍ത്തിയ ആളെ കൈയേറ്റം ചെയ്യുകയും ശോഭനയെ പിടിച്ചുതള്ളുകയും ചെയ്തു. മര്‍ദ്ദനത്തിനിടെ തന്റെ കൈയിലിരുന്ന വള പിടിച്ചുവാങ്ങാനും മര്‍ദ്ദിച്ച സ്ത്രീ ശ്രമിച്ചതായി ശോഭന നല്‍കിയ പരാതിയില്‍ പറയുന്നു.
ശോഭനയുടെ പരാതിയില്‍ ആദ്യം ഉഴപ്പിയ മ്യൂസിയം പോലീസ്, സംഭവത്തിന്റെ ദൃശ്യം സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനൊടുവിലാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: