തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പുലർച്ചെ കസവു മുണ്ടുടുത്ത് ഓടി നടക്കുന്ന കുസൃതിക്കുട്ടൻ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ ജനശ്രദ്ധ നേടിയത്. സംസാര ശേഷിയില്ലാതിരുന്ന കണ്ണൻ എന്ന മൂന്നര വയസുകാരന് ഗുരുവായൂരപ്പന്റെ കൃപയാൽ സംസാരശേഷി കിട്ടിയ ശേഷം വഴിപാടായ കൃഷ്ണനാട്ടം നടത്തിയ ശേഷം ക്ഷേത്രനടയിലൂടെ കുസൃതി കാണിച്ചോടുന്നതായിരുന്നു വീഡിയോയിൽ. വീഡിയോ വന്നതു മുതൽ കുട്ടിയെ പറ്റി പലരും തിരക്കിയിരുന്നു. ഒടുവിലാണ് കണ്ണനെന്ന ബാലന്റെ ജീവിതം മാറ്റിമറിച്ച ഗുരുവായൂപ്പന്റെ അനുഗ്രഹ വർഷം പുറംലോകം അറിയുന്നത്.
പ്രസാദ കൗണ്ടറിനു സമീപത്ത് നിന്ന് കുട്ടിക്കുറുമ്പു കാട്ടി കസവു മുണ്ടുടുത്ത് പടിഞ്ഞാറെ നടയിലൂടെ രാത്രിയിൽ നടന്നു നീങ്ങുന്നതാണ് വീഡിയോ. കോഴിക്കോട് ചേമഞ്ചേരി സ്വദേശികളായ മാരമ്പത്ത് വീട്ടിൽ ജ്യൂമിഷ് – ബ്യൂല ദമ്പതികളുടെ മകനാണ് മൂന്നര വയസുകാരനായ വാഗ്മിൻ ജെബി ഇവ്യാവൻ എന്ന കണ്ണൻ. ഇവർ ദുബായിലാണ് താമസം. അവിടെ ഷിപ്പിങ്ങ് കമ്പനി മാനേജരാണ് ജ്യൂമിഷ്. ബ്യൂല ക്ലിനിക്കൽ ഫാർമസിസ്റ്റാണ്. കണ്ണന് സംസാരശേഷിയില്ലായിരുന്നു. നിരവധി വിദഗ്ധ ഡോക്ടർമാരെ സമീപിച്ചെങ്കിലും പ്രതീക്ഷക്ക് വകയില്ലെന്ന് എല്ലാവരും വിധിയെഴുതി.
രോഗശാന്തിക്കായി ഗുരുവായൂരപ്പന്റെ ഇഷ്ട വഴിപാടായ കൃഷ്ണനാട്ടം നടത്താൻ കണ്ണന്റെ അമ്മ ബ്യൂല ആലോചിക്കുന്നത് ഏകദേശം പത്ത് മാസത്തോളം മുൻപാണ്. തുടർന്ന് ഗുരുവായൂരിലെ കൃഷ്ണനാട്ടം കലാകാരനായ പ്രശാന്തുമായി ബന്ധപ്പെട്ടു. തീർച്ചയായും രോഗശാന്തി ലഭിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ കൃഷ്ണനാട്ടം ഓൺലൈൻ ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നാട്ടിലെത്തുമ്പോൾ കൃഷ്ണനാട്ടം വഴിപാട് നടത്താമെന്ന് മനമുരുകി പ്രാർത്ഥിച്ച കുടുംബത്തിന്റെ പ്രാർത്ഥനയിൽ ഫലമുണ്ടായി. കൃത്യം മൂന്നാമത്തെയാഴ്‌ച്ച കണ്ണൻ ” അമ്മേ ” എന്ന് വിളിച്ചുവെന്ന് കുടുംബം ജന്മഭൂമിയോട് പറഞ്ഞു.
തങ്ങളുടെ പൊന്നോമന മകന് സംസാരശേഷി തന്ന ഭഗവാനെ നേരിൽ കണ്ട് നന്ദി പറഞ്ഞ് കൺകുളിർക്കെ കണ്ടു തൊഴാനും കൃഷ്ണനാട്ടം വഴിപാടു നടത്താനുമായാണ് കണ്ണനുമൊത്ത് കുടുംബം മാർച്ച് അവസാനം ഗുരുവായൂരിലെത്തുന്നത്. കാളിയമർദ്ദനം കഥ കൃഷ്ണനാട്ടം നടത്തിയ ശേഷം പുലർച്ചെ രണ്ടു മണിയോടെ ആളൊഴിഞ്ഞ സമയത്ത് കണ്ണൻ സാക്ഷാൽ ഉണ്ണിക്കണ്ണന്റെ നടയിലൂടെ കുസൃതി കാട്ടി ഓടിനടക്കുന്നത് ക്യാമറയിൽ പകർത്തിയത് അച്ചൻ ജ്യൂമിഷാണ്. ഈ കഴിഞ്ഞ ദിവസമാണ് വൈറലായത്. വീഡിയോ കണ്ടവർക്കെല്ലാം സാക്ഷാൽ ഉണ്ണിക്കണ്ണനെ നേരിട്ട് കണ്ട പ്രതീതിയുണർത്തി. ദുബായിൽ നഴ്സറിയിൽ കൂട്ടുകാരോടൊപ്പം കളിച്ചും പാട്ടുപാടിയും രസിച്ചു നടക്കുകയാണ് കണ്ണനിപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: